14 Jan 2023 5:02 PM IST
Summary
- അഡിഡാസ് ഇതുമായി ബന്ധപ്പെട്ട് 200 ലധികം കേസുകള്‍ നല്‍കിയിട്ടുണ്ട്
ന്യൂയോര്‍ക്ക്: പ്രമുഖ സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡായ അഡിഡാസിനെ പെട്ടന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നത് അവരുടെ ട്രേഡ് മാര്‍ക്കായ മൂന്ന് വരകളാണ്. അമേരിക്കയിലെ മറ്റൊരു ലക്ഷ്വറി ബ്രാന്‍ഡാണ് തോം ബ്രൗണ്‍. തോം ബ്രൗണിന്റെ ട്രേഡ്മാര്‍ക്ക് നാല് വരകളാണ്. പതിനഞ്ച് വര്‍ഷം മുമ്പ് തോം ബ്രൗണ്‍ അവരുടെ ഒരു ജാക്കറ്റില്‍ മൂന്ന് വരകളുള്ള ഒരു പാറ്റേണ്‍ ഉപയോഗിച്ചു. ഇതിനെതിരെ പ്രതിഷേധമുയര്‍ത്തിയ അഡിഡാസ് തങ്ങളുടെ ട്രേഡ് മാര്‍ക്കിന് സമാനമാണിതെന്ന് അവകാശപ്പെട്ടു. അതോടെ മൂന്നു വരകള്‍ ഉപേക്ഷിച്ച് നാല് വരകളിലേക്ക് തോം ബ്രൗണ്‍ മാറി. എന്നാല്‍, 2018 ല്‍ തോം ബ്രൗണിന്റെ ഡിമാന്‍ഡ് ഉയര്‍ന്നതോടെ കോടതിയിലെത്തിയ കേസിലാണ് ഇന്നലെ തോം ബ്രൗണിന് അനുകൂലമായി വിധി വന്നത്. അഡിഡാസ് ഇതുമായി ബന്ധപ്പെട്ട് 200 ലധികം കേസുകള്‍ നല്‍കിയിട്ടുണ്ട്.
തങ്ങള്‍ വസ്ത്രങ്ങളില്‍ വ്യത്യസ്തമായ വരകള്‍ ഉപയോഗിക്കുന്നുണ്ടെന്നും, ഉപഭോക്താക്കള്‍ക്ക് രണ്ട് ബ്രാന്‍ഡുകളും തമ്മില്‍ മാറിപ്പോകാന്‍ സാധ്യതയില്ലെന്നുമായിരുന്നു തോം ബ്രൗണിന്റെ വാദം. ഈ കേസില്‍ അഡിഡാസ് 78 ദശലക്ഷം ഡോളറിലധികം (63 കോടി രൂപ) നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ന്യൂയോര്‍ക്ക് കോടതിയുടെ വിധി തോം ബ്രൗണിന് അനുകൂലമായി. അഡിഡാസിന്റേത് പൊതുവായുള്ള മൂന്നു വരകളാണ്. എന്നാല്‍ തോം ബ്രൗണിന്റെ വസ്ത്രങ്ങളില്‍ സ്ലീവിന് ചുറ്റും തിരശ്ചീനവും, സമാന്തരവുമായ നാല് വരകളാണുള്ളത്. അഡിഡാസ് സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡാണെങ്കില്‍, തോം ബ്രൗണ്‍ ഫാഷന്‍ ബ്രാന്‍ഡാണെന്നുമുള്ള വാദങ്ങളും തോം ബ്രൗണിനെ തുണച്ചു.