22 May 2023 1:00 PM
കെനിയന്‍ എണ്ണപ്പാടം ; ഓഹരികള്‍ക്കായി നീക്കം തുടങ്ങി ഓഎന്‍ജിസിയും ഓയില്‍ ഇന്ത്യയും
MyFin Desk
Summary
- മത്സരിക്കാന്‍ സിനോപെക്കും
- പ്രതിവര്‍ഷം ആറ് ദശലക്ഷം ടണ്‍
- 3.4 ബില്യണ്‍ ഡോളര്‍
കെനിയയില്‍ 3.4 ബില്യണ്‍ യുഎസ് ഡോളറിന്റെ പ്രൊജക്ടിന്റെ അമ്പത് ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ ഓഎന്‍ജിസിയും ഓയില്‍ ഇന്ത്യയും. ഇന്ത്യയുടെ വിദേശ ഓയില്‍ കമ്പനി ഒഎന്‍ജിസി വിദേശും ഓയില്‍ ഇന്ത്യാ ലിമിറ്റഡുമാണ് ഈ പ്രൊജക്ടിനായി സഹകരിക്കുന്നത്. പ്രൊജക്ടില്‍ ഇന്ത്യന്‍ ഓയില്‍ ലിമിറ്റഡിന് താല്‍പ്പര്യമില്ലാത്തതിനെ തുടര്‍ന്ന് ഇവരെ മാറ്റിയാണ് ഓഎന്‍ജിസി ഓഐഎല്ലുമായി സഹകരിക്കുന്നത്.
ടുള്ളോ ഓയില്‍ പിഎല്‍സിയുെട 3.4 ബില്യണ്‍ ഡോളറിന്റെ പ്രൊജക്ടാണിത്. എന്നാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ കനത്ത മത്സരവുമായി ചൈനീസ് എനര്‍ജി ഭീമന്‍ സിനോപെക്കും രംഗത്തുണ്ട്. കരാര്‍ അന്തിമമാക്കുന്നതിലെ ഇന്ത്യന്‍ കമ്പനികളുടെ കാലതാമസം മുതലെടുത്താണ് സിനോപെക്കും രംഗത്തെത്തിയിരിക്കുന്നത്.
കെനിയയിലെ ലോകിച്ചാര്‍ എണ്ണപ്പാടത്തിന്റെ നടത്തിപ്പുകാരാണ് ടുള്ളോ . ഇവര്‍ക്കാണ് അമ്പത് ശതമാനം ഓഹരികളുള്ളത്. ബാക്കി 25 ശതമാനം വീതം ആഫ്രിക്ക ഓയില്‍ കോര്‍പ്പറേഷനും ടോട്ടല്‍ എനര്‍ജീസ് എസ്ഇയുമാണ് . ഈ മൂന്ന് പേരും അവരുടെ പകുതി ഓഹരികള്‍ വീതം ഇന്ത്യന്‍ കമ്പനികള്‍ക്ക് വില്‍ക്കാനാണ് തീരുമാനം. ഈ പ്രൊപ്പോസലിന് ടുള്ളോ അംഗീകാരം നല്‍കുകയും ചെയ്തു. എന്നാല്‍ ഓയില്‍ വില്‍പ്പനയിലെ വലിയ നഷ്ടത്തെ തുടര്‍ന്ന് ഐഓസി നിലവിലെ കരാറില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിന് പകരമായാണ് ഓഎന്‍ജിസി വിദേശ് ഓയില്‍ ഇന്ത്യയുമായി ചേര്‍ന്ന് ഓഹരികള്‍ വാങ്ങാന്‍ നീക്കം നടത്തിയത്. ഇതേതുടര്‍ന്ന് കെനിയന്‍ മന്ത്രാലയ പ്രതിനിധികള്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തു. അപ്പോഴാണ് ഇന്ത്യന്‍ പ്രതിനിധികള്‍ ഐഓസിക്ക് പകരം ഓയില്‍ ഇന്ത്യാ ലിമിറ്റഡുമായി ചേര്‍ന്ന് കരാര്‍ മുന്നോട്ട് പോകാന്‍ സന്നദ്ധമാണെന്ന് അറിയിച്ചത്. ഇതിനിടെ കരാര്‍ അന്തിമമാകുന്നത് വൈകുന്ന സാഹചര്യം മുതലെടുക്കാന്‍ ചൈനീസ് കമ്പനി സിനോപെക് രംഗത്തെത്തി.
ടുള്ളോയുടെ മേധാവി ഇന്ത്യന്‍ വംശജനായ രാഹുല്‍ ധിര്‍ ആണ്. അദ്ദേഹം ഇന്ത്യന്‍ കമ്പനികളുമായുള്ള സഹകരണത്തിനാണ് ഇതുവരെ മുന്‍തൂക്കം നല്‍കിയത്. നേരത്തെ രാജസ്ഥാനിലെ എണ്ണപ്പാടങ്ങളുടെ തലപ്പത്ത് ഉണ്ടായിരുന്നു ഇദ്ദേഹം. രണ്ട് പദ്ധതികളുടെയും സാമ്യത ഇന്ത്യന്‍കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കാരണമായി പലരും ചൂണ്ടിക്കാട്ടുന്നു. കെനിയയിലെ ദക്ഷിണ ലോകിച്ചാര്‍ എണ്ണപ്പാടങ്ങള്‍ പ്രതിവര്‍ഷം ആറ് ദശലക്ഷം ടണ്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.