image

31 Jan 2023 12:01 PM

Stock Market Updates

അതി സമ്പന്നരുടെ പട്ടികയില്‍ ആദ്യ 10 ല്‍ നിന്നും പുറത്തായി ഗൗതം അദാനി

MyFin Desk

adani_gfx
X


ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആസ്തി വലിയ തോതില്‍ ഇടിഞ്ഞ ഗൗതം അദാനിയുടെ അതിസമ്പന്നരുടെ ആഗോളപ്പട്ടികയില്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ നിന്ന് പുറത്തായി. കഴിഞ്ഞ ഒരു ദിവസം കൊണ്ട് 8.21 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് അദാനിക്ക് നഷ്ടമായത്. 2023 ആരംഭിച്ചതിന് ശേഷം 36.1 ബില്യണ്‍ ഡോളറിന്റെ ആസ്തിയും.

ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകളനുസരിച്ച് അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ 10 റാങ്കിംഗില്‍ നിന്ന് തന്നെ ഗൗതം അദാനി ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. നിലവില്‍ 11 -ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അദ്ദേഹത്തിന്റെ ആസ്തി 84.4 ബില്യണ്‍ ഡോളറാണ്.

189 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി. 160 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി എലോണ്‍ മസ്‌കും 124 ബില്യണ്‍ ഡോളറുമായി ജെഫ് ബെസോസും രണ്ടും മൂണും സ്ഥാനങ്ങളില്‍. 82.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനി പന്ത്രണ്ടാം സ്ഥാനത്തുണ്ട്.

സ്റ്റോക്ക് കൃതിമത്വം, അക്കൗണ്ടിംഗ് തട്ടിപ്പ് മുതലായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടാണ് നിലവിലെ വീഴ്ചയ്ക്ക് കാരണം. കമ്പനി രാജ്യത്തെ തന്നെ ഏറ്റവും വലിയ എഫ്പിഒ പ്രഖ്യാപിച്ചതിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്. അതിനാല്‍ എഫ്പി ഒയെയും വളരെ സാരമായി തന്നെ ഇത് ബാധിച്ചിട്ടുണ്ട്. റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് കാര്യമായ പ്രതികരണം എഫ് പി ഒയ്ക്ക് ലഭിച്ചില്ല. ഇന്ന് അവസാനിക്കുന്ന എഫ് പിഒയില്‍ അബുദാബി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഇഷ്യൂ ചെയ്തതിന്റെ 16 ശതമാനം ഓഹരികളും കമ്പനിക്ക് സ്വന്തമാകും.

മൂന്നാം ദിനം എഫ് പിഒ അവസാനിക്കുമ്പോൾ റീട്ടെയിൽ നിക്ഷേപകർ 11 ശതമാനമാണ് സബ്സ്ക്രൈബ് ചെയ്തത്. എങ്കിലും ക്വാളിഫൈഡ് നിക്ഷേപകർ, ഇൻസ്റ്റിറ്റ്യുഷണൽ ഇതര നിക്ഷേപകർ മുതലായവരുടെ സജീവ പങ്കാളിത്തത്തോടെ 45 .5 ദശലക്ഷം ഓഹരികൾ ഇഷ്യൂ ചെയ്തതിൽ 50 .11 ഓഹരികൾക്ക് ബിഡ് ലഭിച്ചുവെന്നാണ് ഏറ്റവും പുതിയതായി പുറത്തു വരുന്ന കണക്കുകൾ.