29 Jan 2023 3:04 PM IST
വാര്‍ഷിക ബോണസ് വെട്ടിക്കുറയ്ക്കാന്‍ ഗൂഗിള്‍, ബാധിക്കുക ഉയര്‍ന്ന തസ്തികയിലുള്ളവരെ
MyFin Desk
Summary
- വാര്‍ഷിക ബോണസിന്റെ എത്ര ശതമാനം പിടിയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല
കലിഫോര്‍ണിയ: 12,000 പേരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഉയര്‍ന്ന ശമ്പളമുള്ള ഉദ്യോഗസ്ഥരുടെ വേതനം താല്‍ക്കാലികമായി കുറയ്ക്കുമെന്ന് സിഇഒ സുന്ദര്‍ പിച്ചൈ. സീനിയര്‍ വൈസ് പ്രസിഡന്റ് മുതല്‍ മുകളിലേക്ക് ഉള്ള തസ്തികകളിരിക്കുന്നവരുടെ വാര്‍ഷിക ബോണസാണ് ഭാഗികമായി കുറയ്ക്കുക.
സ്വന്തം ശമ്പളവും (വാര്‍ഷിക ബോണസില്‍ നിന്നും) ഇത്തരത്തില്‍ കുറയ്ക്കുന്നുണ്ടെന്ന് സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ഷിക ബോണസിന്റെ എത്ര ശതമാനം പിടിയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
12,000 പേരെ പിരിച്ചുവിടുമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു. ആകെയുള്ള ജീവനക്കാരിലെ 6 ശതമാനം പേരെ പിരിച്ചുവിടുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ആഗോളതലത്തില്‍ ടെക്ക് മേഖലയിലുള്‍പ്പടെ നടപ്പിലാകുന്ന കൂട്ടപ്പിരിച്ചുവിടലിന്റെ ആഘാതം വെളിവാക്കുന്ന ലിങ്ക്ഡ്ഇന്‍ പോസ്റ്റുമായി മുന്‍ ഗൂഗിള്‍ ജീവനക്കാരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാവിലെ മൂന്നു മണിയ്ക്കാണ് തന്റെ ജോലി പോയ വിവരം അറിയുന്നതെന്ന് ജസ്റ്റിന്‍ മൂര്‍ എന്ന വ്യക്തി പറയുന്നു. കമ്പനിയിലെ അക്കൗണ്ട് ഡിയാക്ടിവേറ്റ് ആയത് അപ്പോഴാണ് അറിയുന്നത്.
സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് വിഭാഗം മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു മൂര്‍. കഴിഞ്ഞ 16.5 വര്‍ഷമായി അദ്ദേഹം ഗൂഗിളിന്റെ ജീവനക്കാരനാണ്.