24 July 2023 9:58 AM GMT
Summary
- ധാരണയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല
- തിരിച്ചടവ് വേഗത്തിലാക്കണമെന്ന ആവശ്യം വായ്പാദാതാക്കള്‍ പിന്‍വലിച്ചേക്കും
- തുടര്‍ച്ചയായ തിരിച്ചടികള്‍ക്കിടെ കമ്പനിക്ക് ആശ്വാസം
1.2 ബില്യൺ ഡോളറിന്‍റെ വായ്പയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഇന്ത്യൻ എഡ്‌ടെക് വമ്പന്‍ ബൈജൂസിന്‍റെ ശ്രമങ്ങള്‍ ഫലം കണ്ടതായി റിപ്പോര്‍ട്ട്. വായ്പയുടെ പുനഃക്രമീകരണ കാര്യത്തില്‍ ബൈജൂസ് വായ്പാദാതാക്കളുമായി ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തില്‍ അധികമായി കമ്പനി നേരിടുന്ന പ്രതിസന്ധികളുടെ മുഖ്യ ഘടകം ഈ ടേം ലോണ്‍ ആയിരുന്നു.
പലിശയിനത്തില്‍ നല്‍കേണ്ട 40 മില്യണ്‍ ഡോളറിന്‍റെ തിരിച്ചടവ് സാധ്യമാകാതിരുന്നതിനെ തുടര്‍ന്ന് ബൈജൂസ് വായ്പാദാതാക്കള്‍ക്ക് എതിരേ ന്യൂയോര്‍ക്ക് കോടതിയെ സമീപിച്ചിരുന്നു. ആറുമാസക്കാലത്തോളം വായ്പാദാതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ബൈജൂസ് കേസുമായി പോയത്. ബൈജൂസിനെതിരേ വായ്പാദാതാക്കളും കോടതിയെ സമീപിച്ചിരുന്നു. ഇപ്പോള്‍ ഇരുപക്ഷവും ധാരണയില്‍ എത്തിയതോടെ കേസുകളും പിന്‍വലിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. കേസുമായി മുന്നോട്ടുപോകുന്നതിന് കമ്പനിക്കും വായ്പാദാതാക്കള്‍ക്കും താല്‍പ്പര്യമില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ടേം ലോൺ ബി-യിലെ തിരിച്ചടവ് വേഗത്തിലാക്കണമെന്ന ആവശ്യം വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും വായ്പാ ദാതാക്കളില്‍ ഒരാളായ റെഡ്‌വുഡിനെ അയോഗ്യമാക്കണമെന്നും ന്യൂയോര്‍ക്ക് കോടതിലെ ഹര്‍ജിയില്‍ ബൈജൂസ് വാദിച്ചത്. പ്രാഥമികമായി സമ്മര്‍ദത്തിലായ വായ്പയുടെ ട്രേഡിംഗിനിടെ റെഡ്‍വുഡ് വായ്പയുടെ ഒരു പ്രധാന ഭാഗം സ്വന്തമാക്കിയെന്നും 'ഇരപിടിക്കല്‍' സ്വഭാവത്തിലുള്ള നിരവധി തന്ത്രങ്ങള്‍ പയറ്റിയെന്നുമായിരുന്നു ആരോപണം. തർക്കം പരിഹരിക്കുന്നതുവരെ ടേം ലോൺ ബി വായ്പാദാതാക്കള്‍ക്ക് യാതൊരു വിധത്തിലുള്ള തിരിച്ചടവും നടത്തില്ലെന്നുമായിരുന്നു കമ്പനിയുടെ പ്രഖ്യാപിത നിലപാട്.
ബൈജൂസിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ബൈജൂസ് ആൽഫ ഇൻക് എന്ന ഉപകമ്പനി 2021 നവംബറില്‍ ടേം ലോണ്‍ ബി സമാഹരിച്ചിരുന്നു. വായ്പാദാതാക്കള്‍ ബൈജൂസ് ആൽഫക്കെതിരേ ഡെലവെർ കോടതിയിൽ കേസ് നൽകിയ സാഹചര്യത്തില്‍ കൂടിയാണ് കമ്പനി ന്യൂയോർക്ക് സുപ്രീം കോടതിയെ സമീപിച്ചത്. ബൈജൂസ് ആൽഫ തങ്ങളിൽ നിന്ന് 500 മില്യൺ ഡോളർ മറച്ചുപിടിക്കുന്നതായാണ് വായ്പാദാതാക്കള്‍ ആരോപിച്ചത്.
ധാരണയുടെ ഭാഗമായി തിരിച്ചടവിന് വേഗം കൂട്ടണമെന്ന തങ്ങളുടെ ആവശ്യത്തില്‍ നിന്ന് വായ്പാദാതാക്കള്‍ പിന്‍മാറിയേക്കും. ധാരണയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ടേം ലോണ്‍ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതും ജീവനക്കാരെ പിരിച്ചുവിടുന്നതുമായ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ബൈജൂസിനെ കുറിച്ച് അശുഭകരമായ നിരവധി വാര്‍ത്തകളാണ് എത്തിയത്.
തുടരുന്ന പ്രതിസന്ധി അയയുമോ?
ഓൺലൈൻ വിദ്യാഭ്യാസ വിപണിക്ക് കൊറോണ മഹാമാരി ഒഴിഞ്ഞതിനു പിന്നാലെ ഉണ്ടായ മാന്ദ്യമാണ്, ബൈജൂസിനെ പ്രതിസന്ധിയിലേക്ക് നയിച്ച ഒരു ഘടകം. എഡ്യൂടെക് മേഖലയുടെ വളര്‍ച്ചയില്‍ കണ്ണുനട്ട് വന്‍തോതിലുള്ള നിക്ഷേപത്തിലേക്കും വിപുലീകരണത്തിലേക്കും കമ്പനി നീങ്ങിയിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇതെല്ലാം തിരിച്ചടിയായി. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലേക്കുള്ള തങ്ങളുടെ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ഇതുവരെ സമര്‍പ്പിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം കമ്പനിയുടെ അക്കൌണ്ട് ബുക്കുകളിലെ പരിശോധനയ്ക്ക് നടപടികള്‍ ആരംഭിക്കിട്ടുണ്ട്.
ജീവനക്കാരെ പിരിച്ചുവിടുന്നതും മറ്റു ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം 2500 ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി നിലവില്‍ ആയിരം പേരെ പിരിച്ചുവിടുന്ന പദ്ധതി നടപ്പാക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഒട്ടുമിക്ക ജീവനക്കാരുടെയും പിഎഫ് പേമെന്റ് കമ്പനി നടത്തിയിട്ടില്ലെന്ന് ഇപിഎഫ്ഒ ഡാറ്റ ഉള്‍പ്പടെയുള്ള സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഓഡിറ്ററും മൂന്ന് ബോര്‍ഡംഗങ്ങളും അടുത്തിടെ ബൈജൂസില്‍ നിന്നും പടിയിറങ്ങിയിരുന്നു. ഇതിനു പിന്നാലെ നിക്ഷേപ സ്ഥാപനമായ പ്രോസസ് ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറയ്ക്കുകയും ചെയ്തു. ബൈജൂസിന്‍റെ പ്രധാന ഓഹരി ഉടമകള്‍ കൂടിയായ പ്രോസസ് രണ്ടാം തവണയാണ് മൂല്യം കുറയ്ക്കുന്നത്. ജനറല്‍ അറ്റ്‌ലാന്റിക്, ബ്ലാക്‌റോക്ക് തുടങ്ങിയ വന്‍കിട സ്ഥാപനങ്ങള്‍ ബൈജൂസില്‍ നിക്ഷേപകരാണ്. യുഎസ് ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ബ്ലാക്ക്‌റോക്ക് ഒന്നിലധികം തവണ ബൈജൂസിന്റെ മൂല്യം വെട്ടിച്ചുരുക്കിയിട്ടുണ്ട്.
നേതൃതലത്തില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെയും സിഇഒക്കായി ഉപദേശക സമിതിയെ നിയോഗിച്ചതു പോലുള്ള തീരുമാനങ്ങളിലൂടെയും തിരിച്ചുവരവിനുള്ള ശ്രമം പ്രകടമാക്കുന്ന ബൈജൂസിന് ടേം ലോണ്‍ വായ്പയില്‍ ലഭിക്കുന്ന ആശ്വാസം ഗുണകരമാകും.