28 July 2023 5:33 AM
Summary
- പ്രീമിയം അക്കൗണ്ട് നാലു ഡിവൈസുകളില്‍ മാത്രം
- വില കുറഞ്ഞ പ്ലാനുകളില്‍ രണ്ട് ഡിവൈസ് മാത്രം
- നിലവില്‍ 10 ഡിവൈസുകളില്‍ വരെ ലോഗിന്‍ അനുവദിക്കുന്നു
നെറ്റ്ഫ്ളിക്സിനു പിന്നാലെ അക്കൗണ്ടുകളുടെ പാസ്‍വേഡുകള്‍ പങ്കുവെക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി ഡിസ്‍നിപ്ലസ് ഹോട്ട്സ്റ്റാറും. തങ്ങളുടെ പ്രീമിയം ഉപഭോക്താക്കളുടെ അക്കൗണ്ട് ഒരേ സമയം നാലു ഡിവൈസുകളില്‍ മാത്രം ലോഗിൻ ചെയ്യാൻ അനുവദിക്കുന്ന നയം കര്‍ശനമായി നടപ്പിലാക്കാനാണ് ഹോട്ട്സ്റ്റാര്‍ ഇന്ത്യ തയാറെടുക്കുന്നത്. ഇപ്പോഴും 4 ഡിവൈസുകളില്‍ ലോഗിന്‍ ചെയ്യാമെന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നതെങ്കിലും ഒരു അക്കൗണ്ട് 10 വരെ ഡിവൈസുകളില്‍ പങ്കുവെക്കുന്നത് ഇപ്പോള്‍ അനുവദിക്കപ്പെടുന്നുണ്ട്
സ്ട്രീമിംഗ് രംഗത്ത് ഹോട്ട് സ്റ്റാറിന്‍റെ പ്രധാന എതിരാളികളിലൊരാളായ നെറ്റ്ഫ്ലിക്സ് 100-ലധികം രാജ്യങ്ങളിലെ വരിക്കാരോട് തങ്ങളുടെ വീടിന് പുറത്തുള്ള ആളുകളുടെ ഡിവൈസുകളിലേക്ക് അക്കൗണ്ടുകള്‍ പങ്കിടാൻ കൂടുതൽ പണം നൽകേണ്ടിവരുമെന്ന് മേയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു സമാനമായി പ്രീമിയം അക്കൗണ്ട് നാലു ഡിവൈസുകളില്‍ മാത്രം എന്ന നയം ഈ വര്‍ഷം അവസാനത്തോടെ നടപ്പിലാക്കാനാണ് ഹോട്ട്സ്റ്റാര്‍ തയാറെടുക്കുന്നത്.
വിലകുറഞ്ഞ മറ്റ് പ്ലാനുകളുടെ കാര്യത്തിലും നിയന്ത്രണം നടപ്പിലാക്കും. ഇത്തരം അക്കൗണ്ടുകള്‍ രണ്ട് ഡിവൈസുകളില്‍ മാത്രം ലോഗിന്‍ ചെയ്യുന്ന തരത്തിലാകും പരിമിതപ്പെടുത്തുക.
വിപണിയിലെ ഒന്നാമാന്‍ ഹോട്ട്സ്റ്റാര്‍
കൂടുതല്‍ ഉപഭോക്താക്കളെ പ്ലാറ്റ്‍ഫോമിലേക്ക് എത്തിക്കുന്ന എന്ന തന്ത്രത്തിന്‍റെ ഭാഗമായാണ് സബ്‍സ്ക്രിപ്ഷന്‍ പങ്കുവെക്കലില്‍ ഉദാര സമീപനം കമ്പനി പുലര്‍ത്തിയിരുന്നത്. പങ്കുവെച്ചുകിട്ടിയ പാസ്‍വേഡുകളിലൂടെ ഉള്ളടക്കങ്ങള്‍ ആസ്വദിച്ചു തുടങ്ങിയവര്‍ പിന്നീട് സ്വന്തം അക്കൗണ്ട് തുടങ്ങാന്‍ തയാറാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഡിസ്നി, നെറ്റ്ഫ്ലിക്സ്, ആമസോൺ, ജിയോസിനിമ എന്നിവയാണ് ഇന്ത്യയിൽ ഏറ്റവുമധികം ജനപ്രീതി നേടിയിട്ടുള്ള ഒടിടി പ്ലാറ്റ്ഫോമുകള്‍. 2027-ഓടെ ഇന്ത്യയുടെ സ്ട്രീമിംഗ് വ്യവസായം 7 ബില്യൺ ഡോളർ വിപണിയായി വളരുമെന്നാണ് മീഡിയ പാർട്ണേഴ്സ് ഏഷ്യ കണക്കാക്കുന്നത്. ഏകദേശം 50 ദശലക്ഷമുള്ള ഉപയോക്താക്കളുള്ള ഹോട്ട്‌സ്റ്റാറാണ് വിപണിയില്‍ നേതൃസ്ഥാനം വഹിക്കുന്നത്.
നിലവില്‍ പ്രീമിയം വരിക്കാരിൽ 5% മാത്രമാണ് നാലിൽ കൂടുതൽ ഉപകരണങ്ങളിൽ നിന്ന് ലോഗിൻ ചെയ്തിട്ടുള്ളതെന്നാണ് ഹോട്ട്‍സ്റ്റാറിന്‍റെ ആന്തരിക വിലയിരുത്തലില്‍ കണ്ടെത്തിയിട്ടുള്ളതെന്നാണ് വിവരം. 2022 ജനുവരിക്കും 2023 മാർച്ചിനും ഇടയിൽ കാഴ്ചക്കാരുടെ 38% വിഹിതവുമായി ഡിസ്നിയുടെ ഹോട്ട്‌സ്റ്റാർ ഇന്ത്യയുടെ സ്ട്രീമിംഗ് വിപണിയിൽ ഒന്നാമതെത്തി. എതിരാളികളായ നെറ്റ്ഫ്ലിക്‌സും പ്രൈം വീഡിയോയും 5% വീതം വിഹിതം നേടിയെന്നും ഗവേഷണ സ്ഥാപനമായ മീഡിയ പാർട്‌ണേഴ്‌സ് ഏഷ്യയുടെ ഡാറ്റ കാണിക്കുന്നു.