13 Nov 2023 12:10 PM IST
Summary
- ടവറുകളുടെയും കരാറുകാരുടെയും എണ്ണത്തില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വതന്ത്ര ടെലികോം ടവര്‍ കമ്പനിയാണ് എടിസി ഇന്ത്യ.
അമേരിക്ക് ആസ്ഥാനമായുള്ള പ്രമുഖ ടെലികോം ടവര്‍ കമ്പനിയായ അമേരിക്കന്‍ ടവേഴ്‌സ് കോര്‍പറേഷന്‍ (എടിസി) നഷ്ടത്തിലായ ഇന്ത്യന്‍ ബിസിനസുകള്‍ വില്‍ക്കാനൊരുങ്ങുന്നു. ഡിസംബര്‍ അവസാനത്തോടെ ഏകദേശം 220 കോടി ഡോളറിന് കൈമാറ്റം നടന്നേക്കും. ടാറ്റ ടെലി ഇൻഫോം ഏറ്റെടുത്താണ് എ ടി സി ഇന്ത്യൻ ടെലികോം വിപണിയിൽ പ്രവേശിച്ചത്.
അമേരിക്ക ആസ്ഥാനമായുള്ള ഇന്‍ഫ്രസ്ട്രക്ച്ചര്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഐ സ്‌ക്വയേഡ് കാപിറ്റല്‍ ടെലികോം ടവര്‍ കമ്പനിയെ വാങ്ങാന്‍ മുന്‍നിരയിലുണ്ട്. ടവര്‍ കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി നഷ്ടത്തിലാണെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ എടിസി ഇന്ത്യയിലെ ബിസിനസുമായി ബന്ധപ്പെട്ട് 322 ദശലക്ഷം ഡോളറിന്റെ ഗുഡ് വില്‍ ഇംപെയര്‍മെന്റ് ചാര്‍ജ് ( ഉപയോഗശൂന്ന്യമായ വസ്തുക്കളുടെ മൂല്യ൦ ആസ്തി മൂല്യത്തിൽ നിന്ന് കുറയ്ക്കുക) രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമുള്ള ഇന്ത്യയിലെ ബിസിനസുകളുടെ മൂല്യമാണ് 220 കോടി ഡോളറായി കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.
ടവറുകളുടെയും കരാറുകാരുടെയും എണ്ണത്തില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വതന്ത്ര ടെലികോം ടവര്‍ കമ്പനിയാണ് എടിസി ഇന്ത്യ. വിപണി വിഹിതത്തിനൊപ്പം ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനായി കമ്പനി നിരവധി ടവറുകള്‍ ഏറ്റെടുത്തിട്ടുണ്ട്. എടിസി ഇന്ത്യയുടെ പോര്‍ട്ട്‌ഫോളിയോ 77,000 സൈറ്റുകളിലേക്ക് വ്യാപിക്കുകയും ടെലികോം ടവര്‍ വിപണി വിഹിതം 17 ശതമാനമാകുകയും ചെയ്തു.
2023 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനി 4,200 കോടി രൂപയുടെ നോണ്‍-കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളില്‍ (എന്‍സിഡി) കോള്‍ ഓപ്ഷന്‍ വഴി മുഴുവന്‍ തുകയും പലിശ സഹിതം വീണ്ടെടുക്കുകയും ചെയ്തിരുന്നു.
വോഡഫോണ്‍ ഇന്ത്യയില്‍ (വിഐഎല്‍) നിന്നുള്ള പേയ്‌മെന്റുകളിലാണ കാലതാമസം നേരിടുന്നത്. ഇത് ബിസിനസിന്റെ പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ വര്‍ധിക്കാന്‍ കാരണമായി. വിഐഎല്‍ നല്‍കിയ 1,600 കോടി രൂപയുടെ ഓപ്ഷണലി കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ (ഒസിഡി) കമ്പനി സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്, അതിന്റെ ഒരു ഭാഗം വിഐയുടെ കുടിശ്ശിക തീര്‍ക്കാന്‍ ഉപയോഗിച്ചു. 2022 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് കമ്പനിയുടെ വിഐഎല്ലുമായുള്ള കരാര്‍ 44 ശതമാനമായിരുന്നു.
വോഡഫോണിന്റെയും ഐഡിയയുടെയും ടവര്‍ ആസ്തികള്‍ ഏറ്റെടുക്കുന്നതിനായി 2018 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ഡെറ്റ് ഫണ്ട് സമാഹരിച്ചിരുന്നു. ഇത് കമ്പനിയുടെ സ്വാധീനം വര്‍ധിപ്പിച്ചു. ടാറ്റ ടെലി സര്‍വീസസ് ലിമിറ്റഡിന്റെ (ടിടിഎസ്എല്‍) പൂര്‍ണ അനുബന്ധ സ്ഥാപനമായ ടാറ്റ ടെലി ഇന്‍ഫോ എന്ന പേരില്‍ 2004 മാര്‍ച്ചിലാണ് കമ്പനി തുടക്കത്തില്‍ ആരംഭിച്ചത്.
വര്‍ഷങ്ങളായി, കമ്പനി ഓഹരി പങ്കാളിത്തത്തില്‍ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും അതിനനുസരിച്ച് പേര് മാറ്റുകയും ചെയ്തിരുന്നു. നിലവില്‍, അതിന്റെ ഓഹരി പൂര്‍ണ്ണമായും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ എടിസിയുടെ അനുബന്ധ സ്ഥാപനമായ എടിസി ഏഷ്യ പസഫിക് പിടിഇയുടെ കൈവശമാണ്. 2022 ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസത്തില്‍ കമ്പനി 6,211 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനവും 2,220 കോടി രൂപയുടെ നഷ്ടവും റിപ്പോര്‍ട്ട് ചെയ്തതായി കെയര്‍ റേറ്റിംഗ്‌സിന്റെ പ്രസ്താവനയില്‍ പറയുന്നു.