3 March 2023 12:42 PM IST
മാളികമുകളേറിയ മസ്‌കിന്റെ തോളില്‍ 'വിലയിടിവിന്റെ' മാറാപ്പ്! കിട്ടിയ റാങ്ക് 'പോയിക്കിട്ടി'
MyFin Desk
Summary
- ട്വിറ്ററിന്റെ ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം അടയ്ക്കാന്‍ മസ്‌ക് ഏതാനും ദിവസം മുന്‍പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്‍ എന്ന സ്ഥാനം തിരിച്ചുപിടിച്ച് 24 മണിക്കൂറുകള്‍ക്കകം എലോണ്‍ മസ്‌കിന് അത് നഷ്ടമായെന്ന് റിപ്പോര്‍ട്ട്. ടെസ്ലയുടെ ഓഹരിവിലയുടെ കുതിപ്പാണ് മസ്‌കിനെ ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ഒന്നാമതതെത്തിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ടെസ്ലയുടെ ഓഹരി വില വീണ്ടും താഴേയ്ക്ക് പോയി.
ഓഹരിയില്‍ 5 ശതമാനത്തിന്റെ ഇടിവുണ്ടായതോടെ ഏകദേശം 1.91 ബില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടമാണ് മസ്‌കിനുണ്ടായത്. ബ്ലൂംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 176 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയാണ് മസ്‌കിനുള്ളത്.
ട്വിറ്ററിന്റെ ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം അടയ്ക്കാന്‍ മസ്‌ക് ഏതാനും ദിവസം മുന്‍പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ട് ഓഫീസുകളിലും ജോലി ചെയ്തിരുന്ന ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറുവാനും നിര്‍ദ്ദേശമുണ്ട്. ഡെല്‍ഹിയിലും മുംബൈയിലും പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ അടയ്ക്കുവാനാണ് നിര്‍ദ്ദേശം.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 90 ശതമാനം ജീവനക്കാരേയും കമ്പനി കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിരിച്ചുവിട്ടിരുന്നു. ബാക്കി 10 ശതമാനം പേര്‍ മൂന്ന് ഓഫീസുകളിലായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് വര്‍ക്ക് ഫ്രം ഹോം എന്ന രീതിയിലേക്ക് മാറ്റിയത്. ബെംഗലൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ഉടന്‍ മാറ്റില്ലെന്നാണ് സൂചന.
ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നതിനൊപ്പം, അസ്വാഭാവികമായ 'ഫയറിംഗ്' സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. മൂന്നാഴ്ച്ചയ്ക്കിടെ ഏകദേശം 200 ജീവനക്കാരെ കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ കമ്പനിയ്ക്കായി പുലരുവോളം ജോലി ചെയ്യുകയും ഓഫീസില്‍ തന്നെ കിടന്നുറങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്ത ട്വിറ്റര്‍ ബ്ലൂ വിഭാഗം മേധാവി എസ്തേര്‍ ക്രോഫോര്‍ഡിനേയും ഇക്കൂട്ടത്തില്‍ പിരിച്ചുവിട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വെള്ളി നിറമുള്ള സ്ലീപ്പിംഗ് ബാഗില്‍ എസ്തേര്‍ കിടന്നുറങ്ങുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഏകദേശം 50 പേരെയാണ് ട്വിറ്ററില്‍ നിന്നും പിരിച്ചുവിട്ടത്. ട്വിറ്റര്‍ പേയ്മെന്റുകളുടെയടക്കം മേധാവി കൂടിയായിരുന്നു എസ്തേറെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. തൊഴിലില്‍ മികവ് പുലര്‍ത്തിയിരുന്ന എസ്തേറിനെ പിരിച്ചുവിട്ടത് എന്തിനാണെന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
വാര്‍ഷികാടിസ്ഥാനത്തില്‍ ട്വിറ്ററിന്റെ വരുമാനം 40 ശതമാനം ഇടിഞ്ഞുവെന്ന് കഴിഞ്ഞ മാസം അവസാന വാരം പ്ലാറ്റ്‌ഫോര്‍മര്‍ മീഡിയയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ട്വിറ്ററില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് ആഴ്ച്ചകളേറെ പിന്നിട്ടിട്ടും പിരിച്ചുവിടല്‍ വേതനം (സെവറന്‍സ് പേ) നല്‍കിയിട്ടില്ലെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയായിരുന്നു ഇത്.