1 July 2023 6:22 AM GMT
Summary
- ക്യുഐപി-യിലൂടെ 1,750 കോടി രൂപയുടെ സമാഹരണം
- വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികള്‍ 1.42 ശതമാനം ഉയർന്നു
- പ്രൊമോട്ടര്‍മാര്‍ക്ക് മുന്‍ഗണനാ ഓഹരികള്‍ നല്‍കിയും സമാഹരണം
മുഖ്യ മൂലധനം എന്ന നിലയില്‍ 3,000 കോടി രൂപയുടെ സമാഹരണം നടത്തിയതായി ആദിത്യ ബിർള ക്യാപിറ്റൽ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പ്രൊമോട്ടർമാരായ ഗ്രാസിം ഇൻഡസ്ട്രീസിനും സൂര്യ കിരൺ ഇൻവെസ്റ്റ്‌മെന്റിനും മുൻഗണനാ ഓഹരികള്‍ നല്‍കിയതിലൂടെ സമാഹരിച്ച 1,250 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നുവെന്ന് കമ്പനിയുടെ ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു.
ക്വാളിഫൈഡ് ഇന്‍സ്‍റ്റിറ്റ്യൂഷ്‍ണല്‍ പ്ലേസ്‍മെന്‍റിലൂടെ 1,750 കോടി രൂപയുടെ സമാഹരണം നടത്തി. ബ്ലാക്‌റോക്ക്, ക്യാപിറ്റൽ ഗ്രൂപ്പ്, നോർജസ് ബാങ്ക്, റോയൽ ബാങ്ക് ഓഫ് കാനഡ, എം ആൻഡ് ജി ഇൻവെസ്റ്റ്‌മെന്റ്‌സ്, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ), മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി), പൊതുമേഖലയിലുള്ള പെൻഷൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് (PSP), എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് എന്നിവയുടെ പങ്കാളിത്തം ഇതിലുണ്ടായെന്നും ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഡയറക്ടർ ബോർഡിന്‍റെ സ്‌റ്റേക്ക്‌ഹോൾഡേഴ്‌സ് റിലേഷൻഷിപ്പ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ക്വാളിഫൈഡ് ഇന്‍സ്‍റ്റിറ്റ്യൂഷനുകള്‍ക്ക് 10 രൂപ മുഖവിലയുള്ള 10 ലക്ഷം ഓഹരികൾ ഒരു ഓഹരിക്ക് 175 രൂപ എന്ന നിരക്കില്‍ നൽകും. കമ്പനിയുടെ ഓഹരികള്‍ വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 1.42 ശതമാനം ഉയർന്ന് 196.35 രൂപയിലെത്തിയിരുന്നു.
പുതുതായി സമാഹരിച്ച പണം മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിനും സോൾവൻസി മാർജിൻ, ലിവറേജ് അനുപാതം എന്നിവ മെച്ചപ്പെടുത്തുന്നതിനും വളർച്ചയ്ക്കും മറ്റ് ഫണ്ടിംഗ് ആവശ്യകതകൾ നിറവേറ്റുന്നതിനുമായി ഉപയോഗിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. വായ്പ നൽകൽ, അസറ്റ് മാനേജ്‌മെന്റ്, ഇൻഷുറൻസ് എന്നീ ബിസിനസുകളിലാണ് ആദിത്യ ക്യാപിറ്റല്‍ പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്നത്.