image

30 Nov 2023 12:35 PM IST

Corporates

ബൈജൂസിന്റെ 28000 കോടി രൂപക്ക് ഇഡിയുടെ നോട്ടിസ്; മൂല്യം വെട്ടിക്കുറച്ച് പ്രൊസസ്

MyFin Desk

ED notice is not serious and process by reducing the value of Byjus
X

Summary


    നേരിട്ടുള്ള വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി; ED ) തങ്ങള്‍ക്കു നല്‍കിയ നോട്ടീസ് ഗുരുതര സ്വഭാവം ഉള്ളതല്ലെന്ന് പ്രതിസന്ധിയില്‍ ഉഴലുന്ന എഡ്‌ടെക് കമ്പനി ബൈജൂസ്. വാർഷിക പ്രകടന റിപ്പോർട്ടുകൾ (എപിആർ) സമർപ്പിക്കുന്നതിലുണ്ടായ കാലതാമസം ഉള്‍പ്പടെയുള്ള സാങ്കേതിക പ്രശ്‍നങ്ങളാണ് നോട്ടിസിന് കാരണമായതെന്നും കേസ് വിജയകരമായി കൈകാര്യം ചെയ്യുന്നതിൽ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

    ബൈജൂസിനും കമ്പനിയുടെ സിഇഒയും സഹസ്ഥാപകനുമായ ബൈജു രവീന്ദ്രനുമെതിരേ നവംബർ 21നാണ് ഇഡി വിദേശ വിനിമയ ചട്ടങ്ങളിലെ ലംഘനം ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. 9,300 കോടിയിലധികം രൂപയുടെ വിദേശനാണ്യ ലംഘനം നടത്തിയെന്നാണ് ഇഡി നോട്ടീസിലെ നിഗമനം. കമ്പനിക്കു മേല്‍ പിഴ ചുമത്തുന്നതിനുള്ള നിരവധി കാരണങ്ങള്‍ ഇഡി നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരിക്കുന്ന തുകയുടെ മൂന്നിരട്ടി വരെ ഫെമ ലംഘകർക്ക് പിഴ ചുമത്താൻ ഇഡിക്ക് അധികാരമുണ്ട്.

    2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28000 കോടി രൂപ (ഏകദേശം) നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചുണ്ടെന്നു അന്വേഷണത്തിൽ കണ്ടെത്തിയാതായി ഇഡി ശനിയാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. എൻട്രികൾ ശരിയല്ലെന്ന് ഇഡി സംശയിക്കുന്നു. ഒരു വിദേശ അധികാരപരിധിയിലേക്ക് അയച്ച തുക ഉൾപ്പെടെ പരസ്യങ്ങളുടെയും വിപണന ചെലവുകളുടെയും പേരിൽ ഏകദേശം 944 കോടി രൂപ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഏജൻസി അറിയിച്ചു.

    വിവരങ്ങള്‍ അറിയിച്ചെന്ന് കമ്പനി

    "നിയമത്തിലെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള എല്ലാ എഫ്‍ഡിഐകളെ കുറിച്ചും കമ്പനി സമയബന്ധിതമായി ആവശ്യമായ അറിയിപ്പ് ഫയൽ ചെയ്തിട്ടുണ്ട്," ബൈജൂസിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലഭിച്ച എഫ്‍ഡിഐ-യുടെ അടിസ്ഥാനത്തില്‍ നിശ്ചിത സമയത്തിനുള്ളിൽ ഓഹരികൾ ഇഷ്യൂ ചെയ്തുവെന്നും ബൈജൂസ് അവകാശപ്പെട്ടു. എഫ്‍ഡിഐ സ്വീകരിച്ചതുമായി ബന്ധപ്പെട്ട റിട്ടേണുകൾ കൃത്യസമയത്ത് ഫയൽ ചെയ്തിരിക്കെ, എപിആര്‍ ഫയല്‍ ചെയ്യുന്നത് വൈകി എന്നത് ഒരു സാങ്കേതിക പ്രശ്‌നം മാത്രമാണെന്ന് കമ്പനി വാദിക്കുന്നു. ഇഡി പിഴയിട്ടാലും അത് നാമമാത്രമായിരിക്കും എന്നാണ് കമ്പനി പറയുന്നത്.

    എപിആര്‍ ഫയലിംഗ് വൈകുന്നതുമായി ബന്ധപ്പെട്ട് ആർബിഐ നിയന്ത്രണങ്ങൾക്കനുസൃതമായി ചുമത്താവുന്ന പിഴ 7500 രൂപ മാത്രമാണെന്നും നോട്ടീസ് ഒരു തരത്തിലും പിഴയെ സൂചിപ്പിക്കുന്നില്ലെന്നും ബൈജൂസിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

    ഇന്ത്യയ്ക്ക് പുറത്തു നിന്ന് നടത്തിയ ഇറക്കുമതിയുടെ രേഖകൾ സമർപ്പിക്കുന്നതിലെ വീഴ്ച, ഇന്ത്യയ്ക്ക് പുറത്തേക്ക് നടത്തിയ കയറ്റുമതി വരുമാനം രേഖപ്പെടുത്തുന്നതിലെ വീഴ്ച എന്നിവയും കമ്പനിക്കെതിരേ ഇഡി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

    മൂല്യ നിര്‍ണയം വെട്ടിക്കുറച്ച് പ്രൊസസ്

    ബൈജൂസിന്‍റെ മൂല്യം 3 ബില്യൺ യുഎസ് ഡോളറിനു താഴേക്ക് കുറച്ചതായി പ്രമുഖ ഡച്ച് വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ പ്രോസസ് അറിയിച്ചു. കൃത്യമായ കണക്കുകൾ വെളിപ്പെടുത്താതെ ബൈജൂസിന്‍റെ കൃത്യമായ മൂല്യം കമ്പനി വിശദീകരിച്ചിട്ടില്ല. ബിസിനസിൽ വളരെയധികം വെല്ലുവിളികൾ നേരിടുന്ന ബൈജൂസു-മായി നിരന്തരം ചർച്ചകൾ നടക്കുന്നുണ്ടെന്ന് പ്രൊസസിന്‍റെ ഇടക്കാല സിഇഒ എര്‍വിന്‍ ടു പറഞ്ഞു. ബൈജുസിന്‍റെ ഇക്വിറ്റി അക്കൗണ്ടിംഗ് തങ്ങള്‍ അവസാനിപ്പിച്ചുവെന്നും വരുമാന റിപ്പോർട്ടുകളിൽ പ്രൊസസ് പറഞ്ഞു.