7 Nov 2022 10:56 AM IST
indian overseas bank share quarterly results
Summary
മുൻ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 376 കോടി രൂപയായിരുന്നു. നിക്ഷേപം 2,60,045 കോടി രൂപയില്‍ നിന്ന് 2,61,728 കോടി രൂപയായി വളര്‍ന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി 43 കോടി രൂപ കുറഞ്ഞു.
ചെന്നൈ: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ 2022 സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 33.2 ശതമാനം വര്‍ധിച്ച് 501 കോടി രൂപയിലെത്തി. മുൻ വര്‍ഷം ഇതേ കാലയളവില്‍ ഇത് 376 കോടി രൂപയായിരുന്നു. 2022 സെപ്റ്റംബര്‍ 30-ന് അവസാനിച്ച അര്‍ദ്ധ വര്‍ഷത്തില്‍ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ 703 കോടിയില്‍ നിന്ന് 893 കോടി രൂപയായി ഉയര്‍ന്നു. സെപ്റ്റംബര്‍ പാദത്തിലെ മൊത്തം വരുമാനം ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയ 5,028 കോടി രൂപയില്‍ നിന്ന് 5,852.45 കോടി രൂപയായി ഉയര്‍ന്നു. മൊത്തം ബിസിനസ്സ് 4,23,589 കോടി രൂപയില്‍ നിന്ന് 4,34,441 കോടി രൂപയായി.
നിക്ഷേപം 2,60,045 കോടി രൂപയില്‍ നിന്ന് 2,61,728 കോടി രൂപയായി വളര്‍ന്നു. അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) അനുപാതം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 2.77 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ 2.56 ശതമാനമായിരുന്നുവെന്ന് ബാങ്ക് അറിയിച്ചു.
അവലോകന പാദത്തില്‍ മൊത്തം നിഷ്‌ക്രിയ ആസ്തി 43 കോടി രൂപ കുറഞ്ഞു. മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം ജൂണ്‍ പാദത്തിലെ 10.66 ശതമാനത്തില്‍ നിന്ന് അവലോകന പാദത്തില്‍ 8.53 ശതമാനമായി മെച്ചപ്പെട്ടു. പലിശ വരുമാനം കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 4,255 കോടി രൂപയില്‍ നിന്ന് 4,717.61 കോടി രൂപയായി.