26 July 2023 9:39 AM
ലക്ഷ്യം 40 കോടി ഉപഭോക്താക്കള്‍; അദാനി ഡിജിറ്റല്‍ പേയ്‌മെന്റ് ഭീമനായ വിസയുമായി കൈകോര്‍ക്കുന്നു
MyFin Desk
Summary
- 40 കോടി കസ്റ്റമേഴ്‌സിലേക്ക് വിസയ്ക്ക് ഇനിമുതല്‍ ആക്‌സസ് ലഭിക്കും
- ഇന്ത്യയില്‍ നിരവധി ട്രാവല്‍ കോ-ബ്രാന്‍ഡഡ് കാര്‍ഡുകള്‍ നിലവിലുണ്ട്
- 200-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് ഭീമനാണ് വിസ
അദാനി ഗ്രൂപ്പ് അമേരിക്കന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ഭീമനായ വിസയുമായി കൈകോര്‍ക്കുന്നു. ഇരുവരും തമ്മില്‍ സഹകരിച്ച് കോ-ബ്രാന്‍ഡഡ് കാര്‍ഡ് പുറത്തിറക്കും. കാര്‍ഡിലൂടെ അദാനി ഗ്രൂപ്പിന്റെ റീട്ടെയ്ല്‍, എയര്‍പോര്‍ട്ട്, ഓണ്‍ലൈന്‍ യാത്രാ സേവനങ്ങളും അവ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളും ലഭ്യമാകും.
അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഏഴ് എയര്‍പോര്‍ട്ടുകളാണുള്ളത്. വരും നാളുകളില്‍ കൂടുതല്‍ എയര്‍പോര്‍ട്ടുകള്‍ അദാനി ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഇന്ത്യയിലെ അദാനി ഗ്രൂപ്പിന്റെ എയര്‍പോര്‍ട്ടുകളുടെയും ഓണ്‍ലൈന്‍ ട്രാവല്‍ സംവിധാനങ്ങളുടെയും സേവനങ്ങള്‍ ഉപയോഗിക്കുന്ന ഏകദേശം 40 കോടി കസ്റ്റമേഴ്‌സിലേക്ക് ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ വിസയ്ക്ക് ആക്‌സസ് ലഭിക്കും.
അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഇയര്‍-ഓണ്‍-ഇയര്‍ അടിസ്ഥാനത്തില്‍ 103 ശതമാനം ഉയര്‍ന്ന് 74.8 ദശലക്ഷത്തിലെത്തിയിരുന്നു.
ക്ലിയര്‍ട്രിപ്പ് എന്ന ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയില്‍ അദാനി ഗ്രൂപ്പിന് 20 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
പര്‍ച്ചേസ് നടത്താന്‍ യൂസറെ സഹായിക്കുമെന്നതാണ് കോ-ബ്രാന്‍ഡഡ് കാര്‍ഡുകളുടെ പ്രത്യേകത. ഇത്തരത്തില്‍ പര്‍ച്ചേസ് നടത്തുന്നതിലൂടെ കാര്‍ഡ് ഓഫര്‍ ചെയ്യുന്ന നിരവധി ആനുകൂല്യങ്ങളും ആസ്വദിക്കാന്‍ കസ്റ്റമറിനു സാധിക്കും.
നിലവില്‍ ഇന്ത്യയില്‍ നിരവധി ട്രാവല്‍ കോ-ബ്രാന്‍ഡഡ് കാര്‍ഡുകള്‍ നിലവിലുണ്ട്. ഐസിഐസിഐ-മെയ്ക്ക് മൈ ട്രിപ്പ്, എസ്ബിഐ യാത്ര, ആക്‌സിസ് ബാങ്ക് വിസ്താര ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉദാഹരണങ്ങളാണ്.
200-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് ഭീമനാണ് വിസ. ജുലൈ 26 ബുധനാഴ്ചയാണു വിസയും അദാനി ഗ്രൂപ്പും തമ്മില്‍ കരാറിലേര്‍പ്പെട്ടതായി പ്രഖ്യാപിച്ചത്.