3 May 2023 5:30 PM
Summary
- വീഴ്ചയില്‍ വളരുന്ന കമ്പനികള്‍
- 4.52% കുതിപ്പുമായി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍
- സ്‌പൈസ് ജെറ്റിന് 1.40% ഉയര്‍ച്ച
വ്യോമ കമ്പനി ഗോ ഫസ്റ്റ് പാപ്പരത്വ നടപടികളിലേക്ക് നീങ്ങിയ സാഹചര്യം പല സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും കനത്ത തിരിച്ചടിയാണ് . എന്നാല്‍ ഓഹരി വിപണിയില്‍ ഈ തകര്‍ച്ച വളമാകുന്ന ചില കമ്പനികളുണ്ട്. വ്യോമകമ്പനികള്‍ക്കാണ് ഇത് വളമായി മാറുന്നത്. ഇന്‍ഡിഗോയുടെ മാതൃകമ്പനി ഇന്‍ര്‍ഗ്ലോബ് ഏവിയേഷന്‍, സ്‌പൈസ് ജെറ്റ് എന്നിവയുടെ ഓഹരികളിലാണ് മുന്നേറ്റം ഉണ്ടായികൊണ്ടിരിക്കുന്നത്. ഫസ്റ്റ്‌ഗോ മൂന്ന് ദിവസത്തേക്കുള്ള ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതോടെ ഏറ്റവും കൂടുതല്‍ വിപണിയില്‍ നേട്ടം കൊയ്തത് ഇന്റര്‍ഗ്ലോബ് ഏവിയേഷനാണ്.
മെയ് 3ന് ബിഎസ്ഇയില്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരികള്‍ 4.52 ശതമാനം കുതിച്ചുയര്‍ന്ന് 2,163.90 രൂപയെന്ന നിലവാരത്തിലെത്തി. 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2,235.95 രൂപയിലേക്ക് 7.99% ആണ് റാലി. സ്‌പൈസ് ജെറ്റ് ഓഹരികള്‍ 1.40 ശതമാനം ഉയര്‍ന്ന് 31.93 രൂപയിലെത്തി. ഇന്‍ട്രാഡേയില്‍ 5.58 ശതമാനം കുതിച്ചുയര്‍ന്ന് 33.25 രൂപയാണ് നിലവാരം. ബജറ്റ് എയര്‍ലൈന്‍ ബിസിനസില്‍ ശ്രദ്ധിച്ചിരുന്ന ഗോ ഫസറ്റ് കടക്കെണിയില്‍പ്പെട്ട് പാപ്പരത്വത്തിലേക്ക് നീങ്ങിയതോടെ ഈ ബിസിനസ് ഗ്യാപിലേക്ക് മറ്റ് കമ്പനികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ലഭിക്കുകയാണ്. മൂന്ന് ദിവസത്തേക്കുള്ള സര്‍വീസ് റദ്ദാക്കുന്നതായി കമ്പനി അറിയിച്ചതോടെ ഇത്രയും ഉപഭോക്താക്കള്‍ പകരക്കാരെ തിരയാനുള്ള തിരക്കായിരുന്നു. ഇതൊക്കെ ഈ കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ ഗുണമായി മാറി.
17 വര്‍ഷമായി എയര്‍ലൈന്‍ ബിസിനസിലുള്ള കമ്പനിയാണ് ഗോ ഫസ്റ്റ്. മെയ് 3,4,5 തീയതികളിലേക്കുള്ള ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയ കമ്പനി ഉപഭോക്താക്കള്‍ക്ക് ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിദിനം 30,000 യാത്രികര്‍ സ്വന്തമായുള്ള കമ്പനിയാണിത്. 180 മുതല്‍ 185 ഫ്‌ളൈറ്റുകളുണ്ട്. അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്റ് വിറ്റ്‌നി ഗോ ഫസ്റ്റിനുള്ളഎഞ്ചിനുകള്‍ നല്‍കാത്തതിനാല്‍ പകുതിയിലധികം വിമാനങ്ങളും സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്. ഇതാണ് കമ്പനിയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയതെന്നാണ് വിവരം.