4 Feb 2023 11:37 AM IST
Summary
- 2020 മുതല്‍ ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിന് മികച്ച പ്രതികരണമാണ് ഇന്ത്യയില്‍ ലഭിക്കുന്നത്.
മുംബൈ: ആപ്പിള്‍ ഉത്പന്നങ്ങളുടെ ഉത്പാദനത്തിന്റെ നല്ലൊരു ഭാഗവും വൈകാതെ ഇന്ത്യയില്‍ നിന്നാകും എന്ന് സൂചന. ഇന്ത്യന്‍ വിപണിയില്‍ എക്കാലത്തേയും ഉയര്‍ന്ന നിലയിലാണ് വ്യാപാരം എന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രതീക്ഷ പ്രകടിപ്പിച്ചതിന് പിന്നാലെ ആപ്പിളിന്റെ ഐക്കണിക്ക് റീട്ടെയില്‍ സ്റ്റോറുകളും ഇന്ത്യയില്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടും വന്നുകഴിഞ്ഞു. ആഗോളതലത്തില്‍ ആപ്പിളിന് ഏറ്റ പലവിധത്തിലുള്ള തിരിച്ചടിയും നിലവിലെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന സ്വീകാര്യതയും കണക്കാക്കിയാല്‍ വരും വര്‍ഷങ്ങളില്‍ ഏറ്റവുമധികം ആപ്പിള്‍ സ്റ്റോറുകളുള്ള രാജ്യമായി ഇന്ത്യ മാറിയേക്കും.
2020 മുതല്‍ ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിന് മികച്ച പ്രതികരണമാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. ഇഎംഐ വ്യവസ്ഥയിലാണെങ്കിലും ഒരു ഐഫോണ്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ച് വരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
മാര്‍ക്കറ്റ് ട്രാക്കറായ കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം ആപ്പിളിന്റെ 30,000 രൂപയ്ക്ക് മുകളിലുള്ള ഹാന്‍ഡ്‌സെറ്റുകളാണ് രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്പ്‌മെന്റിന്റെ 35 ശതമാനവും കയ്യടക്കിയിരിക്കുന്നത്. 2022ലെ കണക്ക് പ്രകാരം ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണി വിഹിതത്തില്‍ ആപ്പിള്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. 2022ല്‍ മാത്രം ഇന്ത്യയില്‍ 16 ശതമാനം അധിക വളര്‍ച്ചയാണ് കമ്പനി നേടിയത്.