2 April 2023 12:43 PM IST
സൗജന്യ സ്‌നാക്‌സിനും ഊണിനും കട്ട്, തുണിയും സ്വയം അലക്കിക്കോണം: 'മുണ്ടുമുറുക്കി' ഗൂഗിള്‍
MyFin Desk
Summary
- വരും ദിവസങ്ങളില്‍ കൂടുതല്‍ സൗജന്യ സേവനങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നത് കമ്പനി നിറുത്തും
ആഗോളതലത്തില്‍ കോര്‍പ്പറേറ്റുകളില്‍ ചെലവ് ചുരുക്കുന്നതിനായി കൂട്ടപ്പിരിച്ചുവിടല്‍ ഉള്‍പ്പടെയുള്ള നടപടികളെടുക്കുകയാണ്. ഒപ്പം അനാവശ്യമായ ബ്രാഞ്ചുകള്‍ അടച്ചും പരമാവധി ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം നല്‍കുകയും ചെയ്യുന്നുണ്ട്. ഇവയ്ക്ക് പുറമേ കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ക്കും പലരും കട്ട് പറഞ്ഞു തുടങ്ങി.
ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമാകുകയാണ് ടെക്ക് ഭീമനായ ഗൂഗിള്‍ എടുക്കുന്ന നടപടി. ജീവനക്കാര്‍ക്ക് സൗജന്യായ നല്‍കി വന്നിരുന്ന സ്‌നാക്‌സും ഊണും ഇനി മുതല്‍ ഉണ്ടാകില്ലെന്ന് കമ്പനി അറിയിച്ചു. ഒപ്പം ഉയര്‍ന്ന തസ്‌കികയിലുള്‍വര്‍ക്ക് ഉണ്ടായിരുന്ന ലോണ്‍ഡ്രി സര്‍വീസ് ഉള്‍പ്പടെ നിറുത്തലാക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഗൂഗിള്‍ ഇന്ത്യയുടെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നായി 453 പേരെ പിരിച്ചുവിട്ടുവെന്ന് ഏതാനും ആഴ്ച്ച മുന്‍പാണ് റിപ്പോര്‍ട്ട് വന്നത്. പിരിച്ചുവിടല്‍ സംബന്ധിച്ച മെയില്‍ സന്ദേശം ഗൂഗിള്‍ ഇന്ത്യാ വൈസ് പ്രസിഡന്റും കണ്‍ട്രി ഹെഡുമായ സഞ്ജയ് ഗുപ്ത ജീവനക്കാര്‍ക്ക് അയയ്ച്ചുവെന്നാണ് സൂചന. ആഗോളതലത്തില്‍ 12,000 പേരെ പിരിച്ചുവിടുമെന്ന് ഏതാനും ആഴ്ച്ച മുന്‍പ് ഗൂഗിള്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.
ഉയര്‍ന്ന ശമ്പളമുള്ള ഉദ്യോഗസ്ഥരുടെ വേതനം താല്‍ക്കാലികമായി കുറയ്ക്കുമെന്ന് സിഇഒ സുന്ദര്‍ പിച്ചൈ ഈ വര്‍ഷം ജനുവരിയില്‍ അറിയിച്ചിരുന്നു. സീനിയര്‍ വൈസ് പ്രസിഡന്റ് മുതല്‍ മുകളിലേക്ക് ഉള്ള തസ്തികകളിരിക്കുന്നവരുടെ വാര്‍ഷിക ബോണസാണ് ഭാഗികമായി കുറയ്ക്കുക.
സ്വന്തം ശമ്പളവും (വാര്‍ഷിക ബോണസില്‍ നിന്നും) ഇത്തരത്തില്‍ കുറയ്ക്കുന്നുണ്ടെന്ന് സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ഷിക ബോണസിന്റെ എത്ര ശതമാനം പിടിയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.