image

29 Jun 2022 4:51 AM GMT

Corporates

റിലയന്‍സിന്റെ 'ആകാശത്തേക്ക്' അടുത്ത അംബാനി വരുമ്പോള്‍

Thomas Cherian K

റിലയന്‍സിന്റെ ആകാശത്തേക്ക് അടുത്ത അംബാനി വരുമ്പോള്‍
X

Summary

ആകെ 15 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് യൗവന തീഷ്ണമാകും. റിലയന്‍സ് ജിയോയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ റിലയന്‍സ് തലവന്‍ മുകേഷ് അംബാനി മൂത്ത മകന്‍ ആകാശ് അംബാനിയെ ജിയോയുടെ ചെയര്‍മാന്‍-മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം കഴിഞ്ഞ ദിവസം ഏല്‍പ്പിച്ചു. മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും മകന്‍ എന്നതിലുപരി ആകാശ് അംബാനിയെ പൊതു സമൂഹം അറിയില്ല. മുകേഷിന്റെ മറ്റു മക്കളും ഇരട്ടകളുമായ ഇഷ അംബാനിയും ആനന്ദ് അംബാനിയും റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ്, ജിയോ […]


ആകെ 15 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് യൗവന തീഷ്ണമാകും. റിലയന്‍സ് ജിയോയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ റിലയന്‍സ് തലവന്‍ മുകേഷ് അംബാനി മൂത്ത മകന്‍ ആകാശ് അംബാനിയെ ജിയോയുടെ ചെയര്‍മാന്‍-മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം കഴിഞ്ഞ ദിവസം ഏല്‍പ്പിച്ചു. മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും മകന്‍ എന്നതിലുപരി ആകാശ് അംബാനിയെ പൊതു സമൂഹം അറിയില്ല. മുകേഷിന്റെ മറ്റു മക്കളും ഇരട്ടകളുമായ ഇഷ അംബാനിയും ആനന്ദ് അംബാനിയും റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ്, ജിയോ മാര്‍ട്ട് എന്നിവയുടെ ബോര്‍ഡ് അംഗങ്ങള്‍ കൂടിയാണ്. വ്യവസായങ്ങളുടെ തലപ്പത്ത് മക്കളെ എത്തിക്കുവാനുള്ള ആത്മവിശ്വാസം മുകേഷ് അംബാനിയില്‍ ഉടലെടുത്തുവെന്നതിന്റെയും റിലയന്‍സ് സാമ്രാജ്യം കൂടുതല്‍ കരുത്താര്‍ജ്ജിക്കും എന്നതിന്റെയും സൂചന കൂടിയാണ് ഇപ്പോഴുള്ള അധികാര കൈമാറ്റം.

ന്യു-ജെന്‍ 'മാഗ്‌നെറ്റ്'

റിലയന്‍സ് ജിയോയുടെ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ആകാശ് ജിയോയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. യുഎസിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ആകാശ് അംബാനി 2020ല്‍ റോസി ബ്ലു ഡയമണ്ട്സ് എന്ന രത്നവ്യാപാര ശൃംഖലയുടെ ഉടമയായ റസ്സല്‍ മേത്തയുടെ മകള്‍ ശോക്ല മേത്തയെ വിവാഹം ചെയ്തു. ഇരുവരും മുംബൈ ധീരൂബായി അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സഹപാഠികളായിരുന്നു. പഠന ശേഷം ജിയോയുടെ തലപ്പത്ത് എത്തിയ ആകാശ് റിലയന്‍സ് ഡിജിറ്റല്‍ സര്‍വീസ്, കണ്‍സ്യൂമര്‍ റീട്ടെയില്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചു.

ജിയോ ഫോണ്‍ 2017ല്‍ ഇറക്കിയപ്പോള്‍ കമ്പനിയിലേക്ക് വിദേശ നിക്ഷേപം എത്തിക്കുന്നതിലുള്‍പ്പടെ മുഖ്യ പങ്ക് വഹിച്ച ആകാശ് ജിയോയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍ എന്നിവയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ചു. ഇത് ഫലം കണ്ട അതേകാലയളവില്‍ തന്നെ 4ജി സേവനം ഊര്‍ജ്ജിതമാക്കുന്ന ചുവടുവെപ്പുകളിലും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായി റിലയന്‍സ് ജിയോയെ എത്തിച്ചതില്‍ ആകാശിന് പ്രധാന സ്ഥാനമുണ്ട്. ആരംഭം മുതല്‍ തന്നെ മികച്ച ഓഫറുകളുമായി ജിയോ മറ്റ് സേവനദാതാക്കളെ പിന്നിലാക്കിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലെ കണക്ക് പ്രകാരം 37.9 കോടി ആക്ടീവ് യൂസേഴ്സാണ് ഇന്ത്യയില്‍ ജിയോയ്ക്കുള്ളത്. ഇക്കഴിഞ്ഞ നാലാം പാദത്തില്‍ ജിയോയുടെ അറ്റാദായം 24 ശതമാനം വര്‍ധിച്ച് 4,173 കോടി രൂപയിലെത്തിയിരുന്നു. തുടര്‍ന്നും ടെലകോം വ്യവസായത്തില്‍ ജിയോയുടെ സ്ഥാനം നിലനിര്‍ത്തുക എന്നതാണ് ഈ 31കാരന് മുന്നിലുള്ള വെല്ലുവിളി.

കഴിഞ്ഞ വര്‍ഷം നടന്ന റിലയന്‍സ് വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് പുതുതലമുറ കമ്പനി തലപ്പത്തേക്ക് എത്തുന്നത് സംബന്ധിച്ച് മുകേഷ് അംബാനി സൂചന നല്‍കിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍-മാനേജിംഗ് ഡയറക്ടര്‍, ജിയോ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ മുകേഷ് അംബാനി തുടരും. അംബാനി കുടുംബത്തിന് മാത്രമായി റിയലന്‍സ് ഇന്‍ഡസ്ട്രീസില്‍ 50.6 ശതമാനം ഓഹരിയാണുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹൈഡ്രജന്‍, ബാറ്ററി, സൗരോര്‍ജ്ജം എന്നീ മേഖലകള്‍ വന്‍നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന് ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് വാര്‍ത്ത വന്നിരുന്നു.

ഇതിന് പിന്നാലെയാണ് മക്കള്‍ക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ കൂടി ഏല്‍പ്പിക്കുന്നത്. ജിയോയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹന്‍ പവാറിനെ നിയമിച്ചുവെന്നും അഞ്ച് വര്‍ഷത്തേക്കാണ് നിയമനമെന്നും കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെ.വി ചൗധരി, രമീന്ദര്‍ സിങ് ഗുജ്‌റാള്‍ എന്നിവരെ ഇതേ കാലയളവിലേക്ക് തന്നെ ഡയറക്ടര്‍മാരായും നിയമിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് ഉടന്‍ നടക്കും. ഇതിന് മുന്നോടിയായിട്ടാണ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

ജിയോ-നാലാം പാദ ഫലം

റിലയന്‍സ് ജിയോയുടെ നാലാം പാദത്തിലെ അറ്റാദായം 24 ശതമാനം വര്‍ധിച്ച് 4,173 കോടി രൂപയിലെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ജിയോയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 20.4 ശതമാനം വര്‍ധിച്ച് 20,901 കോടി രൂപയായി. 2022 മാര്‍ച്ച് പാദത്തിലെ മൊത്ത വരുമാനം 26,139 കോടി രൂപയായി. ഇത് ഏകദേശം 21 ശതമാനം കൂടുതലാണ്. 2022 മാര്‍ച്ചിലെ മൊത്തം ഉപഭോക്തൃ എണ്ണം 410.2 ദശലക്ഷമാണ്.

അതേസമയം എല്ലാ ടെലികോം കമ്പനികള്‍ക്കും ഒരു പ്രധാന മെട്രിക് ആയ എആര്‍പിയു (ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം) ഈ പാദത്തില്‍ ഒരു വരിക്കാരന് പ്രതിമാസം 167.6 രൂപയാണ്.
ഡിസംബര്‍ പാദത്തില്‍ ഒരു ഉപഭോക്താവിന്റെ ശരാശരി എആര്‍പിയു പ്രതിമാസം 151.6 രൂപയായി കണക്കാക്കിയിട്ടുണ്ട്. ഈ പാദത്തില്‍ മൊത്തം ഡാറ്റ ട്രാഫിക് 24.6ബില്യണ്‍ ജിബി ആയിരുന്നു, ഇത് 47.5 ശതമാനം വളര്‍ച്ചയിലേക്ക് നയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ജിയോ പ്ലാറ്റ്‌ഫോമുകളുടെ മൊത്ത വരുമാനം 17.1 ശതമാനം വര്‍ധിച്ച് 95,804 കോടി രൂപയായി ഉയര്‍ന്നു.

ജിയോ പ്ലാറ്റ്‌ഫോമിന്റെ 2022 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 15,487 കോടി രൂപയാണ്. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 23.6ശതമാനം കൂടുതലാണ്. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ടെലികോം സേവന വിഭാഗമായ റിലയന്‍സ് ജിയോയുടെ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം 23 ശതമാനം വര്‍ധിച്ച് 14,854 കോടി രൂപയായി. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 12,071 കോടി രൂപയായിരുന്നു.