14 Jan 2022 7:07 AM IST
Summary
ബാങ്ക് ഓഫ് അമേരിക്കയുടെ ബോര്‍ഡില്‍ അംഗമാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍, ഓഹരി ഉടമ എന്നിങ്ങനെ നിരവധി മേഖലകളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് മുകേഷ് ധീരുഭായ് അംബാനി. 1957 ഏപ്രില്‍ 19 നാണ് അംബാനി ജനിച്ചത്. ഭാര്യ നിത അംബാനി. മക്കള്‍ രണ്ട്പേര്‍. പിതാവ് ധീരുഭായ് അംബാനി. മാതാവ് കോകിലാബെന്‍ അംബാനി. ഇളയ സഹോദരന്‍ അനില്‍ അംബാനിയും മറ്റ് രണ്ട് സഹോദരിമാരുമുണ്ട്. പിതാവിന് വസ്ത്രങ്ങളുടേയും സുഗന്ധവ്യഞ്ജനങ്ങളുടേയും ബിസിനസ് ആയിരുന്നു. ഫോബ്സ് കണക്ക് പ്രകാരം 102.1 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുള്ള ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് അദ്ദേഹം. 2021 നവംബര്‍ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ 11-ാമത്തെ ധനികനാണ് മുകേഷ് അംബാനി.
മുകേഷ് ധീരുഭായ് അംബാനിയുടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മുബൈയിലായിരുന്നു. സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ പഠിച്ചു. തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിഇ ബിരുദം നേടി. പിന്നീട് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ എംബിഎയ്ക്ക് ചേര്‍ന്നു.
1981-ല്‍ പിതാവിനെ കുടുംബ ബിസിനസായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടത്തുന്നതിന് സഹായിക്കാന്‍ തുടങ്ങി. ഈ ബിസിനസ്സില്‍ റീട്ടെയില്‍, ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായങ്ങളിലെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടുന്നു. മറ്റൊരു ഉപസ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്‌ലല്‍ കമ്പനിയാണ്. റിലയന്‍സിന്റെ ജിയോ ,2016 സെപ്തംബര്‍ 5 ന് ആരംഭിച്ചു. ഇത് രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളില്‍ ആദ്യ അഞ്ചാം സ്ഥാനം നേടി.
കഴിഞ്ഞ പത്ത് വര്‍ഷമായി ഫോബ്സ് മാസികയുടെ പട്ടികയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ എന്ന പദവി സ്ഥിരമായി അംബാനിയുടെ കൈവശമാണ്. ഫോബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ പട്ടികയില്‍ ഇടംനേടിയ ഒരേയൊരു ഇന്ത്യന്‍ വ്യവസായി അദ്ദേഹമാണ്. വടക്കേ അമേരിക്കയ്ക്കും യൂറോപ്പിനും പുറത്തുള്ള ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി കൂടിയാണ് അദ്ദേഹം. ചൈനയിലെ ഹുറൂണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് അംബാനി ഇന്ത്യയിലെ മനുഷ്യസ്‌നേഹികളില്‍ അഞ്ചാം സ്ഥാനത്താണ്. ബാങ്ക് ഓഫ് അമേരിക്കയുടെ ഡയറക്ടറായി നിയമിതനായ അദ്ദേഹം അതിന്റെ ബോര്‍ഡില്‍ അംഗമാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയായി.
ഇന്ത്യയിലെ ഫുട്ബോള്‍ ലീഗായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സ്ഥാപകന്‍ കൂടിയാണ് അംബാനി .2012-ല്‍ ഫോബ്സ്, അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ധനികരായ കായിക ഉടമകളില്‍ ഒരാളായി തിരഞ്ഞെടുത്തു. ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ വസതികളിലൊന്നായ ആന്റിലിയയിലാണ് അദ്ദേഹം താമസിക്കുന്നത്.