7 Feb 2023 12:59 PM IST
Summary
- അഫിലിയേറ്റഡ് അക്കൗണ്ടുകളുള്ള കമ്പനികളാണെങ്കില്‍ പ്രതിമാസം 50 ഡോളര്‍ കൂടി അധികമായി നല്‍കണം.
ട്വിറ്ററിനെ എലോണ്‍ മസ്‌ക് ഏറ്റെടുത്തിന് പിന്നാലെ ചില ബിസിനസുകള്‍ക്ക് ബ്ലൂ ടിക്ക് മാര്‍ക്കിന് പകരം അവിടെ ഗോള്‍ഡ് മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ തുടങ്ങിയിരുന്നു. ബിസിനസുകള്‍ക്ക് ഒഫീഷ്യല്‍ ബാഡ്ജായി ഗോള്‍ഡന്‍ ടിക്ക് ലഭിച്ചതോടെ മികച്ച പ്രതികരണവും ഇതിനെ തേടിയെത്തി.
ആദ്യഘട്ടത്തില്‍ ഗോള്‍ഡന്‍ ബാഡ്ജിന് അധിക ചാര്‍ജ്ജുകളും ഈടാക്കിയിരുന്നില്ല. എന്നാലിപ്പോള്‍ പ്രതിമാസം 1,000 ഡോളര്‍ വീതം ഗോള്‍ഡന്‍ ടിക്കിന് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി. അഫിലിയേറ്റഡ് അക്കൗണ്ടുകളുള്ള കമ്പനികളാണെങ്കില്‍ പ്രതിമാസം 50 ഡോളര്‍ കൂടി അധികമായി നല്‍കണം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ പരമാവധി ധനസമാഹരണം നടത്താനുള്ള നീക്കത്തിലാണ് ട്വിറ്റര്‍ ഇപ്പോള്‍.
ട്വിറ്ററിനെതിരെ പരാതി നല്‍കുന്ന മുന്‍ ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ഇന്നലെ റിപ്പോര്‍ട്ട് വന്നിരുന്നു. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിസാ ബ്ലൂം എന്ന അഭിഭാഷകയുടെ അടുത്ത് മാത്രം 100 ജീവനക്കാരാണ് പരാതി സംബന്ധിച്ച വക്കാലത്ത് നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിവേചനവും കരാര്‍ വ്യവസ്ഥയില്‍ (ശമ്പളക്കാര്യത്തില്‍ ഉള്‍പ്പടെ) കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയാണ് പരാതിയില്‍ ഭൂരിഭാഗവുമെന്നാണ് സൂചന. കമ്പനിയുടെ യുകെയില്‍ നിന്നുള്ളതിന് പുറമേ ആഫ്രിക്കയില്‍ നിന്നും വരെ പിരിച്ചുവിട്ട ജീവനക്കാര്‍ പരാതിയുമായി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ട്വിറ്ററിന്റെ പരസ്യ വരുമാനത്തില്‍ 71 ശതമാനത്തിന്റെ ഇടിവെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. കമ്പനിയെ എലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന് പരസ്യം നല്‍കിയിരുന്ന മുന്‍നിര കമ്പനികള്‍ പിന്മാറിയതാണ് വരുമാനത്തെ സാരമായി ബാധിച്ചത്. ഡിസംബറിലെ വരുമാനക്കണക്ക് വിശദമാക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.