image

4 Aug 2023 6:38 AM GMT

Corporates

വായ്പാ പുനഃക്രമീകരണം: സമയപരിധി പാലിക്കാനാകാതെ ബൈജൂസും വായ്പാദാതാക്കളും

MyFin Desk

loan restructuring byjus and lenders deadlines
X

Summary

  • വായ്പാഭേദഗതിയില്‍ ഓഗസ്റ്റ് 3ന് മുമ്പ് ധാരണയിലെത്താനായിരുന്നു നിശ്ചയിച്ചിരുന്നത്
  • ബൈജൂസ് ആകാശില്‍ നിക്ഷേപത്തിന് ഒരുങ്ങി മണിപ്പാല്‍ ഗ്രൂപ്പ്
  • ബൈജു രവീന്ദ്രന്‍ അടുത്തയാഴ്ച വായ്പാദാതാക്കളെ കാണുന്നു


120 കോടി ഡോളർ മൂല്യമുള്ള ടേം വായ്പയുടെ നിബന്ധനകൾ പുനഃക്രമീകരിക്കാനുള്ള സമയപരിധി പാലിക്കാനാകാതെ ബൈജൂസ്. ഓഗസ്റ്റ് 3നകം വ്യവസ്ഥകള്‍ പുതുക്കിനിശ്ചയിക്കണമെന്നാണ് വായ്പാദാതാക്കള്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഭേദഗതികള്‍ സംബന്ധിച്ച അന്തിമ ധാരണയില്‍ എത്താന്‍ ഇരു കക്ഷികള്‍ക്കും സാധിച്ചിട്ടില്ല.

ബൈജൂസ് സിഇഒ ബൈജു രവീന്ദ്രന്‍ അടുത്തയാഴ്ച വായ്പാദാതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ച ഫലപ്രദമാകുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ കമ്പനിക്കുള്ളത്. ചര്‍ച്ചകള്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോകുകയാണെന്നും ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്നും ബൈജൂസ് വക്താവ് പ്രതികരിച്ചിട്ടുണ്ട്.

ടേം വായ്പയില്‍ മൊത്തം 85 ശതമാനത്തിലധികം വിഹിതമുള്ള വായ്പാദാതാക്കളുടെ ഒരു സ്റ്റിയറിംഗ് കമ്മിറ്റി ജൂലൈ 24-നാണ് ഭേദഗതി സംബന്ധിച്ച സമയക്രമം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 3ന് മുമ്പായി അന്തിമ ധാരണയില്‍ ഒപ്പിടുന്നതിന് കമ്പനിയും തങ്ങളും സമ്മതിച്ചതായും കമ്മിറ്റി പറഞ്ഞിരുന്നു.

അതിനിടെ പുതിയ നിക്ഷേപ സമാഹരണത്തിനുള്ള ശ്രമങ്ങളും ബൈജൂസ് നടത്തുന്നുണ്ട്. ഉപകമ്പനിയായ ബൈജൂസ് ആകാശിലെ തന്‍റെ ഓഹരി പങ്കാളിത്തം മണിപ്പാല്‍ ഗ്രൂപ്പിന് വില്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ബൈജു രവീന്ദ്രന്‍ തുടക്കമിട്ടു. ഇതിലൂടെ ലഭിക്കുന്ന തുക വായ്പാ തിരിച്ചടവിന് സഹായിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

വായ്പയുടെ ചരിത്രം

2021 നവംബറിലാണ് ഒരു കൂട്ടം വിദേശ നിക്ഷേപകരിൽ നിന്ന് ടേം ലോൺ ബി വഴി ബൈജൂസ് 120 കോടി ഡോളർ കടം സമാഹരിച്ചത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയില്‍ പൊടുന്നനെയുണ്ടായ വലിയ മുന്നേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ വന്‍ വിപുലീകരണ പദ്ധതികള്‍ക്കാണ് കമ്പനി തുടക്കമിട്ടത്. എന്നാല്‍ കൊറോണ മഹാമാരിയുടെ ഭീതി ഒഴിഞ്ഞതിനൊപ്പം കമ്പനിയുടെ ഉല്‍പ്പന്നങ്ങളെ സംബന്ധിച്ചും മാര്‍ക്കറ്റിംഗ് രീതികളെ കുറിച്ചും വ്യാപകമായ പരാതികള്‍ ഉയര്‍ന്നുവരിക കൂടി ചെയ്തതോടെ ബൈജൂസിന്‍റെ വരുമാനത്തില്‍ വലിയ ഇടിവുണ്ടായി.

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കമ്പനി നേരിടുന്ന പ്രതിസന്ധികളുടെ മുഖ്യ ഘടകം ഈ ടേം വായ്പ ആയിരുന്നു. ധനപരമല്ലാത്തതും സാങ്കേതികവുമായ ചില വീഴ്ചകളുടെ അടിസ്ഥാനത്തില്‍ തിരിച്ചടവ് വേഗത്തിലാക്കണമെന്ന് വായ്പാദാതാക്കള്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആവശ്യപ്പെട്ടു. മേയില്‍ ബൈജൂസിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ബൈജൂസ് ആൽഫ ഇൻകിനെതിരേ വായ്പാ ദാതാക്കള്‍ യുഎസിലെ ഡെലവെർ കോടതിയിൽ കേസ് നൽകുകയും ചെയ്തു. ബൈജൂസ് ആൽഫ തങ്ങളിൽ നിന്ന് 500 മില്യൺ ഡോളർ മറച്ചുപിടിക്കുന്നതായാണ് വായ്പാദാതാക്കള്‍ ആരോപിച്ചത്.

ഇതിനു പിന്നാലെ, പലിശയിനത്തില്‍ നല്‍കേണ്ട 40 മില്യണ്‍ ഡോളറിന്‍റെ തിരിച്ചടവ് സാധ്യമാകാതിരുന്നതിനെ തുടര്‍ന്ന് ബൈജൂസ് വായ്പാദാതാക്കള്‍ക്ക് എതിരേ ന്യൂയോര്‍ക്ക് കോടതിയെ സമീപിച്ചിരുന്നു. ആറുമാസക്കാലത്തോളം വായ്പാദാതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ബൈജൂസ് കേസുമായി പോയത്.ഇപ്പോള്‍ ഇരുപക്ഷവും ധാരണയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പരസ്പരം നല്‍കിയ കേസുകള്‍ പിന്‍വലിക്കപ്പെട്ടേക്കും.