27 Sep 2023 10:30 AM GMT
Summary
- ക്രിസ് റേറ്റിംഗിലും നെഗറ്റീവിലേക്ക് കമ്പനി തരംതാഴ്ന്നിരുന്നു. ഇന്ത്യ റേറ്റിംഗിലും കമ്പനി നെഗറ്റീവിലാണ് തുടരുന്നത്.
മൂഡീസ് റേറ്റിംഗില്‍ പിന്തള്ളപ്പെട്ടതിന് പിന്നാലെ വേദാന്തയുടെ ഓഹരികള്‍ ആറ് ശതമാനം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 208 . 10 രൂപയിലെത്തി. ക്ലോസിംഗ് 209 രൂപയിലാണ്. പതിനഞ്ച് രൂപയാണ് ഇന്ന് ( സെപ്റ്റംബർ 27 ) കുറഞ്ഞത്. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ സെന്‍സെക്‌സില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടായെങ്കിലും വേദാന്തയുടെ ഓഹരികള്‍ 24 ശതമാനം ഇടിവ് രേഖപ്പെടുത്തി.
അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ റേറ്റിംഗ് സിഎഎ1 ല്‍ നിന്നും സിഎഎ2 ലേക്ക് താഴ്ത്തിയിരുന്നു. കൂടാതെ വേദാന്ത റിസോഴ്സ് ലിമിറ്റഡ് (വിആര്‍എല്‍) നല്‍കിയ സീനിയര്‍ അണ്‍സെക്യൂര്‍ഡ് (കാലാവധി പൂര്‍ത്തിയാക്കാറായ) ബോണ്ടുകളുടെ റേറ്റിംഗ് സിഎഎ2 ല്‍ നിന്ന് സിഎഎ3 ലേക്ക് മൂഡീസ് താഴ്ത്തി.
''താമസിയാതെ കാലാവധി പൂർത്തിയാക്കുന്ന ബോണ്ടുകളുടെ റീഫിനാന്‍സിംഗ് ശ്രമങ്ങള്‍ വേദാന്തയ്ക്ക് മുന്നോട്ട് പോകാനാകാത്തത്, ബാധ്യത പുനര്‍ക്രമീകരിക്കുന്നതിനെക്കുറിച്ച് വലിയ തോതിലുള്ള ആശങ്ക ഉയർത്തുന്നു. പ്രത്യേകിച്ചും വരുന്ന ജനുവരിയിലും ഓഗസ്റ്റിലും കാലാവധി പൂര്‍ത്തിയാകുന്ന 100 കോടി ഡോളര്‍ ബോണ്ടുകകളുടെ കാര്യത്തില്‍,'' മൂഡീസ് പറഞ്ഞു.
മൂഡീസ് സ്‌കെയില്‍ അനുസരിച്ച്, മോശം നിലയില്‍ പ്രകടനം നടത്തുന്നവയെയാണ് സിഎഎ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇവ വളരെ ഉയര്‍ന്ന ക്രെഡിറ്റ് റിസ്‌കിന് വിധേയമാണ്.
കഴിഞ്ഞ ആഴ്ച്ച വേദാന്തയുടെ ഡയറക്ടര്‍ ബോര്‍ഡ് 2500 കോടി രൂപയുടെ ഓഹരികളാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നതിന് അംഗീകാരം നല്‍കിയിരുന്നു. ഇത് സാധാരണ ബിസിനസില്‍ നടക്കുന്ന റീഫിനാന്‍സിംഗിന്റെ ഭാഗമായുള്ള ഫണ്ട് സമാഹരണമാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്