image

17 Aug 2023 8:20 AM

Corporates

ഇന്ത്യന്‍ വിപണിയില്‍ ഒന്നിച്ചു ചുവടുവെക്കാനൊരുങ്ങി ബാറ്റയും അഡിഡാസും

MyFin Desk

Bata - Adidas partnership
X

Summary

  • 2022 -23ല്‍ ബാറ്റ ഇന്ത്യയുടെ അറ്റാദായം 319 കോടി രൂപ
  • കൂടുതല്‍ ഫ്രാഞ്ചൈസികള്‍ക്കായി ശ്രമം


പാദരക്ഷ നിർമ്മാതാക്കളായ ബാറ്റ ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തിനായി സ്പോര്‍ട്‍സ് ഷൂ നിർമ്മാതാക്കളായ അഡിഡാസുമായി ചർച്ചകൾ നടത്തുന്നു. ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ എത്തിയെന്നാണ് വിവിധ ശ്രോതസുകളില്‍ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യൻ വിപണിയിലെ യോജിച്ച പ്രവര്‍ത്തനം ലക്ഷ്യമിട്ടിട്ടുള്ള പങ്കാളിത്തത്തിനാണ് ശ്രമിക്കുന്നത്.

സ്പോര്‍ട്‍സ് ഉല്‍പ്പന്നങ്ങളുടെ വിപണിയിലേക്ക് ബാറ്റ കടക്കുന്നതായി നേരത്തേ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. സ്പോര്‍ട്‍സ് ഉല്‍പ്പന്നങ്ങള്‍ക്കും ഷൂസുകള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ മികച്ച വളര്‍ച്ചാ സാധ്യതയാണ് കാണുന്നതെന്ന് ബാറ്റ ഇന്ത്യയുടെ ചെയർമാൻ അശ്വിനി വിൻഡ്‌ലാസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. വിതരണ ശൃംഖല വിപുലീകരിക്കുന്നതിനും ബാറ്റ തയാറെടുക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ബാറ്റ ഇന്ത്യയുടെ അറ്റാദായം 319 കോടി രൂപയായി ഉയർന്നു, 2021-22ല്‍ അത് 100 കോടി രൂപയായിരുന്നു. 2022 -23ലെ വരുമാനം 3,451.5 കോടി രൂപയാണ്. 2,000-ലധികം സ്റ്റോറുകൾ ഇപ്പോള്‍ കമ്പനിക്കുണ്ട്. ചെറുപട്ടണങ്ങളിലും നഗരങ്ങളിലും സാന്നിധ്യം വിപുലീകരിക്കുകയും ചെറുകിട ഇടത്തരം സംരംഭകരുമായി സഹകരിച്ച് കൂടുതല്‍ ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ശ്രമിക്കുകയാണ്.

2025ഓടെ ഫ്രാഞ്ചൈസി സ്റ്റോറുകളുടെ എണ്ണം 500 ആക്കി വികസിപ്പിക്കാനാണ് ബാറ്റ ഇന്ത്യ ലക്ഷ്യമിടുന്നത്.