19 Jan 2023 4:55 AM GMT
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ നികുതി കിഴിച്ചുള്ള ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 68.71 ശതമാനം വര്‍ധിച്ച് 1,959.20 കോടി രൂപയായി. മുന്‍ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ ഇത് 1,161.27 കോടി രൂപയായിരുന്നു. തൊട്ടു മുന്‍പുള്ള സെപ്റ്റംബര്‍ പാദത്തില്‍ 1,786.72 കോടി രൂപയായിരുന്നു നികുതി കിഴിച്ചുള്ള ലാഭം. 9.65 ശതമാനത്തിന്റെ വര്‍ധനവാണ് ഉള്ളത്.
ബാങ്കിന്റെ അറ്റ പലിശ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 3,793.57 കോടി രൂപയില്‍ നിന്നും 18.5 ശതമാനം വര്‍ധിച്ച് 4,495.34 കോടി രൂപയായി. തൊട്ടു മുന്‍പുള്ള പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 4,302.05 കോടി രൂപയില്‍ നിന്നും 4.5 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. അറ്റ പലിശ മാര്‍ജിന്‍ 4.27 ശതമാനമായി. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 4.10 ശതമാനവും, നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 4.24 ശതമാനവുമായിരുന്നു.
കിട്ടാക്കടം പോലുള്ള അടിയന്തരാവസ്ഥക്കായി മാറ്റിവെക്കുന്ന തുക വാര്‍ഷികാടിസ്ഥാനത്തിലും പാദടിസ്ഥാനത്തിലും കുറഞ്ഞു. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 1,654.20 കോടി രൂപയില്‍ നിന്നും 35.63 ശതമാനം കുറഞ്ഞ് 1,064.73 കോടി രൂപയായി. സെപ്റ്റംബര്‍ പാദത്തില്‍ ഉണ്ടായിരുന്ന 1,141.06 കോടി രൂപയില്‍ നിന്നും 6.69 ശതമാനം കുറവാണുണ്ടായത്.
ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 2.06 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2.48 ശതമാനവും, തൊട്ടു മുന്‍പുള്ള പാദത്തില്‍ 2.11 ശതമാനവുമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി 0.62 ശതമാനമായി. മുന്‍ വര്‍ഷം മൂന്നാം പാദത്തില്‍ 0.71 ശതമാനവും, സെപ്റ്റംബര്‍ പാദത്തില്‍ 0.61 ശതമാനവുമായിരുന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ മൂന്നാം പാദത്തിലുണ്ടായിരുന്ന 5,779.27 കോടി രൂപയില്‍ നിന്നും 5,710.78 കോടി രൂപയായി. എന്നാല്‍ സെപ്റ്റംബര്‍ പാദത്തില്‍ 5,567.12 കോടി രൂപയായിരുന്നു.
ബാങ്കിന്റെ അറ്റ വായ്പ വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനവും പാദടിസ്ഥാനത്തില്‍ 5 ശതമാനവും വര്‍ധിച്ച് 2,71,966 കോടി രൂപയായി. നിക്ഷേപം വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനവും, പാദടിസ്ഥാനത്തില്‍ 3 ശതമാനവും ഉയര്‍ന്ന് 3,25,491 കോടി രൂപയായി. ചെറുകിട ബിസിനസ്സ്, റീട്ടെയില്‍ നിക്ഷേപകര്‍ എന്നിവരില്‍ നിന്നുള്ള നിക്ഷേപം 1,37,968 കോടി രൂപയായി. സെപ്റ്റംബര്‍ പാദത്തില്‍ ഇത് 1,29,990 കോടി രൂപയായിരുന്നു. കാസ (കറന്റ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട്) സെപ്റ്റംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 42.4 ശതമാനത്തില്‍ നിന്ന് 42 ശതമാനമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 42.2 ശതമാനമായിരുന്നു.