15 Nov 2022 6:57 AM GMT
Summary
ആകെ 16 ലക്ഷം ജീവനക്കാരാണ് ആഗോളതലത്തില്‍ കമ്പനിയ്ക്കുള്ളത്. ഇതില്‍ ഒരു ശതമാനം ആളുകളെയാണ് ഇപ്പോള്‍ പിരിച്ചു വിടുന്നത്. വരും ദിവസങ്ങളില്‍ ആമസോണില്‍ നിന്നും തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടിയേക്കാം.
ഡെല്‍ഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി ആമസോണും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ ടെക്ക് ഭീമന്മാരായ ട്വിറ്ററും മെറ്റയും ആളുകളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയായ ആമസോണും ഇതേ നടപടികളിലേക്ക് നീങ്ങുന്നത്. വരും ദിവസങ്ങളില്‍ തന്നെ പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് സൂചന. ആകെ 16 ലക്ഷം ജീവനക്കാരാണ് ആഗോളതലത്തില്‍ കമ്പനിയ്ക്കുള്ളത്. ഇതില്‍ ഒരു ശതമാനം ആളുകളെയാണ് ഇപ്പോള്‍ പിരിച്ചു വിടുന്നത്.
വരും ദിവസങ്ങളില്‍ ആമസോണില്‍ നിന്നും തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടിയേക്കാം. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണ് സംഭവിക്കാന്‍ പോകുന്നത്. ആമസോണിന്റെ ഉപകരണ നിര്‍മാണ വിഭാഗം, ഹ്യൂമന്‍ റിസോഴ്സസ്, റീട്ടെയില്‍ വിഭാഗം എന്നിവയിലെ ആളുകളെയായിരിക്കും കൂടുതലും പിരിച്ചുവിടുക എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല ഈ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് പിരിച്ചു വിടല്‍ സംബന്ധിച്ച് മുന്‍കൂര്‍ അറിയിപ്പും നല്‍കിയിരുന്നു. ആഗോളതലത്തില്‍ ഒട്ടേറെ സെല്ലേഴ്‌സുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമാണ് ആമസോണ്‍.
ട്വിറ്ററിന് പിന്നാലെ മെറ്റയും
ട്വിറ്ററിലെ പകുതിയിലധികം ജീവനക്കാരേയും വെട്ടിക്കുറച്ചതിന് പിന്നാലെ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുകയാണ്. മെറ്റ ആളുകളെ വെട്ടിക്കുറയ്ക്കുന്നുവെന്നും വരുന്ന ബുധനാഴ്ച്ചയോടെ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കമ്പനിയില്‍ നിന്നും ഇത് സംബന്ധിച്ച് പ്രതികരണമൊന്നും വന്നിട്ടില്ല. മെറ്റ ഇപ്പോള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഏതാനും ആഴ്ച്ച മുന്‍പ് വ്യക്തമാക്കിയിരുന്നു.
ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 22ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ ന്യൂയോര്‍ക്കിലെ മെറ്റാ ഓഫീസ് അടച്ചുപൂട്ടുന്നുവെന്ന സൂചനയും ഇപ്പോള്‍ വന്നിട്ടുണ്ട്. കമ്പനിയിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയും പുതിയ റിക്രൂട്ട്മെന്റുകള്‍ ദീര്‍ഘകാലത്തേക്ക് മരവിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഫേസ്ബുക്കിന് എന്നന്നേക്കുമായി പൂട്ടു വീഴുമോ എന്ന സന്ദേഹവും ഉയരുന്നത്. ന്യൂയോര്‍ക്കില്‍ ഓഫീസ് വിപുലീകരണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ നില നിന്നിരുന്നു. എന്നാല്‍ ഇതിന് വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് മെറ്റാ പ്ലാറ്റ്ഫോമിന് കീഴില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ്, മെസഞ്ചര്‍, ഫേസ്ബുക്ക് വാച്ച്, മെറ്റ പോര്‍ട്ടല്‍ എന്നിവയെ എല്ലാം കോര്‍ത്തിണക്കിയത്. മെറ്റാവേഴ്സ് എന്ന ടെക്നോളജിയിലൂടെ വെര്‍ച്ച്വല്‍ റിയാലിറ്റിയുടെ ലോകത്തേക്ക് ചുവടുവെക്കുവാനും കമ്പനി ശ്രമങ്ങള്‍ നടത്തിയിരുന്നു. മെറ്റാവേഴ്സിനായി 1000 കോടി യുഎസ് ഡോളറിലേറെയാണ് സുക്കര്‍ബര്‍ഗ് ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.