image

21 Dec 2024 6:13 AM GMT

News

കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര തീരുമാനം, കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ചു

MyFin Desk

കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര തീരുമാനം, കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ചു
X

കൊപ്രയുടെ മിനിമം താങ്ങുവില വർധിപ്പിക്കാന്‍ തിരുമാനം. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി യോഗത്തിലാണ് തീരുമാനം. 2025ലെ സീസണില്‍ മിൽ കൊപ്രക്ക്‌ താങ്ങുവില കിന്റലിന്‌ 420 രൂപ വർദ്ധിപ്പിച്ച്‌ 11,582 രൂപയാക്കി. ഉണ്ടക്കൊപ്ര താങ്ങുവില ക്വിന്റലിന് 100 രൂപ വർദ്ധിപ്പിച്ച്‌ 12,100 രൂപയാക്കാനും അംഗീകാരം നൽകിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്‌ അറിയിച്ചു. 855 കോടി രൂപ ഇതിനായി നീക്കിവച്ചു. 2014-15ൽ മിൽ കൊപ്രയുടെ താങ്ങുവില 5,250 രൂപയും ഉണ്ടക്കൊപ്രയുടേത് 5,500 രൂപയുമായിരുന്നെന്ന്‌ മന്ത്രി പറഞ്ഞു.

അന്താരാഷ്ട്രതലത്തിൽ കൊപ്രയുടെ വില കുറയുന്ന സാഹചര്യത്തിൽ താങ്ങുവില ഉയർത്തിയത് കർഷകർക്ക് ആശ്വാസം പകരും.ഉത്പാദനച്ചെലവ് കണക്കാക്കുമ്പോൾ മിൽ കൊപ്ര ഉത്പാദിപ്പിക്കുന്നവർക്ക് വരുമാനത്തിൽ 51.84 ശതമാനത്തിന്റെയും ഉണ്ടക്കൊപ്ര ഉത്പാദകർക്ക് 63.26 ശതമാനത്തിന്റെയും വരുമാനവർധന ലഭിക്കുമെന്നും കേന്ദ്രസർക്കാരിന്റെ കണക്ക് വ്യക്തമാക്കുന്നു. രാജ്യത്ത് കഴിഞ്ഞ സീസണിൽ കൊപ്ര സംഭരണം സർവകാല റെക്കോഡായിരുന്നു. 90,000 കർഷകരിൽനിന്ന് 1,493 കോടി രൂപയുടെ 1.33 ലക്ഷം ടൺ കൊപ്ര സംഭരിച്ചു.മുൻ വർഷത്തേക്കാൾ 227 ശതമാനം വർധനയുണ്ടായെന്നാണ് കണക്ക്.

രാജ്യത്തെ കൊപ്ര ഉൽപാദനത്തിൽ മൂന്നാമതാണ് കേരളം. മൊത്തം ഉൽപാദനത്തിന്റെ 25.4% കേരളത്തിൽനിന്നാണ്. കർണാടകയും (32.7%) തമിഴ്നാടുമാണ് (25.7%) പട്ടികയിൽ മുന്നിൽ.