2 Oct 2023 9:55 AM GMT
Summary
- ഒക്ടോബര്‍ 11 മുതല്‍ ഐടി കമ്പനികളുടെ പാദഫലങ്ങള്‍ പുറത്തു വന്നു തുടങ്ങും.
സെപ്റ്റംബര്‍ 30 ന് അവസാനിച്ച 2023-24 ലെ രണ്ടാംപാദ ഫലങ്ങള്‍ക്കായാണ് വിപണി ഇനി കാത്തിരിക്കുന്നത്. ഒക്ടോബര്‍ 11 മുതല്‍ ഐടി കമ്പനികളുടെ പാദഫലങ്ങള്‍ പുറത്തു വന്നു തുടങ്ങും. രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ ടിസിഎസിന്റെ 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ ഫലങ്ങള്‍ ഒക്ടോബര്‍ 11 ന് പ്രഖ്യാപിക്കും. സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തിലെ ഇടക്കാല ലാഭവിഹിതം ഒക്ടോബര്‍ 19 നും പ്രഖ്യാപിക്കും. ആ ദിവസമോ അല്ലെങ്കില്‍ അതിന് ഒരു ദിവസം മുമ്പോ ടിസിഎസ് ഓഹരികള്‍ എക്‌സ് ഡിവിഡന്റ് വ്യാപാരം നടത്താന്‍ സാധ്യതയുണ്ട്.
മറ്റ് ഐടി കമ്പനികള്‍ ബിഎസ്ഇല്‍ സമര്‍പ്പിച്ചിരിക്കുന്ന ഫയലിംഗ് പ്രകാരം ഇന്‍ഫോസിസിന്റെ രണ്ടാംപാദ ഫലങ്ങള്‍ ഒക്ടോബര്‍ 12 ന് പ്രഖ്യാപിക്കും. ഒക്ടോബര്‍ 12 നു തന്നെയാണ് എച്ച്‌സിഎല്‍ ടെക്‌നോളജി ഫലങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഒക്ടോബര്‍ 18 ന് വിപ്രോയുടെ രണ്ടാം പാദ ഫലങ്ങള്‍ പുറത്തു വരും. ടെക് മഹീന്ദ്രയുടേത് ഒക്ടോബര്‍ 25 നാണ് പ്രഖ്യാപിക്കുന്നത്. എല്‍ ആന്‍ഡ് ഡി ഇന്‍ഫോടെക്കിന്റെ ഫലങ്ങള്‍ ഒക്ടോബര്‍ 17 നാണ് പ്രഖ്യാപിക്കുന്നത്. എല്‍ടിഐമൈന്‍ഡ്ട്രീയുടേത് ഒക്ടോബര്‍ 18 നാണ് പുറത്തുവരുന്നത്.
ജൂണില്‍ അവസാനിച്ച പാദത്തില്‍ 11,074 കോടി രൂപ അറ്റാദായം നേടിയ കമ്പനി 16.83 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ടിസിഎസ് ഓഹരി ഉടമകള്‍ക്ക് ഒരു രൂപ വീതം മുഖവിലയുള്ള ഒരു ഓഹരിക്ക് ഒമ്പത് രൂപയാണ് ഇടക്കാല ലാഭവിഹിതമായി പ്രഖ്യാപിച്ചത്. കമ്പനിയുടെ അംഗങ്ങളുടെ രജിസ്റ്ററിലോ ഡെപ്പോസിറ്ററികളുടെ രേഖകളിലോ ഓഹരി ഉടമകളായി പേരുള്ള കമ്പനിയുടെ ഓഹരിയുടമകള്‍ക്കാണ് ഇടക്കാല ലാഭവിഹിതം ലഭിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
വെള്ളിയാഴ്ച ടിസിഎസ് ഓഹരികള്‍ ബിഎസ്ഇയില്‍ ഒരു ഓഹരിക്ക് 3,530.75 രൂപയിലും എന്‍എസ്ഇയില്‍ 3,525 രൂപയിലുമാണ് വ്യാപാരം നടത്തിയത്. സെപ്റ്റംബര്‍ അവസാന വാരത്തില്‍ 197 കോടി രൂപയുടെ അഞ്ച് ബ്ലോക്ക് ഇടപാടുകള്‍ക്ക് ടിസിഎസ് സാക്ഷ്യം വഹിച്ചിരുന്നു.