4 April 2022 7:00 PM GMT
Summary
രാജ്യത്തെ മുന്‍നിര വായ്പാ ദാതാക്കളായ എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ഒന്നാകുമ്പോള്‍ അത് ഭവന വായ്പാ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവില്‍ താരതമ്യേന റിസ്‌ക് കുറഞ്ഞവ എന്ന നിലയില്‍ ഭവന വായ്പാ വിഭാഗത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ അടക്കമുള്ളവയുടെ വലിയ മത്സരം നിലനില്‍ക്കുന്നുണ്ട്. കോര്‍പ്പറേറ്റ് വായ്പകളെക്കാള്‍ എന്‍പിഎ നിരക്കും ഇവിടെ കുറവാണ്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ചുരുങ്ങിയ പലിശ നിരക്ക് നിലനില്‍ക്കുമ്പോഴും ബാങ്കുകള്‍ തമ്മില്‍ ഭവന വായ്പയുടെ കാര്യത്തില്‍ മത്സരം തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ എച്ച്ഡിഎഫ്‌സി കൂടി സജിവമായി […]
രാജ്യത്തെ മുന്‍നിര വായ്പാ ദാതാക്കളായ എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ഒന്നാകുമ്പോള്‍ അത് ഭവന വായ്പാ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവില്‍ താരതമ്യേന റിസ്‌ക് കുറഞ്ഞവ എന്ന നിലയില്‍ ഭവന വായ്പാ വിഭാഗത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ അടക്കമുള്ളവയുടെ വലിയ മത്സരം നിലനില്‍ക്കുന്നുണ്ട്. കോര്‍പ്പറേറ്റ് വായ്പകളെക്കാള്‍ എന്‍പിഎ നിരക്കും ഇവിടെ കുറവാണ്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ചുരുങ്ങിയ പലിശ നിരക്ക് നിലനില്‍ക്കുമ്പോഴും ബാങ്കുകള്‍ തമ്മില്‍ ഭവന വായ്പയുടെ കാര്യത്തില്‍ മത്സരം തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ എച്ച്ഡിഎഫ്‌സി കൂടി സജിവമായി പങ്കെടുക്കുന്നതോടെ മത്സര ക്ഷമത ഉയരും.
നിലവില്‍ പൊതുമേഖലാ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എച്ച്ഡിഎഫ്‌സിയുടെ ഭവന വായ്പയ്ക്ക് നൂലാമാലകള്‍ കുറവാണ്. മാത്രമല്ല ഡൗണ്‍പേയ്‌മെന്റ് അടക്കമുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചാ സാധ്യതയും ഉണ്ട്. അഫോഡബിള്‍ ഹൗസിംഗ് പോലുള്ള മേഖലയിലും അനൗപചാരിക രംഗത്തും കൂടുതല്‍ മത്സര ക്ഷമത ഉയര്‍ത്താന്‍ ലയന ബാങ്കിന് കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.
അഞ്ച് ലക്ഷം കോടി
നിലവില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് റീട്ടെയ്ല്‍, ഹോള്‍സെയില്‍ ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എച്ച്ഡിഎഫ്‌സി ലിമിറ്റഡ് ഭവന വായ്പകള്‍ നല്‍കുന്നു. 2021 ജൂണ്‍ 30 ലെ കണക്കനുസരിച്ച് അഞ്ച് ലക്ഷം കോടി രൂപയുടെ വായ്പയാണ് എച്ച്ഡിഎഫ്‌സി ലിമിറ്റഡ് നല്‍കിയിരിക്കുന്നത്. ഇതില്‍ 3.76 ലക്ഷം കോടി രൂപയും വ്യക്തഗത ഭവനവായ്പയാണ്. അതായത് മൊത്തം വായ്പയുടെ 78 ശതമാനം. നിര്‍മാണ മേഖലയില്‍ 10 ശതമാനവും കോര്‍പ്പറേറ്റ് രംഗത്ത് 6 ശതമാനവുമാണ് സംഭാവന.
മത്സരം കടുക്കും
വ്യക്തിഗത ഭവനവായ്പയില്‍ 44 ശതമാനവും നല്‍കിയിരിക്കുന്നത് ഇടത്തട്ടുകാരായ ഉപഭോക്താക്കള്‍ക്കാണ്. വരുമാനം ഏറ്റവും കുറഞ്ഞ വിഭാഗങ്ങളിലെ സംഭാവന 13 ശതമാനമാണ്. രണ്ട് അതികായര്‍ ഒന്നിക്കുമ്പോള്‍ ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് ഭവന വായ്പ മേഖലയില്‍ വലിയ മുന്നേറ്റം നടത്താന്‍ എച്ചഡിഎഫ്‌സി ഗ്രൂപ്പിന് കഴിയും. ഇപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ഭവന വായ്പ നിശ്ചിത ഫീസിന് വില്‍ക്കുകയാണ് ചെയ്യുന്നത്. പുതിയ ലയന തീരുമാനത്തോടെ നിലവിലുള്ള കസ്റ്റമര്‍ ബേസിസിലേക്ക് ശക്തമായി മുന്നേറാന്‍ കഴിയും. 6.8 കോടി ആക്കൗണ്ടുടമകള്‍ എച്ച്ഡിഎഫ്‌സി ബാങ്കിനുണ്ട്. ലയനകമ്പനിയുടെ ബാലന്‍സ് ഷീറ്റ് 25.61 ലക്ഷം കോടി രൂപയുടേതായി ഇതോടെ മാറും. എസ് ബി ഐയുടേത് 45.34 ലക്ഷം കോടി രൂപയാണ്. ഐസി ഐസി ഐ ബാങ്കിന്റേതാകട്ടെ 17.74 ലക്ഷം കോടി രൂപയും.