image

17 Jan 2024 11:08 AM GMT

Corporates

മാധ്യമ ബിസിനസിൽ പിടി മുറുക്കി അദാനി; ഐഎഎൻഎസിൽ പൂർ‍ണ്ണ നിയന്ത്രണം

MyFin Desk

ians now under full control of adani
X

Summary

  • 5 കോടി രൂപയുടെ പുതിയ ഓഹരികൾ സബ്‌സ്‌ക്രൈബുചെയ്‌തുകൊണ്ടാണ് ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കുന്നത്.
  • കഴിഞ്ഞ വർഷം ഡിസംബർ 15ന് ഐഎഎൻഎസിലെ 50.50 ശതമാനം ഓഹരികൾ ഏറ്റെടുത്തിരുന്നു.
  • ഐഎഎൻഎസിന് 2023 സാമ്പത്തിക വർഷത്തിൽ 11.86 കോടി രൂപ വരുമാനവുമുണ്ട്.


ഐഎഎൻഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ഗൗതം അദാനിയുടെ ഗ്രൂപ്പ് വാർത്താ ഏജൻസിയിലെ തങ്ങളുടെ ഓഹരികൾ ഉയർത്തി.

കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എഎംജി മീഡിയ നെറ്റ്‌വർക്ക്സ് ലിമിറ്റഡ് ഇഷ്യൂ ചെയ്ത 5 കോടി രൂപയുടെ പുതിയ ഓഹരികൾ സബ്‌സ്‌ക്രൈബുചെയ്‌തുകൊണ്ടാണ് ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കുന്നത്. അദാനി ഗ്രൂപ്പ് കഴിഞ്ഞ വർഷം ഡിസംബർ 15ന് ഐഎഎൻഎസിലെ 50.50 ശതമാനം ഓഹരികൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ വോട്ടിംഗ് അവകാശത്തോടെ 76 ശതമാനമായും വോട്ടിംഗ് അവകാശമില്ലാതെ 99.26 ശതമാനമായും ഷെയർഹോൾഡിംഗ് ഉയർത്തിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കുന്നു.

2024 ജനുവരി 16 ന് നടന്ന യോഗത്തിൽ ഐ‌എ‌എൻ‌എസ് ബോർഡ് ഷെയറുകളുടെ അലോട്ട്‌മെന്റ് അംഗീകരിച്ചതായി ഫയലിം​ഗിൽ പറയുന്നുണ്ട്.

ഐഎഎൻഎസിന് 2023 സാമ്പത്തിക വർഷത്തിൽ 11 കോടി രൂപ അംഗീകൃത ഓഹരി മൂലധനവും, 11.86 കോടി രൂപ വരുമാനവുമുണ്ട്. ബിസിനസ്, ഫിനാൻഷ്യൽ ന്യൂസ് ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമായ ക്വിന്റില്യൺ ബിസിനസ് മീഡിയയെ കഴിഞ്ഞ വർഷം മാർച്ചിൽ ഏറ്റെടുത്തതോടെയായിരുന്നു അദാനി മീഡിയ ബിസിനസിലേക്ക് ചുവടുവച്ചത്. തുടർന്ന് ഡിസംബറിൽ ബ്രോഡ്‌കാസ്റ്റർ എൻഡിടിവിയുടെ 65 ശതമാനം ഓഹരികളും ഏറ്റെടുത്തു. ഈ ഏറ്റെടുക്കലുകളെ നയിച്ചത് എഎംഎൻഎൽ ആയിരുന്നു.