29 Jun 2023 11:51 AM IST
Summary
- ഇ-മൊബിലിറ്റിക്കും ബയോമാസിനും വേണ്ടി പ്രത്യേക യൂണിറ്റുകള്‍
- ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം 3000ന് മുകളിലെത്തിക്കും
- 7-10 വർഷത്തിനുള്ളിൽ കമ്പനി 1,800 സിഎന്‍ജി സ്റ്റേഷനുകൾ നിർമ്മിക്കും
ബില്യണയര്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന്റെയും വന്‍കിട ഫ്രഞ്ച് എനര്‍ജി കമ്പനിയായ ടോട്ടൽ എനർജീസിന്റെയും സംയുക്ത സംരംഭമായ അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് (എടിജിഎൽ) അടുത്ത 8-10 വർഷത്തിനുള്ളിൽ 18,000 കോടി മുതൽ 20,000 കോടി രൂപയുടെ വരെ നിക്ഷേപം നടത്തുന്നതിന് തയാറെടുക്കുന്നു. വാഹനങ്ങള്‍ക്കുള്ള സിഎൻജി റീട്ടെയ്ൽ വിതരണവും വീടുകളിലേക്കും വ്യവസായങ്ങളിലേക്കും പൈപ്പ് വഴി ഗ്യാസ് എത്തിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനാണ് പദ്ധതിയെന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ പരാഗ് പരീഖ് വ്യക്തമാക്കി.
നിലവില്‍ 52 ലൈസൻസുകളിലൂടെ കമ്പനി രാജ്യത്തെ 124 ജില്ലകളില്‍ വാഹനങ്ങള്‍ക്കായുള്ള സിഎൻജി വിതരണത്തിന്‍റെ ഗാര്‍ഗിക ഉപഭോക്താക്കള്‍ക്ക് ഗ്യാസിലൂടെ പാചകവാതകം എത്തിക്കുന്നതിന്‍റെയും ബിസിനസ് ചെയ്യൂുന്നു. 460 സിഎൻജി സ്റ്റേഷനുകളാണ് കമ്പനിക്കുള്ളത്. പൈപ്പിലൂടെയുള്ള പാചക വാതക വിതരണത്തില്‍ 7 ലക്ഷത്തോളം ഉപഭോക്താക്കളുമുണ്ട്. കമ്പനിയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിലാണ് എടിജിഎൽ സിഎഫ്ഒ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 2022-23ൽ 1,150 കോടി രൂപ പശ്ചാത്തല സൗകര്യ വികസനത്തിനായി കമ്പനി ചെലവഴിച്ചു.
"ദീർഘകാല അടിസ്ഥാനത്തില്‍, ഞങ്ങൾ ഗ്യാസ് മേഖലയിലെ സാധ്യതകളിൽ ശുഭാപ്തിവിശ്വാസം പുലർത്തുന്നു. ഉയർന്ന ഉപഭോക്തൃ സുരക്ഷയും ഉപഭോക്തൃ വിശ്വാസവും ഡെലിവറി സൗകര്യവും ഉള്ള ശുദ്ധമായ ഊർജ്ജ സ്രോതസ്സായി ഗ്യാസ് നിലനിൽക്കുന്നു. മലിനീകരണം കുറയ്ക്കുന്നതിന് ആഗോള തലത്തിലുള്ള പ്രാധാന്യവും ഈ മേഖലയ്ക്ക് ഗുണകരമാണ്," പരീഖ് പറഞ്ഞു.
സ്റ്റീൽ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നത് വേഗത്തിലാക്കുന്നതിനും നിലവില്‍ പ്രവർത്തിക്കുന്ന ലൈസൻസുകളിലുടനീളം വേഗത്തിൽ സിഎൻജി സ്റ്റേഷനുകൾ നിർമിച്ച് വരുമാനം കണ്ടെത്തുന്നത് എത്രയും നേരത്തേയാക്കാനുമാണ് കമ്പനി ശ്രമിക്കുന്നതെന്ന് എജിടിഎൽ സിഇഒ സുരേഷ് പി മംഗ്‌ലാനി പറഞ്ഞു, അടുത്ത 7-10 വർഷത്തിനുള്ളിൽ കമ്പനി 1,800 സിഎന്‍ജി സ്റ്റേഷനുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദ്രവ ഇന്ധനങ്ങളേക്കാള്‍ മലിനീകരണം കുറഞ്ഞ പ്രകൃതിവാതകത്തിന് രാജ്യത്തെ സമ്പദ്‍വ്യവസ്ഥയിലുള്ള പങ്ക് നിലവിലെ 6 ശതമാനത്തിൽ നിന്ന് 2030 ഓടെ 15 ശതമാനമായി ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ ഉദ്യമത്തില്‍ സര്‍ക്കാര്‍ ഏറ്റവുമധികം പരിഗണന നല്‍കുന്ന ഒരു മേഖലയാണ് നഗരങ്ങളിലെ ഗ്യാസ് വിതരണം. പ്രകൃതി വാതകത്തിന്റെ വില നിയന്ത്രിക്കാനുള്ള സർക്കാർ നീക്കം വിലയിൽ സ്ഥിരത കൊണ്ടുവരുമെന്നും നഗരങ്ങളിലെ ഗ്യാസ് വിതരണ ശൃംഖലയിൽ ലഭ്യതയ്ക്ക് മുൻഗണന ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്യാസ് വിതരണമെന്ന മുഖ്യ ബിസിനസ് വിപുലീകരിക്കുന്നതിനു പുറമേ സിഎൻജി, കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി), ഇവി ചാർജിംഗ് എന്നീ മേഖലകളിലും കമ്പനി പ്രവര്‍ത്തനം വിപുലീകരിക്കുകയാണ്. ഇ-മൊബിലിറ്റിക്കും ബയോമാസിനും വേണ്ടി എടിജിഎൽ രണ്ട് പ്രത്യേക യൂണിറ്റുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് മംഗ്‍ലാനി പറഞ്ഞു.
എടിജിഎസ്‍ തങ്ങളുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപകമ്പനിയായി അദാനി ടോട്ടൽ എനർജീസ് ഇ-മൊബിലിറ്റി ലിമിറ്റഡ് (എടിഇഎല്‍) രൂപീകരിച്ചിട്ടുണ്ട്. നിലവിൽ, രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ ഇവി ചാര്‍ജിംഗ് സ്‍റ്റേഷനുകള്‍ സജ്ജീകരിക്കുന്നതിലാണ് എടിഇഎല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഇപ്പോള്‍ എടിജിഎല്ലിന് രാജ്യത്തുടനീളം 26 സ്ഥലങ്ങളിലായി 104 ചാർജിംഗ് പോയിന്റുകളുണ്ട്. ഇത് 3,000-ലധികം ഇവി ചാർജിംഗ് പോയിന്റുകളായി വളര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
ജൈവ മാലിന്യത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്‍റെ വലിയ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി എടിജിഎല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് അദാനി ടോട്ടൽ എനർജീസ് ബയോമാസ് ലിമിറ്റഡ് (എടിബിഎൽ) . എടിഇബിഎൽ നിലവിൽ ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്തുള്ള ബർസാനയിൽ ഇന്ത്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് നിർമ്മിക്കുകയാണ്. പ്രതിദിനം 600 ടൺ ഫീഡ്‌സ്റ്റോക്ക് പ്രോസസ്സിംഗ് ശേഷിയാണ് ഈ പ്ലാന്‍റിന് ഉണ്ടായിരിക്കുക.