image

7 Nov 2022 6:52 PM IST

Corporates

മെറ്റയിലും 'ഫയറിംഗ്' ഭീഷണി: ഇന്ത്യക്കാര്‍ക്കുള്‍പ്പടെ തൊഴില്‍ നഷ്ടമായേക്കും

MyFin Desk

meta firing employees and lays off
X

meta firing employees and lays off 

Summary

മെറ്റ ആളുകളെ വെട്ടിക്കുറയ്ക്കുന്നുവെന്നും വരുന്ന ബുധനാഴ്ച്ചയോടെ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കമ്പനിയില്‍ നിന്നും ഇത് സംബന്ധിച്ച് പ്രതികരണമൊന്നും വന്നിട്ടില്ല.


കോര്‍പ്പറേറ്റുകളിലെ കൂട്ടപ്പിരിച്ചുവിടലുകള്‍ ശക്തമാകുന്ന സമയത്താണ് സമൂഹ മാധ്യമ വമ്പനായ ട്വിറ്ററിലും സമാനമായ നീക്കം നടക്കുന്നത്. എന്നാലിപ്പോള്‍ ഇതിന് പിന്നാലെ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നുവെന്നാണ് സൂചന. മെറ്റ ആളുകളെ വെട്ടിക്കുറയ്ക്കുന്നുവെന്നും വരുന്ന ബുധനാഴ്ച്ചയോടെ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കമ്പനിയില്‍ നിന്നും ഇത് സംബന്ധിച്ച് പ്രതികരണമൊന്നും വന്നിട്ടില്ല. മെറ്റ ഇപ്പോള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഏതാനും ആഴ്ച്ച മുന്‍പ് വ്യക്തമാക്കിയിരുന്നു.

ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 22ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ ന്യൂയോര്‍ക്കിലെ മെറ്റാ ഓഫീസ് അടച്ചുപൂട്ടുന്നുവെന്ന സൂചനയും ഇപ്പോള്‍ വന്നിട്ടുണ്ട്. കമ്പനിയിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയും പുതിയ റിക്രൂട്ട്മെന്റുകള്‍ ദീര്‍ഘകാലത്തേക്ക് മരവിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഫേസ്ബുക്കിന് എന്നന്നേക്കുമായി പൂട്ടു വീഴുമോ എന്ന സന്ദേഹവും ഉയരുന്നത്. ന്യൂയോര്‍ക്കില്‍ ഓഫീസ് വിപുലീകരണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ നില നിന്നിരുന്നു. എന്നാല്‍ ഇതിന് വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് മെറ്റാ പ്ലാറ്റ്ഫോമിന് കീഴില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ്, മെസഞ്ചര്‍, ഫേസ്ബുക്ക് വാച്ച്, മെറ്റ പോര്‍ട്ടല്‍ എന്നിവയെ എല്ലാം കോര്‍ത്തിണക്കിയത്. മെറ്റാവേഴ്സ് എന്ന ടെക്നോളജിയിലൂടെ വെര്‍ച്ച്വല്‍ റിയാലിറ്റിയുടെ ലോകത്തേക്ക് ചുവടുവെക്കുവാനും കമ്പനി ശ്രമങ്ങള്‍ നടത്തിയിരുന്നു. മെറ്റാവേഴ്സിനായി 1000 കോടി യുഎസ് ഡോളറിലേറെയാണ് സുക്കര്‍ബര്‍ഗ് ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനാവശ്യ ചെലവുകള്‍ വര്‍ധിച്ചതും കമ്പനിയ്ക്ക് തിരിച്ചടിയായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കമ്പനിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ തുടങ്ങിയതോടെ ബജറ്റ് വെട്ടിക്കുറയ്ക്കാനുള്ള നീക്കം ശക്തമാക്കി.

മെറ്റ ഇന്ത്യ മേധാവിയുടെ രാജി

മെറ്റയുടെ ഇന്ത്യയിലെ മേധാവിയും, മലയാളിയുമായ അജിത് മോഹന്‍ ഏതാനും ദിവസം മുന്‍പാണ് രാജി വെച്ചത്. ഫെബ്രുവരിയോടെ മറ്റൊരു സാമൂഹ്യ മാധ്യമവും, മെറ്റയുടെ പ്രധാന എതിരാളിയുമായ സ്‌നാപ്പിന്റെ ഏഷ്യ പസിഫിക് മേഖലയിലെ പ്രസിഡന്റായി അജിത് മോഹന്‍ ചുമതലയേല്‍ക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ നാല് വര്‍ഷമായി അജിത് മോഹന്‍ മെറ്റയുടെ ചുമതല വഹിക്കുന്നു. മുന്‍പ് സ്റ്റാര്‍ ടിവി നെറ്റ് വര്‍ക്കില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ആയും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായും സ്ഥാനമേറ്റിരുന്ന അദ്ദേഹം പിന്നീട് അവരുടെ തന്നെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറിന്റെ പ്രസിഡന്റ് ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്. അതിനുശേഷം 2019 ലാണ് ഫേസ്ബുക്കിലേക്ക് എത്തിയത്.