image

28 March 2023 7:18 AM

Corporates

വീഡിയോ സ്ട്രീമിംഗ് രംഗത്തും 'ഞെരുക്കം', 7,000 പേരെ പിരിച്ചുവിടാന്‍ വാള്‍ട്ട് ഡിസ്‌നി

MyFin Desk

walt disney layoffs
X

Summary

  • ഈ വര്‍ഷം ആദ്യം തന്നെ ഫയറിംഗ് സംബന്ധിച്ച സൂചന വാള്‍ട്ട് ഡിസ്‌നി അധികൃതര്‍ നല്‍കിയിരുന്നു.
  • വീഡിയോ സ്ട്രീമിംഗ് രംഗത്ത് കൂടുതല്‍ കമ്പനികള്‍ വരുന്നതോടെ മത്സരം ശക്തമാകുകയാണ്.


കലിഫോര്‍ണിയ : കോര്‍പ്പറേറ്റ് രംഗത്ത് ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലുകള്‍ നടക്കുമ്പോള്‍ ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായ എന്റര്‍ടെയിന്‍മെന്റ് കമ്പനിയായ വാള്‍ട്ട് ഡിസ്‌നി 7,000 പേരെ പിരിച്ചുവിടുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച് ഈ വര്‍ഷം ആദ്യം തന്നെ കമ്പനി സൂചന നല്‍കിയിരുന്നു. വീഡിയോ സ്ട്രീമിംഗ് ബിസിനസിലുള്‍പ്പടെ കമ്പനിയുടെ വരുമാനത്തില്‍ ഇടിവുണ്ടായതാണ് കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിച്ചത്.

നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പടെയുള്ള കോംമ്പറ്റീറ്റേഴ്‌സുമായി വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമം ശക്താക്കുകയാണ് കമ്പനി. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇനിയും കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഐടി സേവന-കണ്‍സള്‍ട്ടന്‍സി കമ്പനിയായ ആക്സഞ്ചര്‍ 19,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. വരുന്ന ഒന്നര വര്‍ഷത്തിനകം ആകെയുള്ളതിലെ 2.5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലാണ് കമ്പനി.

അയര്‍ലാന്‍ഡ് ആസ്ഥാനമായ ആക്സഞ്ചറിന് ഇന്ത്യയില്‍ മാത്രം മൂന്നു ലക്ഷം ജീവനക്കാരാണുള്ളത്. ആകെ 7 ലക്ഷം ജീവനക്കാരാണ് കമ്പനിയ്ക്കുള്ളത്. യുഎസ് ആസ്ഥാനമായ തൊഴില്‍ വെബ്സൈറ്റായ ഇന്‍ഡീഡ് 2,200 പേരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആകെ ജീവനക്കാരിലെ 15 ശതമാനം പേരെ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിലാണ് ഇന്‍ഡീഡ് ഇപ്പോള്‍. 2024 വരെ തൊഴില്‍ ലിസ്റ്റിംഗുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നും കമ്പനി അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.