image

14 Nov 2022 7:07 AM GMT

Corporates

ഇക്കുറി 4,400 കരാര്‍ ജീവനക്കാര്‍: ട്വിറ്ററില്‍ പിരിച്ചുവിടല്‍ തുടരുന്നു

MyFin Desk

twitter employees lay off 2022
X

twitter employees lay off 2022

Summary

ഇക്കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ 3700 പേരെയാണ് പിരിച്ചു വിട്ടത്. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ട പിരിച്ചുവിടല്‍ നടന്നിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ട്വിറ്റര്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.


സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിലെ പകുതി തൊഴിലാളികളെയും പിരിച്ചുവിട്ടതിന് പിന്നാലെ 4,400 കരാര്‍ ജീവനക്കാരെയും പിരിച്ചുവിട്ടുവെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ 3700 പേരെയാണ് പിരിച്ചു വിട്ടത്. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ട പിരിച്ചുവിടല്‍ നടന്നിരിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് ഇപ്പോള്‍ കമ്പനി ഒഴിവാക്കിയതെന്നാണ് സൂചന. ഇവര്‍ക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിലായി കമ്പനിയുടെ ഇമെയിലോ, ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളോ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും, മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് പിരിച്ചു വിട്ടതെന്നും ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ട്വിറ്റര്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. കമ്പനി കഠിനമായ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അതിനാലാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതും എന്നായിരുന്നു സിഇഒ എലോണ്‍ മസ്‌കിന്റെ പ്രതികരണം.

ആദ്യം പിരിച്ചുവിടല്‍ പിന്നെ മനം മാറ്റം

പകുതിയിലധികം പേരെ പിരിച്ചു വിട്ടെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം ഇവരില്‍ ചിലരെ കമ്പനി തിരിച്ചു വിളിച്ചിരുന്നു. മികച്ച തൊഴില്‍ നൈപുണ്യമുള്ളവരെയാണ് മസ്‌ക് ഇത്തരത്തില്‍ തിരിച്ച് വിളിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. എന്നാല്‍ ഈ 'തിരിച്ചുവിളിക്കല്‍' സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സോഫ്റ്റ് വെയര്‍ കോഡിംഗില്‍ മികവുള്ള ആളുകളെയും, വ്യാജ വാര്‍ത്തകള്‍ തടയുന്ന ടീമിനേയുമാണ് മസ്‌കിപ്പോള്‍ തിരിച്ചുവിളിയ്ക്കുന്നത് എന്നാണ് സൂചന. എന്നാല്‍ എത്രത്തോളം ആളുകളെ തിരികെ ജോലിയില്‍ കയറ്റും എന്നത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.

ഗര്‍ഭിണിയായ യുവതിയെയുള്‍പ്പടെ മസ്‌ക് പിരിച്ചു വിട്ട വാര്‍ത്ത കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ ആളുകളെയാണ് മസ്‌ക് കൂടുതലായും പിരിച്ചുവിട്ടത്. കമ്പനിയിലേക്ക് പരസ്യം തരുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും, വരുമാനം കുറയുന്നതാണ് കൂട്ട പിരിച്ചുവിടലിന് കാരണമാകുന്നതെന്നും മസ്‌ക് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. കോര്‍പ്പറേറ്റ് ലോകത്തെ തന്നെ ക്രൂര നടപടി എന്ന രീതിയിലാണ് ട്വിറ്ററിലെ സംഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.

ജീവനക്കാരെ വെട്ടിക്കുറച്ചതിന് പുറമേ നിലവില്‍ ജോലിയില്‍ തുടരുന്ന ചില എഞ്ചിനീയര്‍മാരുടെ തൊഴില്‍ സമയം പ്രതിദിനം 12 മണിക്കൂറാക്കുകയും ചെയ്തു. ആഴ്ച്ചയില്‍ ഏഴ് ദിവസം ജോലി ചെയ്യണമെന്നും അദ്ദേഹത്തിന്റെ അറിയിപ്പിലുണ്ടായിരുന്നു. ലീവ് ചോദിക്കാനും പാടില്ല. എന്നാല്‍ ഇതിന് ശേഷം തന്റെ മൂന്നാഴ്ച്ച നീണ്ട നടപടിക്രമങ്ങളുടെ കാരണം വ്യക്തമാക്കുന്ന ട്വീറ്റും അദ്ദേഹം പങ്കുവെച്ചിരുന്നു. ആളുകളുടെ എണ്ണം കൂടുതലായതിനാല്‍ പ്രതിദിനം 40 ലക്ഷം യുഎസ് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായതെന്നും, പിരിഞ്ഞു പോയവര്‍ക്ക് മൂന്നു മാസത്തെ ശമ്പളം അധികമായി നല്‍കിയിട്ടുണ്ടെന്നും മസ്‌ക് ട്വീറ്റ് വഴി അറിയിച്ചു. ഇവര്‍ക്ക് വിതരണം ചെയ്തിരിക്കുന്ന തുക നിയപരമായി നല്‍കേണ്ടതിനേക്കാള്‍ 50 ശതമാനം കൂടുതലാണെന്നും ട്വീറ്റിലുണ്ട്.