15 March 2023 4:06 PM IST
Summary
- ടെക്ക് ഭീമനായ മൈക്രോസോഫ്റ്റ് വിഷ്വല്‍ ചാറ്റ് ജിപിറ്റി അവതരിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.
ടോക്കിയോ: സമസ്ത മേഖലയിലും കമ്പ്യൂട്ടര്‍വത്ക്കരണം വന്നിട്ട് കുറഞ്ഞത് 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. തൊഴില്‍ മേഖലയിലടക്കം ഇത് അടിമുടി മാറ്റം സൃഷ്ടിച്ചപ്പോള്‍ തൊഴില്‍ ദാതാക്കള്‍ ജോലിയ്ക്ക് വരുന്നവരോട് ഒരു കാര്യം പറഞ്ഞു , 'കമ്പ്യൂട്ടര്‍ അറിഞ്ഞിരിക്കണം'. എന്നാലിപ്പോള്‍ ജീവനക്കാരോട് ചാറ്റ് ജിപിറ്റി അറിഞ്ഞിരിക്കണമെന്ന് ആവശ്യപ്പെടുകയാണ് ചില ന്യൂ ജെന്‍ ടെക്ക് കമ്പനികള്‍.
ജപ്പാനിലെ ടോക്കിയോയിലുള്ള ലെയര്‍ എക്‌സ് എന്ന കമ്പനിയാണ് ജോലിയ്ക്ക് വരുന്നവര്‍ക്കിടയില്‍ ചാറ്റ് ജിപിറ്റിയിലുള്ള പ്രാവീണ്യം അറിയാന്‍ ശ്രമിക്കുന്നത്. മാത്രമല്ല അവരുടെ കഴിവുകള്‍ ചാറ്റ് ജിപിറ്റി ഉപയോഗിച്ച് അളക്കാന്‍ ശ്രമിക്കുമെന്ന് കമ്പനി അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ മിക്ക് സ്റ്റാര്‍ട്ടപ്പുകളും ഇപ്പോള്‍ ചാറ്റ് ജിപിറ്റി ഉപയോഗിക്കുന്നുണ്ട്.
ടെക്ക് ഭീമനായ മൈക്രോസോഫ്റ്റ് വിഷ്വല്‍ ചാറ്റ് ജിപിറ്റി അവതരിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. കണ്‍ട്രോള്‍ നെറ്റ്, ട്രാന്‍സ്ഫോമേഴ്സ്, സ്റ്റേബിള്‍ ഡിഫ്യൂഷന്‍ തുടങ്ങിയ ഉള്‍പ്പടെയുള്ള വിഷ്വല്‍ ഫൗണ്ടേഷന്‍ മോഡലുകളുടെ സഹായത്തോടെയാണ് പുത്തന്‍ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇതുവരെ ടെക്സറ്റായിരുന്നു ചാറ്റ് ജിപിറ്റി തിരിച്ചറിഞ്ഞിരുത്തതെങ്കില്‍ ഇനി മുതല്‍ ചിത്രങ്ങളും സാധിക്കുമെന്ന് ചുരുക്കം. നിലവില്‍ ഇത് ട്രയല്‍ രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
ഓപ്പണ്‍ എഐയുടെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ജിപിറ്റി 4 വരുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ വീഡിയോ വരെ നിര്‍മ്മിച്ച് തരുന്ന വേര്‍ഷനാകും ഇതെന്ന് ഏതാനും ദിവസം മുന്‍പ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജര്‍മ്മനിയില്‍ നടക്കുന്ന എഐ ഇന്‍ ഫോക്കസ് ഡിജിറ്റല്‍ കിക്കോഫ് എന്ന പരിപാടിയിലാകും ചാറ്റ് ജിപിറ്റിയുടെ പുതിയ വേര്‍ഷന്‍ അവതരിപ്പിക്കുക. നിലവിലുള്ള ചാറ്റ് ജിപിറ്റി 3.5 വേര്‍ഷനേക്കാള്‍ മികച്ചതാകും ഇതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
ഓപ്പണ്‍ എഐ ചാറ്റ്ബോട്ട് തരംഗം സൃഷ്ടിച്ച് ദിവസങ്ങള്‍ക്കകം സമാനമായ ടെക്നോളജിയില്‍ എതിരാളി സോഫ്റ്റ് വെയര്‍ ഗൂഗിള്‍ ഇറക്കിയിരുന്നു. ഗൂഗിളിന്റെ എഐ അധിഷ്ഠിത പ്ലാറ്റ്ഫോമിന് ബാര്‍ഡ് എന്നാണ് പേര്. നിലവില്‍ ഇത് പബ്ലിക്ക് ടെസ്റ്റിംഗിന് ലഭ്യമാകുമെന്നും പരീക്ഷണഘട്ടത്തിലാണ് ഇതുള്ളതെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയിരുന്നു. ഗൂഗിളിന്റെ തന്നെ ലാംഡ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ചാറ്റ്ബോട്ട് എന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.