4 Dec 2022 3:42 PM
Summary
റിലേഷന്‍ഷിപ് മാനേജ്മെന്റ് ടീമില്‍ 250 പേരെ പുതുതായി നിയമിക്കും
ട്രാവല്‍ ടെക് സ്ഥാപനമായ ഒയോയും ജീവനക്കാരുടെ എണ്ണം വെട്ടിക്കുന്നു. കമ്പനിയുടെ ടെക്നോളജിയിലും കോര്‍പറേറ്റ് മേഖലകളിലുമായി 600 ജീവനക്കാരെ വെട്ടിക്കുറയക്കും. ഇത് കമ്പനിയുടെ ആകെയുള്ള 3,700 പേരുടെ പത്ത് ശതമാനത്തോളം വരുമെന്നും കമ്പനി വ്യക്തമാക്കുന്നു. അതേ സമയം റിലേഷന്‍ഷിപ് മാനേജ്മെന്റ് ടീമില്‍ 250 പേരെ പുതിയതായി നിയമിക്കുമെന്നും കമ്പനി അഭിപ്രായപ്പെടുന്നു.
കമ്പനിയുടെ ഘടനയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. പ്രോഡക്റ്റ്, എഞ്ചിനീയറിംഗ്, കോര്‍പറേറ്റ് ആസ്ഥാനം, ഓയോ വെക്കേഷന്‍ ഹോംസ് ടീം എന്നിവയിലെ ജീവനക്കാരുടെ എണ്ണത്തിലാണ് കുറവു വരുത്തുന്നത്. സുഗമമായ പ്രവര്‍ത്തനത്തിന് പ്രോഡക്റ്റ്, എഞ്ചിനീയറിംഗ് ടീമുകളെ ലയിപ്പിക്കും.
ഇപ്പോള്‍ വിജയകരമായി വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്തിട്ടുള്ള 'പാര്‍ട്ട്ണര്‍ സാസ്' (Partner SaaS) പോലുള്ള പ്രോജക്റ്റുകളിലെ അംഗങ്ങളെ ഒന്നുകില്‍ വിട്ടയക്കുകയോ അല്ലെങ്കില്‍ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അടിസ്ഥാനമാക്കിയുള്ള വിലനിര്‍ണ്ണയം, ഓര്‍ഡറുകള്‍, പേയ്‌മെന്റുകള്‍ തുടങ്ങിയ പ്രധാന ഉല്‍പ്പന്ന, സാങ്കേതിക മേഖലകളില്‍ വീണ്ടും നിയമിക്കുകയോ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
കമ്പനിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ഒഴിവാക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. ഓയോ വളരുകയും ഭാവിയില്‍ ഈ ജോലികള്‍ ചെയ്യുന്ന ജീവനക്കാരുടെ ആവശ്യകത ഉയര്‍ന്നുവരുമ്പോള്‍, ആദ്യം ഇവരെ സമീപിക്കാനും അവര്‍ക്ക് അവസരം നല്‍കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഒയോയുടെ സ്ഥാപകനും, സിഇഒയുമായ റിതേഷ് അഗര്‍വാള്‍ പറഞ്ഞു.