7 July 2023 11:15 AM GMT
Summary
- മൂന്നാഴ്ചയ്ക്കുള്ളില്‍ വീണ്ടും എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ ബോഡി യോഗം ചേരും
- ബൈജൂസിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഘട്ടത്തിലാണ് ബിഎസി രൂപീകരണം
ഭരണത്തിലെ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നു എഡ്യുടെക് ഭീമനായ ബൈജൂസ് ഒരു ബോര്‍ഡ് അഡൈ്വസറി കമ്മിറ്റിയെ (ബിഎസി) രൂപീകരിക്കാന്‍ പദ്ധതിയിടുന്നു. ഇത് കമ്പനിയുടെ ഭരണവും ബോര്‍ഡിന്റെ ഘടനയും സംബന്ധിച്ച കാര്യങ്ങളില്‍ സിഇഒയെ ഉപദേശിക്കാന്‍ ചുമതലപ്പെടുത്തും.
' വ്യത്യസ്ത കോര്‍പറേറ്റ് മേഖലകളില്‍ നിന്നുള്ള, വിശ്വസീനയ പശ്ചാത്തലവും, അനുഭവപരിചയവുമുള്ള സ്വതന്ത്ര ഡയറക്ടര്‍മാരടങ്ങുന്ന ഒരു വര്‍ക്കിംഗ് ഗ്രൂപ്പായി ബിഎസി പ്രവര്‍ത്തിക്കും ' -ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ ഈയാഴ്ച ആദ്യം നടന്ന എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞു.
അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ വീണ്ടും എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ ബോഡി യോഗം ചേരും. അന്ന് ബിഎസി അംഗങ്ങളെയും അതിന്റെ ഘടനയും ചര്‍ച്ച ചെയ്യുമെന്നാണു സൂചന.
ഓഡിറ്ററായ ഡെലോയിറ്റിന്റെയും മൂന്ന് ബോര്‍ഡംഗങ്ങളുടെയും രാജിയോടെ ബൈജൂസിന്റെ വിപണിയിലെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഘട്ടത്തിലാണ് ബിഎസി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് സിഇഒയായ ബൈജു രവീന്ദ്രന്‍ രംഗത്തുവന്നിരിക്കുന്നത്.
ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാനും ബൈജൂസുമായുള്ള കരാര്‍ പുതുക്കില്ലെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ചെലവ് ചുരുക്കല്‍ നടപടികള്‍ തുടരുന്നതിന്റെ ഭാഗമായാണ് ഇതെന്ന് ഇക്കോണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മറുവശത്ത് ഷാറൂഖിന്റെ ടീം താല്‍പര്യക്കുറവ് കാണിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ വന്‍തുക നല്‍കി ബ്രാന്‍ഡ് പ്രചാരണത്തിന് ഷാറൂഖിനെ പോലൊരു താരത്തെ എത്തിക്കുന്നത് ഉചിതമാകില്ലെന്നാണു കരുതുന്നതെന്നും ഇതുമായി ബന്ധപ്പെട്ട സ്രോതസുകള്‍ വെളിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ ബൈജൂസും ഷാറൂഖും തമ്മിലുള്ള എന്‍ഡോഴ്സ്മെന്റ് കരാര്‍ സെപ്റ്റംബറില്‍ അവസാനിക്കുകയാണ്. 2017ലാണ് ഏകദേശം 4 കോടി രൂപയുടെ വാര്‍ഷിക പ്രതിഫലത്തിന് ഷാറൂഖ് ഖാനെ തങ്ങളുടെ ബ്രാന്‍ഡ് പ്രചാരണത്തിലേക്കുള്ള കരാറിലേക്ക് എത്തിച്ചത്. അതിനുശേഷം, ബൈജൂസിന്റെ മുഖമായി ചാനലുകളിലും പത്രങ്ങളിലും എത്തിയത് ഷാറൂഖ് ആണ്. എന്നാല്‍ നിലവില്‍ കരാറ് തുടരാന്‍ ഷാറൂഖിനും അദ്ദേഹത്തിന്റെ ടീമിനും താല്‍പ്പര്യമില്ലാ എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.
മുമ്പും ഷാറൂഖും ബൈജൂസും തമ്മിലുള്ള കരാറില്‍ ഉരസലുകള്‍ ഉണ്ടായിട്ടുണ്ട്. അധ്യാപന മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും തെറ്റായ പരസ്യങ്ങള്‍ നല്‍കിയെന്നും കാണിച്ച് ഈ വര്‍ഷം ഏപ്രിലില്‍ മധ്യപ്രദേശിലെ ഒരു ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ബൈജൂസിനും ഷാരൂഖ് ഖാനും 50,000 രൂപ വീതം പിഴ ചുമത്തിയിരുന്നു. 2021ല്‍ ഷാറൂഖിന്റെ മകന്‍ ആര്യന്‍ ഒരു കേസില്‍ അകപ്പെട്ടപ്പോള്‍, ഷാറൂഖ് പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ കമ്പനി മാറ്റിനിര്‍ത്തിയിരുന്നു. മാത്രമല്ല ബൈജൂസുമായുള്ള ബന്ധത്തെ കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കിംഗ് ഖാന്‍ നിരന്തരം ആരാധകരില്‍ നിന്ന് ചോദ്യം നേരിടുന്നുമുണ്ട്.
കൊറോണ മഹാമാരി ഒഴിഞ്ഞതിനു പിന്നാലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപണിക്ക് ഉണ്ടായ മാന്ദ്യത്തെ തുടര്‍ന്ന്, ബൈജൂസ് പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതും മറ്റു ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം 2500 ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി നിലവില്‍ ആയിരം പേരെ പിരിച്ചുവിടുന്ന പദ്ധതി നടപ്പാക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഒട്ടുമിക്ക ജീവനക്കാരുടെയും പിഎഫ് പേമെന്റ് കമ്പനി നടത്തിയിട്ടില്ലെന്ന് ഇപിഎഫ്ഒ ഡാറ്റ ഉള്‍പ്പടെയുള്ള സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പുതിയ സാഹചര്യത്തില്‍ ഫണ്ട് സമാഹരണവും കമ്പനിക്ക് കൂടുതല്‍ ബുദ്ധിമുട്ടായി മാറുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍ എന്ന സ്ഥാനത്തു നിന്നും അടുത്തിടെ ബൈജുസ് മാറിയിരുന്നു. ബൈജൂസിന് പകരം ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനിയായ ഡ്രീം 11 ആണ് പുതിയ സ്‌പോണ്‍സര്‍മാരായി എത്തിയിട്ടുള്ളത്.
ഓഡിറ്ററും മൂന്ന് ബോര്‍ഡംഗങ്ങളും അടുത്തിടെ ബൈജൂസില്‍ നിന്നും പടിയിറങ്ങിയിരുന്നു. ഇതിനു പിന്നാലെ നിക്ഷേപ സ്ഥാപനമായ പ്രോസസ് ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറയ്ക്കുകയും ചെയ്തു. ബൈജൂസിന്റെ പ്രധാന ഓഹരി ഉടമകള്‍ കൂടിയായ പ്രോസസ് രണ്ടാം തവണയാണ് മൂല്യം കുറയ്ക്കുന്നത്. ജനറല്‍ അറ്റ്ലാന്റിക്, ബ്ലാക്റോക്ക് തുടങ്ങിയ വന്‍കിട സ്ഥാപനങ്ങള്‍ ബൈജൂസില്‍ നിക്ഷേപകരാണ്. യുഎസ് ആസ്ഥാനമായ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനമായ ബ്ലാക്ക്റോക്ക് ഒന്നിലധികം തവണ ബൈജൂസിന്റെ മൂല്യം വെട്ടിച്ചുരുക്കിയിട്ടുണ്ട്.
1.2 ബില്യണ്‍ ഡോളറിന്റെ ടേം ലോണുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് കമ്പനി ഇപ്പോള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. ഈ വായ്പയിലെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അമേരിക്കയിലെ രണ്ട് കോടതികളിലായി നിയമ പോരാട്ടം തുടരുകയാണ്. അതിനിടെ ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനും വായ്പയില്‍ പുനഃക്രമീകരണം നടത്തുന്നതിനുമായി ചില വായ്പാദാതാക്കളും ബൈജൂസും തമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.