image

17 Jun 2023 10:52 AM GMT

Corporates

IRCTC യുടെ കുത്തക അവസാനിപ്പിക്കാന്‍ അദാനി, 'ട്രെയിന്‍മാന്‍ ' ഏറ്റെടുക്കും

MyFin Desk

IRCTC യുടെ കുത്തക അവസാനിപ്പിക്കാന്‍ അദാനി, ട്രെയിന്‍മാന്‍  ഏറ്റെടുക്കും
X

Summary

  • ട്രെയിന്‍മാന്‍ എന്നാണ് സ്റ്റാര്‍ക്ക് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്ഇപിഎല്‍) അറിയപ്പെടുന്നത്
  • അദാനി ഡിജിറ്റല്‍ ലാബ്‌സ് വഴിയായിരിക്കും ട്രെയിന്‍മാനെ സ്വന്തമാക്കുന്നത്
  • 2022 സാമ്പത്തികവര്‍ഷത്തില്‍ ട്രെയിന്‍മാന്റെ വരുമാനം 2.53 കോടി രൂപയിലെത്തിയിരുന്നു


ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ബിസിനസില്‍ ഐആര്‍സിടിസിയുടെ (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍) കുത്തക അവസാനിപ്പിക്കാന്‍ അദാനി എന്റര്‍പ്രൈസ് എത്തുന്നു.

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ സ്റ്റാര്‍ക്ക് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചതായി അദാനി എന്റര്‍പ്രൈസസ് അറിയിച്ചു.

ട്രെയിന്‍മാന്‍ എന്നാണ് സ്റ്റാര്‍ക്ക് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്ഇപിഎല്‍) അറിയപ്പെടുന്നത്.

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതികൂല സാഹചര്യത്തെ നേരിടുകയായിരുന്ന അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഈ ഏറ്റെടുക്കലെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നുണ്ട്.

2023 ഫെബ്രുവരിയിലാണ് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ എന്‍എസ്ഇയില്‍ കൂപ്പുകുത്തിയത്. നിരവധി നിക്ഷേപകര്‍ ഓഹരി വിറ്റഴിക്കുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തില്‍ ഓഹരി വില ഇടിഞ്ഞ് 1195 രൂപ വരെയായി.

വിനീത് ചിരാനിയയും കരണ്‍ കുമാറും ചേര്‍ന്ന് സ്ഥാപിച്ച ഒരു സ്റ്റാര്‍ട്ടപ്പാണ് ട്രെയിന്‍മാന്‍. ഗുരുഗ്രാം ആസ്ഥാനമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. യുഎസ് നിക്ഷേകരില്‍നിന്നും ട്രെയിന്‍മാന് സാമ്പത്തിക പിന്തുണയും ലഭിച്ചിരുന്നു. ഐവി ഗ്രോത്ത് അസോസിയേറ്റ്‌സ്, ഹെം ഏഞ്ചല്‍സ്, ഗുഡ് വാട്ടര്‍ ക്യാപിറ്റല്‍ തുടങ്ങിയവരാണ് ട്രെയിന്‍മാനില്‍ നിക്ഷേപം നടത്തിയത്. ഏകദേശം ഒരു ദശലക്ഷം ഡോളര്‍ (9 കോടി രൂപ) ട്രെയിന്‍മാന് സമാഹരിക്കാന്‍ സാധിച്ചു.

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അദാനി ഡിജിറ്റല്‍ ലാബ്‌സ് വഴിയായിരിക്കും ട്രെയിന്‍മാനെ സ്വന്തമാക്കുന്നത്.

2022 സാമ്പത്തികവര്‍ഷത്തില്‍, ട്രെയിന്‍മാന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 1.23 കോടി രൂപയില്‍നിന്ന് പതിന്മടങ്ങ് വര്‍ധിച്ച് 2.53 കോടി രൂപയിലെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫ്‌ളൈറ്റ് ടിക്കറ്റിനും ക്യാബ് ബുക്കിംഗിനുമായി അദാനി ഗ്രൂപ്പ് അദാനി വണ്‍ എന്ന ആപ്പ് അവതരിപ്പിച്ചിരുന്നു.

2021 ഒക്ടോബറില്‍, ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ട്രാവല്‍ ആപ്പായ ക്ലിയര്‍ ട്രിപ്പില്‍ ഓഹരിയും സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ ട്രെയിന്‍മാനെ ഏറ്റെടുക്കുന്നതോടെ ട്രാവല്‍ രംഗത്തും അദാനി ഗ്രൂപ്പ് ശക്തമായ സാന്നിധ്യമാവുകയാണ്.