image

22 Jun 2023 11:51 AM GMT

Corporates

ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്? 3 പ്രധാന ബോര്‍ഡംഗങ്ങള്‍ രാജിവച്ചു

MyFin Desk

byjus to further crisis
X

Summary

  • മൂന്നു പേരുടെയും രാജി ഇതു വരെ അംഗീകരിച്ചിട്ടില്ല
  • ഇന്ത്യയിലെ വലിയ എഡ്ടെക് സ്ഥാപനമായ ബൈജൂസ് അടുത്ത റൗണ്ട് പിരിച്ചുവിടലിന് തയാറെടുക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പ്രാധാന്യം നേടിയിരുന്നു


എഡ്‌ടെക് ഭീമന്‍ ബൈജൂസിന്റെ ബോര്‍ഡംഗങ്ങള്‍ രാജിവച്ചു. സെക്വയ ക്യാപിറ്റല്‍ ഇന്ത്യ(Sequoia Capital India) എന്ന് അറിയപ്പെട്ടിരുന്ന പീക്ക് എക്‌സ്‌വി പാര്‍ട്‌ണേഴ്‌സിന്റെ (Peak XV Partners) ജി വി രവിശങ്കര്‍, വിവിയന്‍ വു (ചാന്‍ സുക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ്), റസല്‍ ഡ്രെയിന്‍സെന്‍സ്റ്റോക്ക് (പ്രോസസ്)എന്നിവരാണ് രാജിവച്ചത്.

ആദ്യകാലം മുതല്‍ പിന്തുണ നല്‍കി വന്നിരുന്നയാളാണ് ജി വി രവിശങ്കര്‍. ഇവര്‍ മൂന്നു പേരും ബൈജൂസിലെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരാണ്.

ഇവര്‍ മൂന്ന് പേര്‍ക്കൊപ്പം റിജു രവീന്ദ്രന്‍, ബൈജു രവീന്ദ്രന്‍, ദിവ്യ ഗോകുല്‍നാഥ് എന്നിവരായിരുന്നു ബൈജൂസിന്റെ ബോര്‍ഡില്‍ അംഗങ്ങളായിരുന്നത്.

മൂന്നു പേരുടെയും രാജി ഇതു വരെ അംഗീകരിച്ചിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് സ്ഥാപനമായ ബൈജൂസ് തങ്ങളുടെ അടുത്ത റൗണ്ട് പിരിച്ചുവിടലിന് തയാറെടുക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വലിയ പ്രാധാന്യം നേടിയിരുന്നു.

വിവിധ വിഭാഗങ്ങളില്‍ നിന്നായി 1,000 ജീവനക്കാരെ പിരിച്ചുവിടുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതു നടപ്പിലാക്കുന്നതോടെ സമീപകാലത്ത് കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ട മൊത്തം ജീവനക്കാരുടെ എണ്ണം ഏകദേശം 3,500ലേക്ക്എത്തും.

കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ലാഭത്തിലേക്കുള്ള പാത ഒരുക്കുന്നതിനുമായാണ് പുതിയ പിരിച്ചുവിടലുകളെന്ന് കമ്പനിയുമായി ബന്ധപ്പെട്ട സ്രോതസുകള്‍ വെളിപ്പെടുത്തുന്നു. പിരിച്ചുവിടുന്നവര്‍ക്ക് നഷ്ടപരിഹാരമായി രണ്ട് മാസത്തെ ശമ്പളം നല്‍കും.

2022-ല്‍, 'ഒപ്റ്റിമൈസേഷന്‍' തന്ത്രത്തിന്റെ ഭാഗമായി 5 ശതമാനം അഥവാ 2,500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബൈജൂസ് പ്രഖ്യാപിച്ചിരുന്നു. ഒരേ ചുമതലകള്‍ പലരും വഹിക്കുന്നത് ഒഴിവാക്കുന്നതിനും സാങ്കേതികവിദ്യയെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങളിലെ ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കുന്നതിനും ഒപ്റ്റിമൈസേഷന്‍ നടപ്പാക്കുന്നുവെന്നാണ് കമ്പനി ആ ഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നത്. പ്രൊഡക്റ്റ്, കണ്ടന്റ്, മീഡിയ, ടെക്‌നോളജി ടീമുകളിലെല്ലാം പിരിച്ചുവിടലുകള്‍ ഉണ്ടായി,

അനുബന്ധ സ്ഥാപനങ്ങളായ മെറിറ്റ്‌നേഷന്‍, ട്യൂട്ടര്‍വിസ്റ്റ, സ്‌കോളര്‍, ഹാഷ്‌ലേണ്‍ എന്നിവയെ തങ്ങളുടെ ഇന്ത്യന്‍ ബിസിനസ് യൂണിറ്റിന് കീഴില്‍ കൊണ്ടുവരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ആകാശും ഗ്രേറ്റ് ലേണിംഗും സ്വതന്ത്രമായ നിലയില്‍ പ്രവര്‍ത്തിക്കും.

1.2 ബില്യണ്‍ ഡോളറിന്റെ ടേം ലോണുമായി ബന്ധപ്പെട്ട് നിലവില്‍ ബൈജൂസ് പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. ടേം ലോണ്‍ ബി-യിലെ തിരിച്ചടവ് വേഗത്തിലാക്കണമെന്ന ആവശ്യത്തിനെതിരേ കമ്പനി ഇപ്പോള്‍ ന്യൂയോര്‍ക്ക് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വായ്പാദാതാക്കളും ബൈജൂസും നിലപാട് കടുപ്പിച്ചത്. എന്നാല്‍ മറുപക്ഷം കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ തയാറാകാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന ഇരുപക്ഷവും വാദിക്കുന്നു.

ഗണ്യമായ ക്യാഷ് റിസര്‍വുകളോടെ സാമ്പത്തികമായി ശക്തമായ നിലയിലാണ് കമ്പനി മുന്നോട്ടു പോകുന്നതെന്നും ടിഎല്‍ബി വായ്പാദാതാക്കളുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ബൈജൂസ് പറഞ്ഞിരുന്നു. വായ്പദാതാക്കള്‍ അവരുടെ തെറ്റായ നടപടികള്‍ പിന്‍വലിക്കുകയും കരാറിന്റെ നിബന്ധനകള്‍ പാലിക്കുകയും ചെയ്താല്‍, ടിഎല്‍ബി-ക്ക് കീഴില്‍ പേയ്മെന്റുകള്‍ തുടരാന്‍ തയ്യാറാണെന്നും, തങ്ങള്‍ അതിന് സജ്ജമാണെന്നും കമ്പനി അവകാശപ്പെടുന്നു. കൊറോണ മഹാമാരിയുടെ വ്യാപന കാലത്ത് എഡ്‌ടെക് മേഖലയ്ക്കുണ്ടായ കുതിപ്പിന്റെ പശ്ചാത്തലത്തില്‍ വന്‍ വിപുലീകരണ പദ്ധതികള്‍ക്കാണ് ബൈജൂസ് തുടക്കമിട്ടത്. നിരവധി നിയമനങ്ങളും ഇക്കാലയളവില്‍ നടന്നു. എന്നാല്‍ കൊറോണ ഭീതി ഒഴിഞ്ഞതും എഡ്‌ടെക് വളര്‍ച്ച പരിമിതപ്പെട്ടതും ബൈജൂസിന് തിരിച്ചടികള്‍ നല്‍കി.