24 Jan 2023 5:41 AM GMT
യുഎസിലെ ഇന്ത്യന്‍ ടെക്കികള്‍ക്ക് 'വിസാ കുരുക്കും' തലവേദന, ലേ ഓഫ് വ്യക്തമാക്കി സ്‌പോട്ടിഫൈയും
MyFin Desk
ആഗോളതലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ യുഎസിലുള്ള ഇന്ത്യന്‍ ടെക്കികളേയും ഇത് സാരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ ഏകദേശം 2 ലക്ഷം ഐടി ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഇതില്‍ ഏകദേശം 60,000ന് അടുത്ത് ഇന്ത്യന്‍ ടെക്കികളാണ്.
അമേരിക്കയില്‍ ജോലി ചെയ്യുന്നതിനും താമസത്തിനും അനുമതി നല്‍കുന്ന എച്ച് വണ്‍ വി വിസയിലാണ് ഭൂരിപക്ഷം ഇന്ത്യക്കാരും അവിടെ തുടരുന്നത്. എന്നാല്‍ തൊഴില്‍ നഷ്ടമായാല്‍ 60 ദിവസത്തിനകം മറ്റൊരു തൊഴിലില്‍ പ്രവേശിക്കണം. അല്ലാത്ത പക്ഷം ഇന്ത്യയില്‍ തിരിച്ചെത്തി വിസ സ്റ്റാറ്റസ് മാറ്റുന്നതിന് അപേക്ഷ നല്‍കി കാത്തിരിക്കണം. നിലവിലെ സാഹചര്യം കണക്കാക്കിയാല്‍ ഇതിന് വളരെയധികം കാലതാമസമുണ്ട്.
ടെക്ക് മേഖലയ്ക്ക് പുറമേ ഓട്ടോമൊബൈല്‍ മേഖലയിലും കൂട്ടപ്പിരിച്ചുവിടല്‍ നടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് ആഗോളതലത്തില്‍ 3,200 പേരെ പിരിച്ചുവിടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇത് ഏറ്റവുമധികം ബാധിക്കുക കമ്പനിയുടെ യൂറോപ്പ് മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ്.
നിര്‍മ്മാണ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരില്‍ 2,500 പേരെയും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഏകദേശം 700 പേരെയും പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. വരും ദിവസങ്ങളില്‍ തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സൂചന.
കൂട്ടപ്പിരിച്ചുവിടല്‍ നടത്തുമെന്ന് മ്യൂസിക്ക് സ്ട്രീമിംഗ് ആപ്പായ സ്‌പോട്ടിഫൈ അറിയിച്ചതിന് പിന്നാലെ തൊഴില്‍ നഷ്ടമാകുന്ന ജീവനക്കാരുടെ എണ്ണം 600 ആയേക്കുമെന്ന് റിപ്പോര്‍ട്ട്. ആകെ 6 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.
കമ്പനിയ്ക്ക് ഏകദേശം 9,800 ജീവനക്കാരാണ് നിലവിലുള്ളത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ മുതല്‍ കമ്പനിയ്കള്‍ക്കിടയിലെ മത്സരം വരെ വരുമാനത്തെ ബാധിച്ചുവെന്ന് കമ്പനി അധികൃതര്‍ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ കമ്പനിയുടെ തന്നെ ജിംലെറ്റ് മീഡിയ ആന്‍ഡ് പാര്‍കാസ്റ്റ് പോഡ്കാസ്റ്റ് സ്റ്റുഡിയോയില്‍ നിന്നും 38 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ജോലി നഷ്ടമാകുന്നവരുടെ എണ്ണം ഇതിലും വര്‍ധിക്കുമെന്നാണ് സൂചന.