30 Oct 2023 4:09 AM GMT
Summary
- ഓഹരിയാക്കി മാറ്റാവുന്ന വാറന്റുകള്‍ നല്‍കിയിട്ടുള്ള ലിസ്റ്റഡ് കമ്പനികള്‍ അതിന്റെ വിശദാംശങ്ങള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ അടുത്ത മൂന്നുമാസത്തിനകം അറിയിക്കണം.
- നാലു കോടി രൂപ മൂലധനവും 40 കോടി രൂപ വിറ്റുവരവും വരെയുള്ള കമ്പനികളെ ഓഹരികള്‍ ഡീമാറ്റ് രൂപത്തിലാക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ലിസ്റ്റ് ചെയ്യാത്ത വലിയ കമ്പനികള്‍, വലിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവ അവയുടെ ഓഹരി നല്‍കുന്നത് ഡീമാറ്റ് രൂപത്തിലായിരിക്കണമെന്നു കമ്പനികാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. 2024 സെപ്റ്റംബര്‍ വരെ ഇതിന് ഗവണ്‍മെന്റ് സമയം അനുവദിച്ചിട്ടുണ്ട്.
2013-ലെ കമ്പനി നിയമം നിലവില്‍ വരുന്നതിനു മുമ്പ് ഓഹരിയാക്കി മാറ്റാവുന്ന വാറന്റുകള്‍ നല്‍കിയിട്ടുള്ള ലിസ്റ്റഡ് കമ്പനികള്‍ അതിന്റെ വിശദാംശങ്ങള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ അടുത്ത മൂന്നുമാസത്തിനകം അറിയിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം വാറന്റുകള്‍ അടുത്ത ആറുമാസത്തിനകം തിരികെ നല്‍കി ഓഹരിയാക്കി മാറ്റണമെന്നു വാറന്റ് ഉടമകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മന്ത്രാലയത്തിന്റെ നീക്കം ധനകാര്യവിപണിയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നാലു കോടി രൂപ മൂലധനവും 40 കോടി രൂപ വിറ്റുവരവും വരെയുള്ള കമ്പനികളെ ഓഹരികള്‍ ഡീമാറ്റ് രൂപത്തിലാക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വലിയ കമ്പനികള്‍ 2024 സെപ്റ്റംബറിനുശേഷമുള്ള ഇടപാടുകള്‍ക്ക് ഡീമാറ്റ് ഓഹരികളെ ഉപയോഗിക്കാവൂ. അതായത് അത്തരം ഇടപാടുകള്‍ നടത്തുന്നതിനു മുമ്പ് ഓഹരികള്‍ ഡീമാറ്റ് ചെയ്തിരിക്കണം. പ്രൈവറ്റ് പ്ലേസ്മെന്റ്, ബോണസ് ഓഹരികള്‍, അവകാശ ഓഹരികള്‍ തുടങ്ങി എല്ലാ ഇടപാടുകള്‍ക്കും ഇതു ബാധകമായിരിക്കും.