3 April 2023 3:49 AM
Summary
- ബ്ലൂ ടിക്കുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം വരുന്നത്.
ട്വിറ്ററില്‍ വേരിഫൈഡ് പ്രൊഫയലുകള്‍ക്ക് ലഭിക്കുന്ന ബ്ലൂ ടിക്കുമായി ബന്ധപ്പെട്ട് പുത്തന്‍ നീക്കങ്ങള്‍ പ്രഖ്യാപിച്ച് കമ്പനി. പ്രതിമാസം 1000 യുഎസ് ഡോളര്‍ അടച്ചാല്‍ മാത്രമേ ബ്ലൂ ടക്ക് ലഭിക്കു എന്ന് അറിയിച്ചതിന് പിന്നാലെ 10,000 കമ്പനികള്‍ക്ക് ഇത് സൗജന്യമായി നല്‍കുമെന്നും അറിയിച്ചിരിക്കുകയാണ് എലോണ്‍ മസ്‌ക്.
ട്വിറ്ററില്‍ ഏറ്റവുമധികം പരസ്യം നല്‍കുന്ന കമ്പനികള്‍ക്കും ബ്ലൂ ടിക്ക് സൗജന്യമായി നല്‍കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഒട്ടനവധി ഫോളോവേഴ്‌സ് ഉള്ള 10,000 കമ്പനികള്‍ക്കാണ് സൗജന്യമായി ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ നല്‍കുക. എന്നാല്‍ ഫോളോവേഴ്‌സ് എത്ര വേണം എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.
ബ്ലൂ ടിക്കിന് പണം നല്‍കാന്‍ തയാറല്ലെന്ന് അറിയിച്ചതിന് പിന്നാലെ ന്യുയോര്‍ക്ക് ടൈംസിന്റെ വേരിഫിക്കേഷന്‍ ബാഡ്ജ് കഴിഞ്ഞ ദിവസം ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. സാധാരണയായി ഔദ്യോഗിക സ്ഥാപനങ്ങള്‍ക്ക് ഗോള്‍ഡന്‍ ബാഡ്ജും ട്വിറ്റര്‍ നല്‍കാറുണ്ട്. ഇതും ന്യുയോര്‍ക്ക് ടൈസിന് ഇതുവരെ അനുവദിച്ച് കൊടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.