image

9 Aug 2023 6:32 AM GMT

Corporates

അദാനി വില്‍മറില്‍ നിന്ന് പുറത്തുകടക്കാന്‍ തയാറെടുത്ത് അദാനി എന്‍റര്‍പ്രൈസസ്

Sandeep P S

അദാനി വില്‍മറില്‍ നിന്ന് പുറത്തുകടക്കാന്‍ തയാറെടുത്ത് അദാനി എന്‍റര്‍പ്രൈസസ്
X

Summary

  • ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തില്‍
  • ഔദ്യോഗികമായി പ്രതികരിക്കാതെ കമ്പനികള്‍
  • അദാനി വില്‍മര്‍ ഓഹരിക്ക് 46 % ഇടിവ്


വില്‍മര്‍ ഇന്‍റര്‍നാഷ്ണല്‍ ലിമിറ്റഡുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അദാനി എന്‍റര്‍പ്രൈസസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

അദാനി വില്‍മറിലെ തങ്ങളുടെ 44 ശതമാനം ഓഹരികള്‍ വില്‍മര്‍ ഗ്രൂപ്പിന് കൈമാറാനാണ് കമ്പനി ശ്രമിക്കുന്നത്. 270 കോടി ഡോളറിന്‍റെ മൂല്യമാണ് ഈ ഓഹരികള്‍ക്ക് ഉള്ളതെന്നാണ് ബ്ലൂംബെര്‍ഗ് കണക്കുകൂട്ടുന്നത്. തങ്ങളുടെ മുഖ്യ ബിസിനസിലേക്ക് മൂലധനം കണ്ടെത്തുന്നതിനാണ് അദാനി ഗ്രൂപ്പ് ഈ വില്‍പ്പനയ്ക്ക് തയാറെടുക്കുന്നത്. അതേസമയം ഗൗതം അദാനിയും അദ്ദേഹത്തിന്റെ കുടുംബവും വ്യക്തിഗതമായി ന്യൂനപക്ഷ ഓഹരികള്‍ വില്‍മര്‍ ഇന്‍റര്‍നാഷണലിന്‍റെ കമ്പനിയില്‍ നിലനിര്‍ത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഭക്ഷ്യയെണ്ണ വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ആദ്യ പാദത്തിൽ അദാനി വിൽമർ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഈ വർഷം അദാനി വില്‍മറിന്‍റെ ഓഹരി വിലയില്‍ ഏകദേശം 36 ശതമാനം ഇടിവുണ്ടായി. കമ്പനിയുടെ മൂല്യം ഏകദേശം 620 കോടി ഡോളറാണ്. അദാനി ഗ്രൂപ്പിന്‍റെ കോര്‍പ്പറേറ്റ് ഭരണത്തിനെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഹരികളുടെ മൂല്യത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

1991-ൽ സിംഗപ്പൂർ ആസ്ഥാനമായി സ്ഥാപിതമായ ബഹുമുഖ ഭക്ഷ്യ കമ്പനിയായ വിൽമര്‍, തങ്ങളുടെ ഇന്ത്യയിലെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകുമെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അദാനി എന്‍റര്‍പ്രൈസസും വില്‍മര്‍ ഇന്‍റര്‍നാഷണലും വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയാറായിട്ടില്ല. ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണെന്നും അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവർ അനൌദ്യോഗികമായി പ്രതികരിക്കുന്നത്.

2022-ൽ നടന്ന പ്രഥമ ഓഹരി വില്‍പ്പനയില്‍ അദാനി വിൽമർ 3600 കോടി രൂപയോളം (435 മില്യൺ ഡോളർ) സമാഹരിച്ചിരുന്നു. കമ്പനിയുടെ 88% ഓഹരികളും അദാനി എന്‍റര്‍പ്രൈസസിന്‍റെയും വിൽമറിന്റെയും കൈവശമാണ്. ലിസ്റ്റിംഗ് തീയതി മുതലുള്ള അഞ്ച് വർഷത്തിനുള്ളിൽ വൻകിട സ്ഥാപനങ്ങളില്‍ കുറഞ്ഞത് 25 ശതമാനം പൊതു ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്നുണ്ട്.

ഭക്ഷ്യ എണ്ണകൾ, ഗോതമ്പ് മാവ്, അരി, പയർവർഗ്ഗങ്ങൾ, പഞ്ചസാര എന്നിവയുൾപ്പെടെ ഇന്ത്യന്‍ അടുക്കളകള്‍ക്ക് ആവശ്യമായ നിരവധി ഉല്‍പ്പന്നങ്ങള്‍ അദാനി വിൽമർ വാഗ്‍ദാനം ചെയ്യുന്നു. 1999-ൽ സ്ഥാപിതമായ, കമ്പനിയുടെ ഉൽപ്പന്നങ്ങൾ 10,000-ത്തിലധികം വിതരണക്കാരിലൂടെ 11 .4 കോടിയിലധികം വീടുകളിൽ എത്തിച്ചേരുന്നുവെന്ന് കമ്പനിയുടെ വാർഷിക റിപ്പോർട്ട് പറയുന്നു..