25 Nov 2023 11:50 AM GMT
Summary
വരുന്ന ആറ് മാസത്തിനുള്ളിൽ തുക സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം
അഞ്ച് ദശലക്ഷം ഡോളർ സ്വരൂപിക്കാനൊരുങ്ങി മൾട്ടി-ബ്രാൻഡ് ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമായ ബി-ലൈവ്. വരുന്ന ആറ് മാസത്തിനുള്ളിൽ തുക സ്വരൂപിക്കുമെന്ന് സിഇഒയും സഹസ്ഥാപകനുമായ സമർത് ഖോൽക്കർ പറഞ്ഞു. കമ്പനിയിൽ ശക്തമായ താല്പര്യം നിക്ഷേപകർ കാണിക്കുണ്ടെന്നും ഖോൽക്കർ കൂട്ടിച്ചേർത്തു.
ഇതിനു മുമ്പ് 2 ദശലക്ഷം ഡോളറിനു അടുത്ത് കമ്പനി സ്വരൂപിച്ചിട്ടുണ്ട്. ഇപ്പോൾ 5 ദശലക്ഷം ഡോളർ സമാഹരിക്കാൻ ഒരുങ്ങുന്നു. ഇത് സാങ്കേതികവിദ്യയിലും മനുഷ്യശക്തിയിലും നിക്ഷേപിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഖോൽക്കർ പറഞ്ഞു. ബി-ലൈവ് ഒരു ഡാറ്റാധിഷ്ഠിത പ്ലാറ്റ്‌ഫോം ആയതിനാൽ, അതിന്റെ ബിസിനസ്സ് വൻതോതിൽ വർദ്ധിപ്പിക്കുന്നതിന് ബ്ലോക്ക്ചെയിൻ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സാധ്യമാകും. സമീപഭാവിയിൽ 10X വളർച്ചയിലുള്ള കമ്പനിയെ 100X വരെ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
2025 സാമ്പത്തിക വർഷത്തോടെ വരുമാനം 100 കോടി രൂപയിലെത്തിക്കാനും അടുത്ത 12 മാസത്തിനുള്ളിൽ ലാഭം കൈവരിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഈ നേട്ടത്തിലെത്താൻ ശക്തമായ ഒരു സാങ്കേതിക പ്ലാറ്റ്‌ഫോമിന്റെ ആവശ്യകത അനിവാര്യമാണ്. സാങ്കേതികവിദ്യയിൽ നിക്ഷേപിക്കുന്നത് കമ്പനിയെ അതിന്റെ ലക്ഷ്യത്തിലെത്താനും കാര്യക്ഷമമായി ഉയരാനും സഹായിക്കുമെന്ന് ഖോൽക്കർ പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-ബ്രാൻഡ് ഇവി പ്ലാറ്റ്‌ഫോമാണ് ബി-ലൈവ്. അതിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ വൈവിധ്യമാർന്ന ഇവി ഉൽപ്പന്നങ്ങളും സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒന്നിലധികം ബ്രാൻഡുകൾ അതിന്റെ പ്ലാറ്റഫോമിലുണ്ട്. ഓൺലൈൻ ഇ-കൊമേഴ്‌സ് സ്റ്റോറും ഇന്ത്യയിലുടനീളമുള്ള പ്രീമിയം സ്റ്റോറുകളും കമ്പനിക്കുണ്ട്.