23 Nov 2022 5:59 AM
google lay off
Summary
ആഗോളതലത്തില്‍ ഏകദേശം 51,000 ജീവനക്കാരാണ് എച്ച്പിയ്ക്കുള്ളത്. ഇതില്‍ ഏകദേശം 6,000 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന.
കലിഫോര്‍ണിയ: ഗൂഗിളും സിസ്‌കോയും ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നതിന് പിന്നാലെ ഐടി ഹാര്‍ഡ് വെയര്‍ നിര്‍മ്മാതാക്കളായ എച്ച്പിയും കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയേക്കുമെന്ന് സൂചന. ഗൂഗിളില്‍ നിന്നും 10,000 പേരെയും സിസ്‌കോയില്‍ നിന്നും 4,000 പേരെയും പിരിച്ചുവിടുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് 2025നകം ആകെ ജീവനക്കാരിലെ 12 ശതമാനം ആളുകളെ എച്ച്പി കമ്പനി പിരിച്ചുവിടാനൊരുങ്ങുന്നുവെന്ന് സൂചന ലഭിക്കുന്നത്.
ആഗോളതലത്തില്‍ ഏകദേശം 51,000 ജീവനക്കാരാണ് എച്ച്പിയ്ക്കുള്ളത്. ഇതില്‍ ഏകദേശം 6,000 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. ആഗോള സമ്പദ് വ്യവസ്ഥ പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്താണ് ജീവനക്കാരെ വെട്ടിക്കുറച്ച് ചെലവ് പിടിച്ചു നിര്‍ത്താന്‍ മിക്ക കോര്‍പ്പറേറ്റുകളും ശ്രമിക്കുന്നത്.
നിലവില്‍ കമ്പനിയില്‍ നടക്കുന്ന പ്രവര്‍ത്തനത്തിന്റെ നല്ലൊരു ഭാഗവും ഡിജിറ്റല്‍വത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ 'ഫ്യൂച്ചര്‍ റെഡി ട്രാന്‍സ്ഫര്‍മേഷന്‍' എന്ന പദ്ധതി എച്ച്പി അവതരിപ്പിച്ചിരുന്നു. 2025നകം ഇത് നടപ്പാക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി.
ഘട്ടം ഘട്ടമായി ഇത് നടപ്പാക്കി 2025 അവസാനത്തോടെ കമ്പനിയുടെ ചെലവില്‍ 140 കോടി ഡോളര്‍ വരെ ലാഭിക്കാമെന്നാണ് കരുതുന്നത്. 2020ല്‍ എച്ച്പി ജീവനക്കാരുടെ എണ്ണം 53,000 ആയിരുന്നു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കമ്പനിയ്ക്ക് ഒട്ടേറെ തസ്തികകള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വന്നിരുന്നു. ഈയടുത്തിടെയാണ് സമൂഹ മാധ്യമ വമ്പനായ ട്വിറ്ററും, മെറ്റയും ഉള്‍പ്പടെയുള്ള കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടത്.
ട്വിറ്ററിലെ പകുതി തൊഴിലാളികളെയും പിരിച്ചുവിട്ടതിന് പിന്നാലെ 4,400 കരാര്‍ ജീവനക്കാരെയും പിരിച്ചുവിട്ടുവെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇക്കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ 3700 പേരെയാണ് പിരിച്ചു വിട്ടത്. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ട പിരിച്ചുവിടല്‍ നടന്നിരിക്കുന്നത്.
വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് ഇപ്പോള്‍ കമ്പനി ഒഴിവാക്കിയതെന്നാണ് സൂചന. ഇവര്‍ക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിലായി കമ്പനിയുടെ ഇമെയിലോ, ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളോ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും, മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് പിരിച്ചു വിട്ടതെന്നും ജീവനക്കാര്‍ പറയുന്നു.
മെറ്റയും ഉലയുന്നു
സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെ അതികായനായ ഫേസ്ബുക്കിന് താഴു വീഴുമോ എന്ന സംശയം ടെക്ക് ലോകത്ത് ഇപ്പോള്‍ കടുക്കുകയാണ്. ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 22ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ ന്യൂയോര്‍ക്കിലെ മെറ്റാ ഓഫീസ് അടച്ചുപൂട്ടുന്നുവെന്ന സൂചനയും ഇപ്പോള്‍ വന്നിട്ടുണ്ട്.
കമ്പനിയിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയും പുതിയ റിക്രൂട്ട്മെന്റുകള്‍ ദീര്‍ഘകാലത്തേക്ക് മരവിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഫേസ്ബുക്കിന് എന്നന്നേക്കുമായി പൂട്ടു വീഴുമോ എന്ന സന്ദേഹവും ഉയരുന്നത്.
കഴിഞ്ഞ വര്‍ഷമാണ് മെറ്റാ പ്ലാറ്റ്ഫോമിന് കീഴില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ്, മെസഞ്ചര്‍, ഫേസ്ബുക്ക് വാച്ച്, മെറ്റ പോര്‍ട്ടല്‍ എന്നിവയെ എല്ലാം കോര്‍ത്തിണക്കിയത്. മെറ്റാവേഴ്സ് എന്ന ടെക്നോളജിയിലൂടെ വര്‍ച്വല്‍ റിയാലിറ്റിയുടെ ലോകത്തേക്ക് ചുവടുവെക്കുവാനും കമ്പനി ശ്രമങ്ങള്‍ നടത്തിയിരുന്നു.
മെറ്റാവേഴ്സിനായി 1000 കോടി യുഎസ് ഡോളറിലേറെയാണ് സുക്കര്‍ബര്‍ഗ് ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനാവശ്യ ചെലവുകള്‍ വര്‍ധിച്ചതും കമ്പനിയ്ക്ക് തിരിച്ചടിയായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.