28 Feb 2024 10:38 AM GMT
Summary
- ഇലക്ട്രിക് വാഹന വിപണിയിലായിരിക്കും സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുക
- ഇവി, ബാറ്ററി നിര്‍മാണ പദ്ധതിക്കായി ഒഡീഷ സര്‍ക്കാരുമായും ജെഎസ്ഡബ്ല്യു ഗ്രൂപ്പ് അടുത്തിടെ കരാര്‍ ഒപ്പുവച്ചു
- എംജി മോട്ടോറുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്
സജ്ജന്‍ ജിന്‍ഡാലിന്റെ ജെഎസ്ഡബ്ല്യു ഗ്രൂപ്പും ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ് വാഗനും തമ്മിലുള്ള സംയുക്ത സംരംഭം തുല്യ പങ്കാളിത്തത്തിലുള്ളതായിരിക്കുമെന്ന് റിപ്പോര്‍ട്ട്.
വളര്‍ന്നു വരുന്ന ഇലക്ട്രിക് വാഹന (ഇവി) വിപണിയിലായിരിക്കും സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുക. വളര്‍ന്നു വരുന്ന ഇവി വിപണിയില്‍ ചുവടുറപ്പിക്കാനാണു ജെഎസ്ഡബ്ല്യു തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മികച്ച ഓട്ടോ കമ്പനികളുമായി പങ്കാളിത്തത്തിന് ശ്രമിക്കുകയാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പ്.
ഇന്ത്യന്‍ വിപണിയില്‍ ഇവികള്‍ വികസിപ്പിക്കുന്നതിനായി ചൈനയുടെ എസ്എഐസി മോട്ടോറിന്റെ ഉടമസ്ഥതയിലുള്ള എംജി മോട്ടോറുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിവരികയാണ്.
എംജി മോട്ടോറുമായുള്ള സംയുക്ത സംരംഭത്തിന്റെ സാമ്പത്തികവിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ജെഎസ്ഡബ്ല്യുവിന് അതില്‍ 35 ശതമാനം ഓഹരിയുണ്ടാകുമെന്ന് ഇരു കമ്പനികളും അറിയിച്ചു.
40,000 കോടി രൂപ മുതല്‍മുടക്കില്‍ കട്ടക്കിലും പാരദീപിലും ഒരു സംയോജിത ഇവി, ബാറ്ററി നിര്‍മാണ പദ്ധതിക്കായി ഒഡീഷ സര്‍ക്കാരുമായും ജെഎസ്ഡബ്ല്യു ഗ്രൂപ്പ് അടുത്തിടെ കരാര്‍ ഒപ്പുവച്ചിരുന്നു.