6 Nov 2022 9:57 AM
Bank of Baroda Quarter ending results
Summary
3,313 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് ഓഫ് ബറോഡ സെപ്റ്റംബര്‍ പാദത്തില്‍ നേടിയത്. പലിശ വരുമാനം കൂടിയതും നിഷ്‌ക്രിയ ആസ്തിയുടെ അളവ് കുറഞ്ഞതും ബാങ്കിന് നേട്ടമായി.
ഡെല്‍ഹി: നിഷ്‌ക്രിയ ആസ്തിയിലുണ്ടായ കുറവും, പലിശ വരുമാനം വര്‍ധിച്ചതും മൂലം ബാങ്ക് ഓഫ് ബറോഡയുടെ രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ 59 ശതമാനം വര്‍ധന. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 2,088 കോടി രൂപയില്‍ നിന്നും 3,313 കോടി രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. കണ്‍സോളിഡേറ്റഡ് അടിസ്ഥാനത്തില്‍ ബാങ്കിന്റെ അറ്റാദായം 2021 സെപ്റ്റംബര്‍ പാദത്തിലെ 2,168 കോടി രൂപയില്‍ നിന്നും ഇത്തവണ 3,400 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്.
മൊത്ത വരുമാനവും മുന്‍ വര്‍ഷം സെപ്റ്റംബര്‍ പാദത്തിലെ 20,270.74 കോടി രൂപയില്‍ നിന്നും 23,080 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം 34.5 ശതമാനം വര്‍ധിച്ച് 10,714 കോടി രൂപയായി. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി അവലോകന പാദത്തില്‍, 2022 സാമ്പത്തിക വര്‍ഷത്തിലെ 8.11 ശതമാനം മൊത്ത വായ്പയില്‍ നിന്നും, 5.31 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 2.83 ശതമാനത്തില്‍ നിന്നും 1.16 ശതമാനവുമായി.
നിഷ്‌ക്രിയ ആസ്തികള്‍ക്കും, മറ്റ് ആവശ്യങ്ങള്‍ക്കുമായി നീക്കിവെച്ചിരിക്കുന്ന തുക മുന്‍ വര്‍ഷത്തിലെ 2,753.59 കോടി രൂപയില്‍ നിന്നും 1,627.46 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ അവലോകന പാദത്തില്‍ 3.33 ശതമാനം ഉയര്‍ന്നു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം മുന്‍ വര്‍ഷത്തെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ 15.55 ശതമാനത്തില്‍ നിന്നും 15.25 ശതമാനമായി.