image

1 July 2023 5:49 AM

Corporates

വായ്പാദാതാക്കളുമായി ബൈജുസ് ചര്‍ച്ചകള്‍ പുനരാരംഭിച്ചു

MyFin Desk

വായ്പാദാതാക്കളുമായി ബൈജുസ് ചര്‍ച്ചകള്‍ പുനരാരംഭിച്ചു
X

Summary

  • വായ്പാ പുനഃക്രമീകരണം പരിശോധിക്കുന്നു
  • നിയമപോരാട്ടം തുടരുന്നതിന് ഇരുവിഭാഗത്തിനും താല്‍പ്പര്യമില്ല
  • ഫണ്ട് കണ്ടെത്താന്‍ നിക്ഷേപകരുമായും ചര്‍ച്ച തുടരുന്നു


പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായി എഡ്‌ടെക് വമ്പന്‍ ബൈജൂസ് തങ്ങളുടെ ചില വായ്പാദാതാക്കളുമായി ചര്‍ച്ച പുനരാരംഭിച്ചെന്ന് വിവിധ സ്രോതസുകളില്‍ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1.2 ബില്യൺ ഡോളറിന്‍റെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ഉണ്ടായ തിരിച്ചടികളാണ് സമീപകാലത്ത് കമ്പനിയെ ഏറ്റവുമധികം ബാധിച്ചിരുന്നത്. കരാര്‍ വ്യവസ്ഥകളുടെ ലംഘനം ആരോപിച്ച് വായ്പാദാതാക്കളും കമ്പനിയും തമ്മിലുള്ള നിയമപോരാട്ടം തുടരവേയാണ് ഇതിലെ ചില വായ്പാദാതാക്കളുമായി ബൈജൂസ് വീണ്ടും ചര്‍ച്ചയാരംഭിച്ചിരിക്കുന്നത്.

കമ്പനിയും വായ്പാദാതാക്കളും നിയമ വ്യവഹാരം മുന്നോട്ടുകൊണ്ടുപോകുന്നതിന് താല്‍പ്പര്യപ്പെടുന്നില്ലെന്നും ഇതിനാല്‍ വായ്പ പുനഃക്രമീകരിച്ച് വേഗത്തില്‍ നടപ്പില്‍ വരുത്താനാണ് ഇരു കക്ഷികളും ശ്രമിക്കുന്നത് എന്നുമാണ് വിവരം. എന്നാല്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ച കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കടം തീര്‍ക്കല്‍, കൂപ്പൺ ബൂസ്റ്റ്, വായ്പയിലെ നിക്ഷേപകര്‍ക്ക് മികച്ച പരിരക്ഷ എന്നിവ ആവശ്യപ്പെടുന്ന വിശദമായ ഭേദഗതി നിർദ്ദേശം വായ്പാദാതാക്കള്‍ കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ഈ നിർദ്ദേശം അവലോകനം ചെയ്ത് അടുത്ത ആഴ്ച ആദ്യം മറുപടി നൽകുമെന്ന് കമ്പനി ചില വായ്പാദാതാക്കളെ അറിയിച്ചിട്ടുണ്ട്.

ജൂണിനു മുമ്പ് ആറുമാസക്കാലത്തോളം ടേം ലോണ്‍ പ്രതിസന്ധി ഒഴിവാക്കാന്‍ കമ്പനി വായ്പാദാതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കാര്യമായ പുരോഗതി ഇല്ലാത്തതതിനാല്‍ വായ്പാദാതാക്കള്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും തിരിച്ചടവ് വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പലിശയിനത്തില്‍ നല്‍കേണ്ട 40 മില്യണ്‍ ഡോളറിന്‍റെ തിരിച്ചടവിന് നല്‍കിയിരുന്ന അവസാന തീയതി ജൂണ്‍ 5ന് അവസാനിക്കാനിരുന്ന സാഹചര്യത്തിലാണ് ബൈജൂസ് വായ്പാ ദാതാക്കള്‍ക്കെതിരേ ന്യൂയോര്‍ക്ക് കോടതിയെ സമീപിച്ചത്.

വായ്പാദാതാക്കളും ബൈജൂസ് ആൽഫക്കെതിരേ ഡെലവെർ കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. ബൈജൂസിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ബൈജൂസ് ആൽഫ ഇൻക് എന്ന ഉപകമ്പനി 2021 നവംബറില്‍ ടേം ലോണ്‍ ബി സമാഹരിച്ചിരുന്നു.. ബൈജൂസ് ആൽഫ തങ്ങളിൽ നിന്ന് 500 മില്യൺ ഡോളർ മറച്ചുപിടിക്കുന്നതായാണ് വായ്പാദാതാക്കളുടെ ആരോപണം. എന്നാല്‍ ബൈജൂസ് ഇത് നിഷേധിക്കുകയാണ്. ഡെലവെറിലും ന്യൂയോർക്കിലും നിയമനടപടികൾ നടക്കുന്നതിനാൽ, മുഴുവൻ ടേം ലോണ്‍ ബി-യും തർക്കത്തിലാണെന്നും ഇക്കാര്യത്തില്‍ കോടതി തീരുമാനിക്കുന്നത് വരെ, പലിശയുൾപ്പെടെ യാതൊരു വിധത്തിലുള്ള തിരിച്ചടവും നടത്തില്ലെന്നുമാണ് ബൈജൂസിന്‍റെ ഇപ്പോഴത്തെ പ്രഖ്യാപിത നിലപാട്.

ബൈജൂസിന്റെ സഹസ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ വ്യാഴാഴ്ച (ജൂണ്‍ 28) വെര്‍ച്വല്‍ മീറ്റിംഗിലൂടെ ജീവനക്കാരെ അഭിസംബോധന ചെയ്തിരുന്നു. കമ്പനി ശക്തമായി തിരിച്ചുവരുമെന്ന് ഉറപ്പുനല്‍കിയ അദ്ദേഹം ബൈജൂസിന്റെ ഏറ്റവും മികച്ചത് വരാനിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ പിരിച്ചുവിടല്‍, ബോര്‍ഡംഗങ്ങളുടെ രാജി, മൂല്യനിര്‍ണ്ണയം വെട്ടിക്കുറച്ചത്, 1.2 ബില്യന്‍ ടേം ലോണിനെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന നിയമപോരാട്ടം എന്നിങ്ങനെയുള്ള പ്രതികൂല വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ജീവനക്കാരുടെ മുന്നിലെത്തിയത്.

ഒരു പുതിയ റൗണ്ട് ഇക്വിറ്റി ഫണ്ട് ശേഖരണത്തിനായി കമ്പനി നിക്ഷേപകരുമായി ചര്‍ച്ച നടത്തുണ്ട്. ഇത്തരത്തില്‍ ധനസമാഹരണം സാധ്യമായില്ലെങ്കില്‍ നിലവിലുള്ള ചില ആസ്തികള്‍ വില്‍ക്കുന്നതടക്കമുള്ള ബദല്‍ മാര്‍ഗങ്ങള്‍ കമ്പനി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.