image

27 Jun 2023 10:11 AM

Corporates

എച്ച്ഡിഎഫ്‍സി-എച്ച്ഡിഎഫ്‍സി ബാങ്ക് ലയനം ജൂലൈ 1ന് പ്രാബല്യത്തിലാകും

MyFin Desk

hdfc-hdfc Bank merger will take effect on july
X

Summary

  • 25 എച്ച്‍ഡിഎഫ്‍സി ഓഹരികൾക്ക് പകരമായി 42 എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍
  • സൃഷ്ടിക്കപ്പെടുന്നത് 168 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ബാങ്ക്
  • ജൂലൈ 13 മുതല്‍ എച്ച്ഡി‍എഫ്‍സി ഓഹരികള്‍ എച്ച്ഡിഎഫ്‍സി ബാങ്ക് ഓഹരികളാകും


എച്ച്ഡിഎഫ്‍സിയും എച്ച്ഡിഎഫ്‍സി ബാങ്കും തമ്മിലുള്ള ലയനം ജൂലൈ 1 ന് പ്രാബല്യത്തില്‍ വരുമെന്ന് എച്ച്‌ഡിഎഫ്‌സി ചെയർമാൻ ദീപക് പരേഖ് പറഞ്ഞു. ആവശ്യമായ റെഗുലേറ്ററി അനുമതികളുടെ അടിസ്ഥാനത്തില്‍ ലയനത്തിന്‍റെ തുടര്‍ നടപടികളിലെ ചര്‍ച്ചയ്ക്കായി എച്ച്‌ഡിഎഫ്‌സിയുടെയും എച്ച്‌ഡിഎഫ്‌സി ബാങ്കിന്‍റെയും ബോര്‍ഡുകള്‍ ജൂണ്‍ 30 ന് വൈകിട്ട് യോഗം ചേരും. യോഗം ലയനത്തിനുള്ള അന്തിമ അംഗീകാരം നല്‍കും. എച്ച്‌ഡിഎഫ്‌സിയുടെ ഓഹരികൾ ജൂലൈ 13 മുതൽ വിപണിയില്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരിയായി വ്യാപാരം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എച്ച്ഡിഎഫ്‍സിയുടെ അവസാന ബോര്‍ഡ് യോഗമായിരിക്കും ജൂണ്‍ 30 ന് നടക്കുന്നത്.

ഏകദേശം 40 ബില്യൺ ഡോളര്‍ മൂല്യം കണക്കാക്കുന്ന ഇടപാടിലൂടെ രാജ്യത്തെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡറായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനെ (എച്ച്‌ഡിഎഫ്‌സി) ഏറ്റെടുക്കുമെന്ന് 2022 ഏപ്രിലിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് പ്രഖ്യാപിച്ചത്. അതേവര്‍ഷം തന്നെ ലയനത്തിന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ നിന്നുള്ള അംഗീകാരം ലഭിച്ചു. ലയനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ എച്ച്ഡിഎഫ്‍സി ബാങ്കില്‍ 41% ഓഹരി വിഹിതമാണ് നിലവിലെ എച്ച്ഡിഎഫ്‍സി ഓഹരിയുടമകള്‍ക്ക് ഉണ്ടാകുക. ലയനം പൂര്‍ത്തിയാകുന്നതോടെ 100% പൊതു ഓഹരി പങ്കാളിത്തത്തിലേക്ക് എച്ച്ഡിഎഫ്‍സി ബാങ്ക് മാറും.

ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാട് എന്നാണ് ഇത് കണക്കാക്കപ്പെടുന്നത്. ലയനത്തിലൂടെ 168 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ബാങ്കാണ് സൃഷ്ടിക്കപ്പെടുക. രണ്ട് കമ്പനികളിലുമായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെയും ഓഹരി ഉടമകളെയും ഈ ഇടപാട് ബാധിക്കും.ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, അസറ്റ് മാനെജ്മെന്‍റ് ബിസിനസുകളിലും ഇത് പ്രതിഫലിക്കും.ലയനത്തിനു ശേഷം ലോകത്തിലെ തന്നെ പത്താമത്തെ വലിയ ബാങ്കായി എച്ച്ഡിഎഫ്‍സി ബാങ്ക് മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. 18 ലക്ഷം കോടി രൂപയുടെ ആസ്തി അടിത്തറയാണ് സംയുക്ത സംരംഭത്തിന് ഉണ്ടായിരിക്കുക. ഇന്ത്യയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു പിന്നില്‍ രണ്ടാമത്തെ വലിയ ബാങ്കായിരിക്കും ഇത്.

എച്ച്‌ഡിഎഫ്‌സിയിലെ 60 വയസ്സിന് താഴെയുള്ള എല്ലാ ജീവനക്കാരെയും സംയുക്ത സ്ഥാപനത്തിൽ ഉൾപ്പെടുത്തുമെന്നും അവരുടെ ശമ്പളം കുറയ്‌ക്കില്ലെന്നും എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പരേഖ് അറിയിച്ചു.എച്ച്‌ഡിഎഫ്‌സിയുടെ 25 ഓഹരികൾക്ക് പകരമായി എച്ച്‌ഡിഎഫ്‌സി ബാങ്ക് 42 പുതിയ ഓഹരികൾ അനുവദിക്കും. എച്ച്‌ഡിഎഫ്‌സി ഓഹരികൾ നിർത്തിവെക്കുന്നതിനും 740,000-ലധികം ഓഹരിയുടമകള്‍ക്ക് അതിന് പകരമായി എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികൾ നല്‍കുന്നതിനും ഇടയില്‍ ഒരു തലത്തിലുള്ള കാലതാമസവും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമെന്ന് എച്ച്ഡിഎഫ്‍സി ബാങ്ക് അറിയിച്ചിട്ടുണ്ട്.

ലയനം സംയുക്ത സ്ഥാപനത്തിനു മുന്നില്‍ വലിയ വളർച്ചാ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് എച്ച്‌ഡിഎഫ്‌സി വൈസ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെകി മിസ്ത്രി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ക്രമേണ, ബാങ്കിന്റെ കൂടുതൽ ശാഖകളിലേക്ക് ഭവന വായ്പകൾ വിപുലീകരിക്കുക എന്നതാണ് ലക്ഷ്യം. ഭവനവായ്പകളുടെ വളർച്ചാ സാധ്യത എച്ച്‌ഡിഎഫ്‌സിയെ അപേക്ഷിച്ച് സംയുക്ത സംരംഭത്തിന് കൂടുതലായിരിക്കുമെന്നും മിസ്ത്രി വിലയിരുത്തുന്നു.

എച്ച്ഡിഎഫ്‍സിയില്‍ നിലവില്‍ സ്ഥിര നിക്ഷേപമുള്ള നിക്ഷേപകര്‍ക്ക് തങ്ങളുടെ പണം പിന്‍വലിക്കുന്നതിനോ നിക്ഷേപം പുതുക്കുന്നതിനോ ഉള്ള അവസരം എച്ച്ഡിഎഫ്‍സി ബാങ്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇരു സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശയിലെ വ്യത്യാസം പരിഗണിച്ചാണ് ഇത്. 12 മാസം മുതൽ 120 മാസം വരെ കാലപരിധിയിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.56% മുതൽ 7.21% വരെയുള്ള പലിശ നിരക്കുകളാണ് എച്ച്‌ഡിഎഫ്‌സി നിലവില്‍ വാഗ്ദാനം ചെയ്യുന്നത്. ഈ നിരക്കുകൾ ജൂൺ 21 മുതലാണ് പ്രാബല്യത്തിൽ വന്നത്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്‍ഡി-കൾക്ക് 3% മുതൽ 7.25% വരെയുള്ള പലിശ നിരക്കാണ് എച്ച്ഡിഎഫ്‍സി ബാങ്ക് വാഗ്‍ദാനം ചെയ്യുന്നത്. മേയ് 29നാണ് ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്.