6 Feb 2023 9:11 AM IST
Summary
- കമ്പനിയുടെ യുകെയില്‍ നിന്നുള്ളതിന് പുറമേ ആഫ്രിക്കയില്‍ നിന്നും വരെ പിരിച്ചുവിട്ട ജീവനക്കാര്‍ പരാതിയുമായി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ട്വിറ്ററിനെതിരെ പരാതി നല്‍കുന്ന മുന്‍ ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിസാ ബ്ലൂം എന്ന അഭിഭാഷകയുടെ അടുത്ത് മാത്രം 100 ജീവനക്കാരാണ് പരാതി സംബന്ധിച്ച വക്കാലത്ത് നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. വിവേചനവും കരാര്‍ വ്യവസ്ഥയില്‍ (ശമ്പളക്കാര്യത്തില്‍ ഉള്‍പ്പടെ) കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയാണ് പരാതിയില്‍ ഭൂരിഭാഗവുമെന്നാണ് സൂചന. കമ്പനിയുടെ യുകെയില്‍ നിന്നുള്ളതിന് പുറമേ ആഫ്രിക്കയില്‍ നിന്നും വരെ പിരിച്ചുവിട്ട ജീവനക്കാര്‍ പരാതിയുമായി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ട്വിറ്ററിന്റെ പരസ്യ വരുമാനത്തില്‍ 71 ശതമാനത്തിന്റെ ഇടിവെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. കമ്പനിയെ എലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന് പരസ്യം നല്‍കിയിരുന്ന മുന്‍നിര കമ്പനികള്‍ പിന്മാറിയതാണ് വരുമാനത്തെ സാരമായി ബാധിച്ചത്. ഡിസംബറിലെ വരുമാനക്കണക്ക് വിശദമാക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
പരസ്യ നിരക്ക് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കമ്പനി പുതിയ ചുവടുവെപ്പുകള്‍ സ്വീകരിക്കുകയാണെന്ന് സ്റ്റാന്‍ഡാര്‍ഡ് മീഡിയ ഇന്‍ഡക്സ് (എസ്എംഐ) പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയ ഉള്ളടക്കമുള്ള പരസ്യങ്ങള്‍ വീണ്ടും കൊണ്ടുവരിക, പരസ്യങ്ങള്‍ പൊസിഷന്‍ ചെയ്യുന്നത് സംബന്ധിച്ച് കമ്പനികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുക എന്നത് മുതല്‍ പരസ്യ രഹിത സബ്സ്‌ക്രിപ്ഷന്‍ വരെ ട്വിറ്റര്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
താരിഫുകളില്‍ ഇത് ഏറ്റവും ഉയര്‍ന്ന നിരക്കുള്ളതാകും പരസ് രഹിത സബ്സ്‌ക്രിപഷന്റേത് എന്നാണ് സൂചന. പരസ്യം പൂര്‍ണമായും ഒഴിവായി ട്വിറ്റര്‍ സേവനം ലഭിക്കുന്ന സ്‌കീമിന്റെ കൃത്യം തുക സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനാല്‍ പുതിയ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.