image

10 Nov 2023 12:54 PM IST

Corporates

ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍റെ 24 കോടിയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി

MyFin Desk

ed seizes assets worth 24 crores of hero motocorp chairman
X

Summary

  • കേസുമായി ബന്ധപ്പെട്ട് മൊത്തം കണ്ടുകെട്ടിയത് 50 കോടി രൂപയുടെ ആസ്തികള്‍
  • വിദേശത്തേക്ക് പണം അയക്കുന്നതിലെ പരിധി മറികടക്കാന്‍ പവൻ മുഞ്ജാല്‍ ശ്രമിച്ചെന്ന് കേസ്


ഹീറോ മോട്ടോകോർപ്പിന്റെ ചെയര്‍മാനും സിഎംഡി-യുമായ പവൻ മുഞ്ജാലിന്‍റെ ഏതാനും ആസ്തികള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഡൽഹിയിലെ 24.95 കോടി രൂപ വിലമതിക്കുന്ന ആസ്തികളാണ് 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പിടിച്ചെടുത്തത്. മുഞ്ജാലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര ആസ്തികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

"1962ലെ കസ്റ്റംസ് നിയമത്തിലെ 135-ാം വകുപ്പ് അനുസരിച്ച് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഫയൽ ചെയ്ത പ്രോസിക്യൂഷൻ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥർ പി കെ മുഞ്ജലിനും മറ്റുള്ളവര്‍ക്കുമെതിരേ അന്വേഷണം ആരംഭിച്ചത്. ഇന്ത്യയിൽ നിന്ന് അനധികൃതമായി വിദേശനാണ്യം/കറൻസി കടത്തിയതിനാണ് കേസ്," ഇഡി-യുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 54 കോടി രൂപ ഇന്ത്യയില്‍ നിന്ന് കടത്തിയെന്നാണ് ആരോപണം.

മുഞ്ജല്‍ മറ്റ് വ്യക്തികളുടെ പേരിൽ വിദേശനാണ്യം/വിദേശ കറൻസി ഇഷ്യൂ ചെയ്‌ത ശേഷം പിന്നീട് അത് വിദേശത്തെ തന്റെ സ്വകാര്യ ചെലവുകൾക്കായി വിനിയോഗിച്ചതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തി. ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി വിവിധ ജീവനക്കാരുടെ പേരിൽ അംഗീകൃത ഡീലർമാരിൽ നിന്ന് വിദേശനാണ്യം പിന്‍വലിക്കുകയും തുടർന്ന് മുഞ്ജലിന്റെ റിലേഷൻഷിപ്പ് മാനേജർക്ക് കൈമാറുകയും ചെയ്തുവെന്ന് ഇഡി പറഞ്ഞു.

ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിൽ ഒരാൾക്ക് പ്രതിവർഷം വിദേശത്തേക്ക് അയക്കാവുന്ന പണത്തിന്‍റെ പരിധി 2.5 ലക്ഷം ഡോളറാണ്. ഇത് മറികടക്കുന്നതിന് മുഞ്ജലും സംഘവും വളഞ്ഞ വഴി സ്വീകരിച്ചെന്നാണ് ഇഡി പറയുന്നത്.

നേരത്തെ, ഈ വർഷം ഓഗസ്റ്റ് 1ന് മുഞ്ജലില്‍ നിന്നും കേസുമായി ബന്ധപ്പെട്ട മറ്റ് ആളുകളില്‍ നിന്നുമായി ഏകദേശം 25 കോടി രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ മൊത്തം ആസ്തികളുടെ മൂല്യം ഏകദേശം 50 കോടി രൂപ വരും. റെയ്ഡുകളിലൂടെ ഡിജിറ്റല്‍ തെളിവുകളും മറ്റു രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

കമ്പനിയുടെ ഓഹര വില 54 രൂപയോളം താഴ്ന്ന് 3118 രൂപയിലാണ് നീങ്ങുന്നത്. അമ്പത്തിരണ്ട് ആഴ്ചയിലെ ഉയർന്ന വില 3275 രൂപയും കുറഞ്ഞ വില 2246 രൂപയുമാണ്.