19 Jun 2023 11:39 AM GMT
Summary
- സമാഹരണം വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന്
- അനുമതി തേടിയത് തപാല്‍ ബാലറ്റിലൂടെ
- കമ്പനിയുടെ പേരുമാറ്റത്തിന് നടപടികള്‍ പുരോഗമിക്കുന്നു
ക്വളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്‌മെന്റ് മാര്‍ഗത്തിലൂടെ ഇക്വിറ്റി ഓഹരികള്‍ പുറത്തിറക്കിക്കൊണ്ട് 8,500 കോടി രൂപ വരെ സമാഹരിക്കുന്നതിന് അദാനി ട്രാൻസ്‍മിഷന് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചു. അര്‍ഹരായ നിക്ഷേപകർക്ക് ഇക്വിറ്റി ഷെയറുകളും കൂടാതെ/അല്ലെങ്കിൽ മറ്റ് യോഗ്യതയുള്ള സെക്യൂരിറ്റികളും ഇഷ്യൂ ചെയ്യുന്നതിലൂടെ 8,500 കോടി രൂപ വരെ സമാഹരിക്കുന്നതിനായി 2023 മെയ് 15-നാണ് തപാൽ ബാലറ്റിലൂടെ കമ്പനി ഓഹരി ഉടമകളുടെ അനുമതി തേടിയത്.
98.64 ശതമാനം വോട്ടുകൾ ഫണ്ട് സമാഹരണത്തിന് അനുകൂലമായി ലഭിച്ചുവെന്ന് കമ്പനിയുടെ ബിഎസ്ഇ ഫയലിംഗ് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മേയ് 13ന് നടന്ന യോഗത്തിലാണ് കമ്പനിയുടെ ബോർഡ് ഈ ഫണ്ട് സമാഹരണ നിർദ്ദേശത്തിന് അംഗീകാരം നൽകിയത്. തങ്ങളുടെ നിലവിലുള്ള പ്രവർത്തനങ്ങളിൽ നിന്നുള്ള വളർച്ചാ സാധ്യതകൾ പ്രതീക്ഷിക്കുന്നതായും സ്വാഭാവിക വികസനത്തിനൊപ്പം വികസനത്തിനു സാധ്യമായ മറ്റ് മാര്‍ഗങ്ങളും പരിഗണിക്കുകയാണെന്ന് നേരത്തേ കമ്പനി വ്യക്തമാക്കിയിരുന്നു. അത്തരം വളർച്ചയും വിപുലീകരണവും കൈവരിക്കുന്നതിന് കമ്പനിക്ക് തുടർന്നും മൂലധന സമാഹരണം അനിവാര്യമാണെന്ന് ബോര്‍ഡ് വിലയിരുത്തിയിട്ടുണ്ട്.
മാർച്ച് 31ന് അവസാനിച്ച പാദത്തില്‍ ഏകീകൃത അറ്റാദായം 85% വളർച്ച നേടിയെന്ന് അദാനി ട്രാൻസ്‍മിഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. മുന്‍വർഷം സമാന കാലയളവിലെ 237 കോടി രൂപയില്‍ നിന്ന് സംയോജിത അറ്റാദായം 440 കോടി രൂപയായി ഉയര്‍ന്നു.2022 -23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി കമ്പനിയുടെ ആദായം 1281 കോടി രൂപയാണ്. മുന്‍ വർഷത്തെ 1236 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4 ശതമാനത്തിന്‍റെ വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കരസ്ഥമാക്കിയത്. 2021 -22ലെ 10,184 കോടിയിൽ നിന്ന് വരുമാനം 19% ഉയർന്ന് 12,149 കോടിയായി.
മാര്‍ച്ച് പാദത്തിലെ, പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം മുന്‍ വർഷം ഇതേ പാദത്തിലെ 2,582 കോടിയിൽ നിന്ന് 17% ഉയർന്ന് 3,031 കോടിയായി. പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (എബിറ്റ്ഡ) എന്നിവയ്ക്ക് മുമ്പുള്ള പ്രവർത്തന ലാഭം 28% ഉയർന്ന് 1,570 കോടിയായി. വിവിധ അംഗീകാരങ്ങൾക്ക് വിധേയമായി കമ്പനിയുടെ പേര് അദാനി ട്രാൻസ്‍മിഷന്‍ എന്നതില്‍ നിന്ന് അദാനി എനർജി സൊല്യൂഷൻസ് എന്നാക്കി മാറ്റാനും ഏപ്രിലില്‍ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.
"അദാനി ട്രാൻസ്‍മിഷൻ മികച്ച വളർച്ച കൈവരിക്കുന്നതിനുള്ള യാത്രയിലാണ്, നമ്മുടെ രാജ്യത്തിന്റെ വൻതോതിലുള്ള വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനും ലോകോത്തര യൂട്ടിലിറ്റി എന്ന നിലയിലുള്ള സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ പ്രവർത്തിക്കുന്നു," അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.