13 Jan 2023 12:43 PM IST
Summary
- ആഗോളതലത്തില്‍ ടെക്ക് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ പിരിച്ചുവിടലുകള്‍ വര്‍ധിക്കാന്‍ സാധ്യതയുളള വര്‍ഷമാണ് 2023 എന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ അവസാന വാരം തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.
ഹൈദരാബാദ്: ആമസോണ്‍ അടുത്തിടെ പ്രഖ്യാപിച്ച കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച നടപടികള്‍ ആരംഭിച്ചുവെന്ന് സൂചന. ആഗോളതലത്തില്‍ 18,000 പേരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഇതില്‍ കമ്പനിയുടെ ഇന്ത്യയിലെ ഓഫീസില്‍ ജോലി ചെയ്യുന്ന 1,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇക്കാര്യം ഇ മെയില്‍ വഴി അറിയിച്ചെന്നും, അഞ്ചു മാസത്തെ ശമ്പളം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ടെക്ക്, ഹ്യുമന്‍ റിസോഴ്‌സ് ഉള്‍പ്പടെയുള്ള വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് പിരിച്ചുവിടുന്നത്.
ഈ മാസം ആദ്യവാരമാണ് 18,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. ഇത് ആഗോളതലത്തില്‍ ഇതു വരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലുകളില്‍ ഒന്നാണ്. കമ്പനി മൂന്നു വര്‍ഷത്തിനുള്ളില്‍ പുതിയ രണ്ട് സ്റ്റോറുകള്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ പെഡിമോര്‍, ടീസ് കൗണ്ടിയിലെ സ്റ്റോക്ക്‌ടോണ്‍ എന്നിവിടങ്ങളില്‍ ആരംഭിക്കുമെന്നും ഇത് 2,500 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പിരിച്ചുവിടല്‍ സംബന്ധിച്ച് ജീവനക്കാര്‍ക്ക് നേരത്തെ അറിയിപ്പ് നല്‍കിയെന്നും, വാര്‍ഷിക പദ്ധതികളുടെ ഭാഗമായാണിതെന്നും കമ്പനിയുടെ സിഇഒ ആന്‍ഡി ജാസി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. കോവിഡ് കാലത്ത് കമ്പനി വളരെയധികം ആളുകളെ നിയമിച്ചിരുന്നുവെന്ന് കമ്പനി അധികൃതര്‍ സമ്മതിക്കുന്നുണ്ട്. ആമസോണിന്റെ ഏറ്റവും പുതിയ നടപടികളോട് നിക്ഷേപകരുടെ സമീപനം പോസ്റ്റീവാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. 2022 സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്ക് പ്രകാരം ആമസോണില്‍ 1.5 ദശലക്ഷത്തിലധികം ജീവനക്കാരാണുണ്ടായിരുന്നത്.
ആഗോളതലത്തില്‍ ടെക്ക് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ പിരിച്ചുവിടലുകള്‍ വര്‍ധിക്കാന്‍ സാധ്യതയുളള വര്‍ഷമാണ് 2023 എന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ അവസാന വാരം തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് അടിവരയിടുന്ന റിപ്പോര്‍ട്ടാണ് ട്രാക്കിംഗ് വെബ്സൈറ്റായ ലേ ഓഫ് ട്രാക്കറില്‍ നിന്നും ലഭിക്കുന്നത്. ജനുവരി ആരംഭിച്ച് ആദ്യ അഞ്ച് ദിവസങ്ങള്‍ക്കകം ആഗോളതലത്തില്‍ നടന്ന പിരിച്ചുവിടലുകള്‍ കഴിഞ്ഞ മാസത്തേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ മാസം അഞ്ചാം തീയതി വരെ ടെക്ക് കമ്പനികളില്‍ 28,096 പേരെയാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ മാസത്തെ കണക്കുകള്‍ നോക്കിയാല്‍ ഇത് 17,074 എണ്ണമായിരുന്നു. അതായത് വെറും 5 ദിവസങ്ങള്‍ക്കകം പിരിച്ചുവിടലുകളില്‍ 64.5 ശതമാനം വര്‍ധനയാണുണ്ടായതെന്നും ലേ ഓഫ് ട്രാക്കര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.